ടൈറ്റൻ ക്യു 3 ഫലങ്ങൾ: അറ്റാദായം 13% ഇടിഞ്ഞ് 127 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ അറ്റാദായം 13% ഇടിഞ്ഞ് 127.6 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 19% കുറഞ്ഞു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 78% ഉയർന്ന് 931.8 കോടി രൂപയായി. ഇബിഐടിടിഎ മൂന്നാം പാദത്തിൽ പ്രതിവർഷം 4% കുറഞ്ഞ് 203.3 കോടി രൂപയായി.
ജനുവരിയിൽ 51.5 ആയി കുറഞ്ഞ് സേവന പിഎംഐ
ഇന്ത്യയുടെ സേവന മേഖലയുടെ പ്രവർത്തനം ജനുവരിയിൽ കൂടുതൽ ഇടിഞ്ഞെങ്കിലും തുടർച്ചയായ ആറാം മാസവും വിപുലീകരണ മേഖലയിൽ തുടർന്നു. ഡിസംബറിൽ 55.5 ശതമാനം ആയിരുന്ന ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ സർവീസസ് മാനേജേഴ്സ് ഇൻഡക്സ് (പിഎംഐ) ജനുവരിയിൽ 51.5 ശതമാനമായി കുറഞ്ഞു. മുൻ മാസത്തെ അപേക്ഷിച്ച് 50 ന് മുകളിലുള്ള മൂല്യം വിപുലീകരണത്തെയാണ് പ്രതിനിധീകരിക്കുന്നത്.
ഗെയയിൽ ക്യു 3 ഫലങ്ങൾ: അറ്റാദായം ഇരട്ടിയായി വർധിച്ച് 3,288 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 121% വർധിച്ച് 3,288 കോടി രൂപയായി ഗെയിൽ റിപ്പോർട്ട് ചെയ്തു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 67% ഉയർന്ന് 25,776 കോടി രൂപയായി. പ്രകൃതിവാതക വിപണനത്തിൽ നിന്നുള്ള പ്രവർത്തന ലാഭം 1,750 കോടി രൂപയായിരുന്നു. 2021 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ നഷ്ടം 74 കോടി രൂപയായിരുന്നു. എൽപിജി, ലിക്വിഡ് ഹൈഡ്രോകാർബൺ വിഭാഗം 202 ശതമാനം വർധിച്ച് 855 കോടി രൂപ പ്രവർത്തന ലാഭം രേഖപ്പെടുത്തിയിട്ടുണ്ട്.
ന്യൂജേഴ്സിയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും 1000 ജീവനക്കാരെ നിയമിക്കാനും ടിസിഎസ്
2023 അവസാനത്തോടെ ഏകദേശം ആയിരത്തിൽ അധിക ജീവനക്കാരെ നിയമിച്ചുകൊണ്ട് ന്യൂജേഴ്സിയിൽ പ്രവർത്തനം വിപുലീകരിക്കാൻ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ആഗോള തലത്തിലെ ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനാണ് ഐടി കമ്പനി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിനായുള്ള പ്രാദേശിക ഐടി ടാലന്റ് പൂൾ വർദ്ധിപ്പിക്കുന്നതിന് കമ്പനി അതിന്റെ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് വിദ്യാഭ്യാസ പരിപാടികൾ എന്നിവയുടെ വ്യാപ്തി 25% വർദ്ധിപ്പിക്കും.
ഇവി ചാർജിംഗ് സ്റ്റേഷനുകൾക്കായി അപ്പോളോ ടയേഴ്സുമായി കരാർ ഒപ്പിട്ട് ടാറ്റ പവർ
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് സ്റ്റേഷനുകൾ വിന്യസിക്കാൻ അപ്പോളോ ടയേഴ്സ് ലിമിറ്റഡുമായി സഹകരിച്ച് ടാറ്റ പവർ. കമ്പനിയുടെ ഗ്രീൻ മൊബിലിറ്റി പ്രതിബദ്ധതകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. അപ്പോളോ ടയേഴ്സിന്റെ ഇന്ത്യയിലുടനീളമുള്ള വാണിജ്യ, പാസഞ്ചർ വാഹന മേഖലകളിലാണ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ടയർ റീട്ടെയിൽ ഔട്ട്ലെറ്റുകൾ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് പുറമെ പൊതുജനങ്ങൾക്കും ഇവി ചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗിക്കാം.
