വിആർഎൽ ലോജിസ്റ്റിക്സിൽ നിന്ന് 1,300 സിവികളുടെ ഓർഡർ നേടി ടാറ്റ മോട്ടോഴ്‌സ്
വിആർഎൽ ലോജിസ്റ്റിക്സിൽ നിന്ന് 1,300 വാണിജ്യ വാഹനങ്ങൾക്ക് (സിവി) ഓർഡർ ലഭിച്ചതായി അറിയിച്ച് ടാറ്റ മോട്ടോഴ്‌സ്. വിആർഎൽ ലോജിസ്റ്റിക്സിന്റെ ലോജിസ്റ്റിക് പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ മീഡിയം & ഹെവി കൊമേഴ്സ്യൽ വെഹിക്കിൾ (എംഎച്ച്സിവി), ഇന്റർമീഡിയറ്റ് & ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾ (ഐഎൽസിവി) എന്നിവയ്ക്കാണ് ഓർഡർ ലഭിച്ചത്. വാഹനങ്ങളുടെ മികച്ച ഡ്രൈവിബിലിറ്റി, ഉയർന്ന ഇന്ധനക്ഷമത എന്നിവ അടിസ്ഥാനമാക്കിയാണ് വാഹനങ്ങൾ തിരഞ്ഞെടുത്തത്.
രോഹിത് ഫെറോ-ടെക്കിനായുള്ള ടാറ്റ സ്റ്റീൽ മൈനിംഗിന്റെ റെസല്യൂഷൻ പ്ലാൻ അംഗീകരിച്ച് എൻസിഎൽടി
കടക്കെണിയിലായ രോഹിത് ഫെറോ-ടെക് ലിമിറ്റഡിനെ ഏറ്റെടുക്കുന്നതിനായി ടാറ്റ സ്റ്റീൽ മൈനിംഗ് ലിമിറ്റഡ് (ടിഎസ്എംഎൽ) സമർപ്പിച്ച റെസല്യൂഷൻ പ്ലാൻ അംഗീകരിച്ച് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) കൊൽക്കത്ത ബെഞ്ച്. ടാറ്റ സ്റ്റീലിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ടിഎസ്എംഎൽ. ഫെറോ അലോയ്‌സ് പ്രോസസ്സിംഗ് ശേഷി വർദ്ധിപ്പിക്കുന്നതിനായി ടാറ്റ സ്റ്റീൽ ഒഡീഷ ആസ്ഥാനമായുള്ള സ്റ്റോർക്ക് ഫെറോ & മിനറൽ ഇൻഡസ്ട്രീസിനെ 155 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്.
കോവാക്സിൻ നിർമ്മിക്കാൻ ഹെസ്റ്റർ ബയോസയൻസസിന് സർക്കാരിൽ നിന്ന് 60 കോടി രൂപ ഗ്രാന്റ്
കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിൽ നിന്നും ഹെസ്റ്റർ ബയോസയൻസസ് ലിമിറ്റഡിന് 60 കോടി രൂപയുടെ ഗ്രാന്റ് ലഭിച്ചു. അഹമ്മദാബാദ് ആസ്ഥാനമായുള്ള വാക്സിൻ നിർമ്മാതാക്കളാണ് ഹെസ്റ്റർ ബയോസയൻസ്. ഗുജറാത്ത് കോവിഡ് വാക്സിൻ കൺസോർഷ്യത്തിന്റെ (ജിസിവിസി) ഭാഗമാണിത്. കോവാക്സിൻ നിർമ്മാണത്തിനായി ഭാരത് ബയോടെക്കുമായി ഗുജറാത്ത് കോവിഡ് വാക്സിൻ കൺസോർഷ്യം 2021 മെയിൽ കരാറിൽ ഒപ്പിട്ടിരുന്നു.
ഐഎസ്‌ആർസിയുടെ നാല് ശതമാനം ഓഹരികൾ വിറ്റഴിക്കാൻ ബാങ്ക് ഓഫ് മഹാരാഷ്ട്ര
ഇന്ത്യൻ എസ്എംഇ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയിൽ (ഐഎസ്ആർസി) ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്കുള്ള 4% ഓഹരികളിൽ മുഴുവൻ ഓഹരികളും 4 കോടി രൂപയ്ക്ക് വിറ്റഴിക്കാൻ ബാങ്ക് ലക്ഷ്യമിടുന്നു. 40 ലക്ഷം ഇക്വിറ്റി ഷെയറുകൾക്ക് തുല്യമായ ബാങ്കിന്റെ ഓഹരി ഒന്നിന് 9.80 രൂപയ്ക്ക് 3.92 കോടി രൂപയ്ക്ക് ബാങ്ക് വിറ്റഴിക്കും. 2022 ഡിസംബർ അവസാനത്തോടെ ഇടപാട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎസിൽ ഗർഭനിരോധന മരുന്ന് പുറത്തിറക്കി ലുപിൻ
ഗർഭധാരണം തടയാൻ ഉപയോഗിക്കുന്ന മെർസി ക്യാപ്‌സ്യൂളുകൾ യുഎസ് വിപണിയിൽ അവതരിപ്പിച്ച് ലുപിൻ. സ്ലേബാക്ക് ഫാർമ എൽഎൽസിയുമായുള്ള എക്‌സ്‌ക്ലൂസീവ് ലൈസൻസ്, മാർക്കറ്റിംഗ്, വിതരണ കരാറിന് കീഴിലാണ് ഉൽപ്പന്നം അവതരിപ്പിക്കുന്നത്. ഐക്യുവിഐഎ ഡാറ്റ അനുസരിച്ച് മരുന്നിന്റെ ജനറിക് പതിപ്പ് 2022 ഫെബ്രുവരിയിൽ അവസാനിച്ച 12 മാസങ്ങളിൽ യുഎസിൽ 90 മില്യൺ ഡോളറിന്റെ (685 കോടി രൂപ) വാർഷിക വിൽപ്പനയുണ്ടായിട്ടുണ്ട്.
