പെട്രോൾ, ഡീസൽ വില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു
രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും ഇടിഞ്ഞു. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 21 പെെസയും ഡീസലിന് 20 പെെസയുമാണ് കുറഞ്ഞത്. വർദ്ധിച്ച് വരുന്ന കൊവിഡ് കേസുകളെ തുടർന്ന് ലോക്ക് ഡൗണ് സാധ്യത കണക്കിലെടുത്ത് ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞത് ഇന്ധന വില കുറയാൻ കാരണമായി.
കേരളത്തിൽ 1,900 കോടി രൂപയുടെ എച്ച്‌എം പദ്ധതി ഏറ്റെടുത്ത് വെൽസ്പൺ എന്റർപ്രൈസസ്
1900 കോടി രൂപയുടെ കോഴിക്കോട് രാമനാട്ടുകര – വെങ്ങളം ബൈപാസ് വികസന പദ്ധതി ഏറ്റെടുത്ത് വെൽസ്പൺ എന്റർപ്രൈസസ്. ഇത് സംബന്ധിച്ച് ദേശീയ പാത അതോറിറ്റിയുമായി കമ്പനി ധാരണയിലായി.
കർണാടകയിലെ എച്ച്.എ.എം പദ്ധതിക്കായി കുറഞ്ഞ തുക ലേലം വിളിച്ച് ദിലീപ് ബിൽഡ്കോൺ
കർണാടകയിലെ എച്ച്.എ.എം പദ്ധതിക്കായി ഏറ്റവും കുറഞ്ഞ തുക ലേലം വിളിച്ച് ദിലീപ് ബിൽഡ്കോൺ. കർണാടകയിലെ എൻഎച്ച് -169 ലെ സന്നൂർ മുതൽ ബിക്കാർനകെറ്റ് വരെയുള്ള നാല് വരിപാതയുടെ വികസനം ഇതിൽ ഉൾപ്പെടും. 45 കി.മി പദ്ധതിക്കായി 1137 കോടി രൂപ ചെലവ് വരും.
ബാർബിക്യൂ നേഷൻ ഐപിഒ, രണ്ടാം ദിനം 1.98 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു
452 രൂപ സമാഹരിക്കുന്നതിനായി ബാർബിക്യൂ നേഷൻ നടത്തിയ ഐപിഒ രണ്ടാം ദിനം 1.98 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. വിതരണത്തിനായി നൽകിയ 49.99 ലക്ഷം ഷെയറുകൾക്ക് വേണ്ടി 98.75 ലക്ഷം ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 9.66 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.
ഐ.പി.ഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.
കർണാടക സർക്കാരുമായി 50 വർഷത്തെ പാട്ടക്കരാറിൽ ഒപ്പുവച്ച് കിർലോസ്‌കർ ഫെറസ്
ഭാരത് മൈൻസ് ആൻഡ് മിനറൽസിനായുള്ള ഇ-ലേലത്തിൽ കിർലോസ്‌കർ ഫെറസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ തിരഞ്ഞെടുത്തു. ഏറ്റവും ഉയർന്ന ലേല തുക വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് കമ്പനിയെ ഇതിനായി തിരഞ്ഞെടുത്തത്. ഇത് സംബന്ധിച്ച് കർണാടക സർക്കാരിന്റെ ഖനന, ജിയോളജി വകുപ്പുമായി 50 വർഷത്തെ പാട്ടക്കരാറിൽ ഒപ്പുവച്ചതായി കമ്പനി അറിയിച്ചു.
67 ഓളം കൽക്കരി ബ്ലോക്കുകൾ വിൽപ്പനയ്ക്ക് വച്ച് കേന്ദ്ര സർക്കാർ
വാണിജ്യ കൽക്കരി ഖനനത്തിനായുള്ള രണ്ടാം ഘട്ട ലേലത്തിന് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ. മൊത്തം 67 ഓളം കൽക്കരി ബ്ലോക്കുകളാണ് വിൽപ്പനയ്ക്ക് വച്ചിട്ടുള്ളത്. 2014ന് ശേഷം ഏറ്റവും കൂടുതൽ കൽക്കരി ബ്ലോക്കുകൾ വിതരണം ചെയ്യുന്നത് ഇപ്പോഴാണ്.
വാബ്കോയുടെ 18.10 ശതമാനം ഓഹരികൾ വിറ്റഴിച്ച് പ്രെമോട്ടർമാർ
ഓഫർ ഫോർ സെയിലിലൂടെ വാബ്കോയുടെ 18.10 ശതമാനം ഓഹരി വിറ്റഴിച്ചതായി പ്രെമോട്ടർമാർ അറിയിച്ചു. ഓഹരി ഒന്നിന് 5450 രൂപയ്ക്കാണ് വിൽപ്പന നടത്തിയത്. ഇത് ബുധനാഴ്ചത്തെ വിപണി വിലയേക്കാൾ 11 ശതമാനം കിഴിവിലാണ് വിറ്റത്. റീട്ടെയിൽ നിക്ഷേപകർക്കായുള്ള വിൽപ്പന മാർച്ച് 26ന് ആരംഭിക്കും.
സിജി സെയിൽസ് നെറ്റുവർക്ക് ലിക്യൂഡേറ്റ് ചെയ്യാൻ അനുമതി നൽകി
കമ്പനി ബോർഡ്
അനുബന്ധ സ്ഥാപനമായ സിജി സെയിൽസ് നെറ്റ്‌വർക്ക് മലേഷ്യ എസ്‌ഡിഎൻഎൻഡി ലിക്യൂഡേറ്റ് ചെയ്യാൻ അംഗീകാരം നൽകി സിജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് ലിമിറ്റഡ് ബോർഡ്. വൈദ്യുതി ഉത്പാദനം, പ്രക്ഷേപണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട ഉത്പ്പന്നങ്ങളുടെ രൂപകൽപ്പന, നിർമ്മാണം, വിപണനം എന്നിവ ചെയ്യുന്ന കമ്പനിയാണ് സിജി പവർ.
ആഗോള സാങ്കേതിക കമ്പനിയുമായി കരാർ ഒപ്പിട്ട് റാംകോ സിസ്റ്റംസ് ലിമിറ്റഡ്
ജപ്പാൻ, ചൈന, ഫിലിപ്പൈൻസ്, മലേഷ്യ എന്നിവിടങ്ങളിലെ ശമ്പള പ്രവർത്തനങ്ങളെ ഏകീകരിക്കുന്നതിനും പരിവർത്തനം ചെയ്യുന്നതിനുമായി ഒരു ആഗോള സാങ്കേതിക കമ്പനിയുമായി കരാർ ഒപ്പിട്ടതായി റാംകോ സിസ്റ്റംസ് ലിമിറ്റഡ് അറിയിച്ചു.