ഗോദ്റെജ് പ്രോപ്പർട്ടീസ് ക്യു 3 ഫലങ്ങൾ: അറ്റാദായം 171% വർധിച്ച് 39 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഗോദ്റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡിന്റെ (ജിപിഎൽ) ഏകീകൃത അറ്റാദായം 171.4% വർധിച്ച് 39.95 കോടി രൂപയായി. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 63.5% വർഷം വർധിച്ച് 278.76 കോടി രൂപയായി. ഇബിഐടിടിഎ മൂന്നാം പാദത്തിൽ 42% ഉയർന്ന് 115 കോടി രൂപയായി. കൂടാതെ കമ്പനിയുടെ വിൽപ്പന ബുക്കിംഗ് വർഷം 3.56 ശതമാനം ഉയർന്ന് 1,541 കോടി രൂപയായിട്ടുണ്ട്.
അതേസമയം ഡിബി റിയൽറ്റിയുടെ 10% ഓഹരി സ്വന്തമാക്കാൻ ജിപിഎൽ 400 കോടി രൂപ നിക്ഷേപിക്കും. മുംബൈയിലെ ചേരി വികസന പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡിബി റിയാലിറ്റിയുമായി ചേർന്ന് കമ്പനി ഒരു ഇക്വിറ്റി പ്ലാറ്റ്ഫോം സ്ഥാപിക്കുകയും ചെയ്യും.
ഗ്രാന്യൂൾസ് ഇന്ത്യയുടെ ആന്റീഡിപ്രസന്റ് മരുന്നിന് യുഎസ്എഫ്ഡിഎ അംഗീകാരം
ബുപ്രൊപിയോൺ ഹൈഡ്രോക്ലോറൈഡ് എക്സ്റ്റൻഡെഡ് റിലീസ് ടാബ്ലെറ്റുകൾ വിപണനം ചെയ്യുന്നതിനായി ഗ്രാന്യൂൾസ് ഇന്ത്യയ്ക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) അനുമതി ലഭിച്ചു. ഡിപ്രസീവ് ഡിസോർഡർ, സീസണൽ അഫക്റ്റീവ് ഡിസോർഡർ എന്നിവ ചികിത്സിക്കാൻ ആന്റീഡിപ്രസന്റ് മരുന്നായി ഇത് ഉപയോഗിക്കുന്നു. ഐക്യുവിഐഎ ഡാറ്റ പ്രകാരം 2021 ഡിസംബറിൽ അവസാനിച്ച പന്ത്രണ്ട് മാസങ്ങളിൽ ടാബ്ലെറ്റുകളുടെ മൊത്തം വിൽപ്പന 661 മില്യൺ ഡോളറാണ്.
അദാനി പവർ ക്യു 3 ഫലങ്ങൾ: അറ്റാദായം 218 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ 218.49 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി അദാനി പവർ ലിമിറ്റഡ്. 2021 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 288.74 കോടി രൂപയും 2022 രണ്ടാം പാദത്തിൽ 230 കോടി രൂപയും കമ്പനി നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേസമയം 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മൊത്ത വരുമാനം 21.2% ഇടിഞ്ഞ് 5,593.58 കോടി രൂപയായി. മൊത്തം ചെലവുകൾ 26.22% കുറഞ്ഞ് 5,389.24 കോടി രൂപയായി. ആഭ്യന്തര കൽക്കരിയുടെ ദൗർലഭ്യവും ഇറക്കുമതി ചെയ്ത കൽക്കരിയുടെ ഉയർന്ന വിലയും അദാനി പവറിന്റെ കപ്പാസിറ്റി വിനിയോഗത്തെ ബാധിച്ചിട്ടുണ്ട്.
അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 2000 കോടി രൂപ നിക്ഷേപിക്കുമെന്ന് ബോഷ്
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 2000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് ബോഷ് ഗ്രൂപ്പ്. നൂതന ഓട്ടോമോട്ടീവ് സാങ്കേതികവിദ്യകളിലും ഡിജിറ്റൽ മൊബിലിറ്റി സ്പെയ്സിലുമായിരിക്കും നിക്ഷേപം. ഒരു ജർമ്മൻ മൾട്ടിനാഷണൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി കമ്പനിയാണ് ജോഷ്. കൂടാതെ കമ്പനിയാകട്ടെ ഇന്ത്യയിൽ എത്തിയതിന്റെ നൂറാം വാർഷികം ആഘോഷിക്കുകയാണ്. അടുത്ത 5 വർഷത്തിനുള്ളിൽ നൂതന ഓട്ടോമോട്ടീവ് സാങ്കേതികവിദ്യകളുടെ പ്രാദേശികവൽക്കരണത്തിനും ആത്മനിർഭർ ഭാരതിനെ പിന്തുണയ്ക്കുന്നതിനുമായി ബോഷ് ഇന്ത്യ 1,000 കോടി രൂപയിലധികം നിക്ഷേപിക്കും.