ഫാർമ വ്യവസായത്തിൽ നിന്നുള്ള വരുമാനം 23 സാമ്പത്തിക വർഷത്തിൽ 6 മുതൽ 8% വരെ വർദ്ധിക്കും
മുൻനിര ആഭ്യന്തര ഫാർമ കമ്പനികളുടെ വരുമാനം നടപ്പ് സാമ്പത്തിക വർഷം 6 മുതൽ 8 ശതമാനം വരെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. റേറ്റിംഗ് സ്ഥാപനമായ ഐസിആർഎയുടെ കണക്കനുസരിച്ചാണിത്. ആഭ്യന്തര വിപണിയിൽ 7 മുതൽ 9% വരെയും, വളർന്നുവരുന്ന വിപണികളിൽ 12 മുതൽ 14% വരെയും, യൂറോപ്യൻ വിപണിയിൽ 7 മുതൽ 9% വരെയും വളർച്ചയുണ്ടാകും എന്നാണ് വിലയിരുത്തുന്നത്.
സപ്ലൈ ചെയിൻ ഫിനാൻസിംഗിനെ പിന്തുണയ്ക്കുന്നതിനായി എഡിബിയുമായി ഭാഗിക ഗ്യാരന്റി ഉടമ്പടിയിൽ ഒപ്പുവച്ച് ആക്സിസ് ബാങ്ക്
150 മില്യൺ ഡോളറിന്റെ (1,139.85 കോടി രൂപ) ഭാഗിക ഗ്യാരന്റി പ്രോഗ്രാമിനായി ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കുമായി (എഡിബി) സഹകരിക്കാൻ ആക്‌സിസ് ബാങ്ക്. വിതരണ ശൃഘലയിലെ ഫിനാൻസിംഗിനെ പിന്തുണയ്ക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിലൂടെ ആക്‌സിസ് ബാങ്ക് നൽകുന്ന വായ്പകൾക്ക് എഡിബി ഗ്യാരണ്ടി നൽകും.
വിവിധ ബിസിനസുകൾക്ക് കീഴിൽ കരാറുകൾ ഉറപ്പാക്കി എൽ ആൻഡ് ടി കൺസ്ട്രക്ഷൻ
വിവിധ ബിസിനസുകൾക്ക് കീഴിൽ ഓർഡറുകൾ (1,000-2,500 കോടി രൂപ പരിധിയിൽ) നേടി ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡിന്റെ നിർമ്മാണ വിഭാഗം. ധാർവാഡിലെയും ബെലഗാവിയിലെയും 396 ഗ്രാമീണ വാസസ്ഥലങ്ങളിലേക്ക് കുടിവെള്ള വിതരണ സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് കർണാടകയിലെ ഗ്രാമീണ കുടിവെള്ള, ശുചിത്വ വിഭാഗത്തിൽ നിന്ന് ജല- മലിനജല ശുദ്ധീകരണ ബിസിനസിന് ഓർഡർ ലഭിച്ചിട്ടുണ്ട്. കൂടാതെ ഗുജറാത്തിൽ ജെട്ടി അടിസ്ഥാനമാക്കിയുള്ള മറൈൻ ഔട്ട്ഫാൾ സംവിധാനവും അനുബന്ധ ജോലികളും കമ്മീഷൻ ചെയ്യാൻ ടാറ്റ കെമിക്കൽസിൽ നിന്നും എൽ ആൻഡ് ടി ജിയോസ്ട്രക്ചറിന് ഓർഡർ ലഭിച്ചിട്ടുണ്ട്.
സിഐഎം ടൂൾസിന്റെ 55% ഓഹരികൾ ഏറ്റെടുത്ത് മദർസൺ സുമി
ബെംഗളൂരു ആസ്ഥാനമായുള്ള സിഐഎം ടൂൾസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്ത് മദർസൺ സുമി സിസ്റ്റംസ് ലിമിറ്റഡ് (എംഎസ്എസ്എൽ). എയറോസ്പേസ് വിതരണ ശൃംഖലയിലെ പ്രമുഖ വിതരണക്കാരായ സിഐഎമ്മിന്റെ 55% ഓഹരികൾ ഏറ്റെടുക്കുന്നതായി 2021 ഒക്ടോബറിൽ എംഎസ്എസ്എൽ പ്രഖ്യാപിച്ചിരുന്നു. ഈ ഏറ്റെടുക്കൽ എംഎസ്എസ്എല്ലിന്റെ ബഹിരാകാശ വ്യവസായത്തിലേക്കുള്ള ചുവടുവയ്പ്പിനെയാണ് അടയാളപ്പെടുത്തുന്നത്.

