മഹാരാഷ്ട്ര സ്റ്റേറ്റ് പവർ ജനറേഷനുമായി കരാർ ഒപ്പുവച്ച് അദാനി എന്റർപ്രൈസസ്
ഗാരെ പാൽമ സെക്ടർ II കൽക്കരി ഖനിയുടെ വികസന പ്രവർത്തനത്തിനായി അദാനി എന്റർപ്രൈസസ് ലിമിറ്റഡ് മഹാരാഷ്ട്ര സ്റ്റേറ്റ് പവർ ജനറേഷൻ കോ ലിമിറ്റഡുമായി കരാർ ഒപ്പുവച്ചു. 34 വർഷത്തേക്കാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. ഖനിയുടെ ഏറ്റവും ഉയർന്ന ശേഷി പ്രതിവർഷം 23.6 ദശലക്ഷം ടണ്ണാണ്.
ഫ്യൂച്ചർ റീട്ടെയിൽ ഏറ്റെടുക്കുന്നതിനുള്ള കരാർ കാലാവധി നീട്ടി റിലയൻസ്
24,713 കോടി രൂപയുടെ റിലയൻസ്-ഫ്യൂച്ചർ കരാർ കാലാവധി നീട്ടി റിലയൻസ് റീട്ടെയിൽ. സെപ്റ്റംബർ 30 വരെ ആറു മാസത്തേക്കാണ് റിലയൻസ് ഇൻഡസ്ട്രീസ് കരാർ കാലാവധി നീട്ടിയത്. ആമസോണുമായി നിയമയുദ്ധം തുടരുന്ന സഹചര്യത്തിലാണ് കരാർ കാലാവധി നീട്ടിയത്.
ഇന്ത്യയുടെ പ്രതിവർഷ ചരക്കു കയറ്റുമതി 58 ശതമാനം വർദ്ധിച്ച് 34 ബില്യൺ ഡോളറായി
മാർച്ചിൽ ഇന്ത്യയുടെ പ്രതിവർഷ ചരക്കു കയറ്റുമതി 58 ശതമാനം വർദ്ധിച്ച് എക്കാലത്തേയും ഉയർന്ന നിരക്ക് കെെവരിച്ച് 34 ബില്യൺ ഡോളറായി. ഇതേ കാലയളവിൽ ഇറക്കുമതി 43 ശതമാനം വർദ്ധിച്ച് 48 ബില്യൺ ഡോളറായി.
മാർച്ചിൽ ബജാജ് ഓട്ടോയുടെ പ്രതിമാസ വിൽപ്പന 25.3 ശതമാനം ഉയർന്നു
മാർച്ചിൽ മോട്ടോർ ബെെക്കുകളുടെ മൊത്തം കയറ്റുമതിയിൽ 23.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി ബജാജ് ഓട്ടോ ലിമിറ്റഡ്. 3.69 ലക്ഷം യൂണിറ്റ് ബെെക്കുകളാണ് മാർച്ചിൽ കമ്പനി വിറ്റഴിച്ചത്. ഫെബ്രുവരിയിൽ ഇത് 1.98 ലക്ഷം യൂണിറ്റായിരുന്നു.
62 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് ബ്രിട്ടാണിയ
2021-22 സാമ്പത്തിക വർഷത്തിൽ 62 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് ബ്രിട്ടാണിയ ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഏപ്രിൽ 10ന് ഇതിനായുള്ള ഓഹരി ഉടമകളുടെ യോഗ്യത നിർണ്ണയിക്കും. ഏപ്രിൽ 30ന് മുമ്പായി ഇടക്കാല ലാഭവിഹിതം നിക്ഷേപകർക്ക് നൽകും.
റോഡ് നിർമാണ പദ്ധതികൾക്കായി ഹെെവേ അതോറിറ്റിയിൽ നിന്നും അദാനി റോഡ് ട്രാൻസ്പോർട്ട് ലിമിറ്റഡിന് ഓർഡർ ലഭിച്ചു
അദാനി റോഡ് ട്രാൻസ്പോർട്ട് ലിമിറ്റഡിന് ഹെെവേ അതോറിറ്റിയിൽ നിന്നും രണ്ട് റോഡ് നിർമാണ പദ്ധതികൾക്കുള്ള ഓർഡർ ലഭിച്ചു.
പശ്ചിമ ബംഗാളിലെ പനാഗ്രഹ്- പാൽസിറ്റ് എൻഎച്ച് -19 റോഡിലെ ആറ് വരി പാതയുടെ വിപുലീകരണത്തിനും ഒഡിഷയിലെ ബദകുമാരി-കാർക്കി വരെയുളള റോഡ് വിപുലീകരണത്തിനുമാണ് കരാർ ലഭിച്ചിരിക്കുന്നത്.
ഡൽഹിയിലും ഹൈദരാബാദിലുമായി വീടുതോറുമുള്ള ബാഗേജ് ട്രാൻസ്ഫർ സേവനം ആരംഭിക്കുമെന്ന് ഇന്റർ ഗ്ലോബ് ഏവിയേഷൻ
ഡൽഹിയിലും ഹൈദരാബാദിലുമായി വീടുതോറുമുള്ള ബാഗേജ് ട്രാൻസ്ഫർ സേവനം ആരംഭിക്കുമെന്ന് ഇന്റർ ഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് അറിയിച്ചു. ഇൻഡിഗോയുടെ പുതിയ 6 ഇബാഗ്‌പോർട്ടിലൂടെ ഉപഭോക്താക്കളുടെ ബാഗേജ് ഫലപ്രദമായും സുരക്ഷിതമായും കമ്പനി ലക്ഷ്യ സ്ഥാനത്തെത്തിക്കും.
മാൻസ് പ്രിന്റ് & പബ്ലിഷേഴസ് ഏറ്റെടുത്ത് എഎൻജി ലൈഫ് സയൻസസ് ഇന്ത്യ
പ്രിന്റിംഗ്, പാക്കേജിംഗ് സ്ഥാപനമായ മൻസ പ്രിന്റ് ആൻഡ് പബ്ലിഷേഴ്‌സ് ലിമിറ്റഡ് ഏറ്റെടുത്തതായി എഎൻജി ലൈഫ് സയൻസസ് ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. കാർട്ടൂണുകൾ, കോറഗേറ്റഡ് ബോക്സുകൾ, അലുമിനിയം ഫോയിൽ തുടങ്ങിയ ഉത്പ്പന്നങ്ങളുടെ നിർമാണം അച്ചടി, പാക്കിംഗ് എന്നിവ കമ്പനി ചെയ്തു വരുന്നു.

