ആർബിഐ പോളിസി നിരക്കുകൾ മാറ്റമില്ലാതെ തുടരും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) റിപ്പോ നിരക്ക് മാറ്റമില്ലാതെ 4 ശതമാനത്തിൽ തന്നെ തുടരും. റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമില്ല. 3.35 ശതമാനമാണ് റിവേഴ്സ് റിപ്പോ നിരക്ക്. വളർച്ചയെ പിന്തുണയ്ക്കുന്നതിനും പണപ്പെരുപ്പം 2-6 ശതമാനത്തിൽ നിലനിർത്തുക എന്നതാണ് സെൻട്രൽ ബാങ്കിന്റെ ലക്ഷ്യം. നടപ്പ് സാമ്പത്തിക വർഷത്തിൽ 7.2% ജിഡിപി വളർച്ചയാണ് ആർബിഐ പ്രവചിക്കുന്നത്. ഇത് നേരത്തെ കണക്കാക്കിയ 7.8% നേക്കാൾ കുറവാണ്.
ആക്‌സിസ് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവയ്‌ക്കെതിരെ ആർബിഐയുടെ പിഴ
ആക്‌സിസ് ബാങ്കിന് 93 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ലോണുകളിലും അഡ്വാൻസുകളിലും വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് പിഴ. കെവൈസി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുക, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് പിഴ ചുമത്തൽ എന്നിവയെ തുടർന്നാണ് നടപടി. ഇതേ കാരണങ്ങൾ കൊണ്ട് തന്നെ ഐഡിബിഐ ബാങ്കിനും സെൻട്രൽ ബാങ്ക് 90 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.
നാലാം പാദത്തിൽ 37% വർധിച്ച് ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം
മാർച്ചിൽ അവസാനിച്ച പാദത്തിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ ലിമിറ്റഡിന്റെ സംയോജിത ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം 7 ശതമാനം വർധിച്ച് 5.98 ദശലക്ഷം ടൺ ആയി. സ്റ്റാൻഡ്‌ലോൺ തലത്തിൽ നിലവിലുള്ള പ്രവർത്തനങ്ങളുടെ ശേഷി വിനിയോഗം മൂന്നാം പാദത്തിൽ 94% ആയിരുന്നു, ഇത് നാലാം പാദത്തിൽ 98% ആയി വർധിച്ചിട്ടുണ്ട്. 2021-22 സാമ്പത്തിക വർഷത്തിൽ സംയുക്ത സ്റ്റീൽ ഉൽപ്പാദനത്തിൽ കമ്പനി 38% വാർഷിക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഉത്പാദനം 21.47 ദശലക്ഷം ടൺ ആയി.
27.07 ലക്ഷം കോടി രൂപയായി റെക്കോർഡിട്ട് 2022 സാമ്പത്തിക വർഷത്തിലെ നികുതി പിരിവ്
വരുമാനവും മറ്റ് പ്രത്യക്ഷ നികുതികളും പരോക്ഷ നികുതികളും കുതിച്ചുയർന്നതിനെ തുടർന്ന് 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ നികുതി പിരിവ് 27.07 ലക്ഷം കോടി രൂപയായി ഉയർന്നു. ബജറ്റിൽ വകയിരുത്തിയ 22.17 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള മൊത്തം നികുതി പിരിവ് 27.07 ലക്ഷം കോടി രൂപയാണ്. പ്രത്യക്ഷ നികുതികളിൽ 49% വളർച്ചയാണുണ്ടായത്. അതേസമയം പരോക്ഷ നികുതി പിരിവ് 2022 സാമ്പത്തിക വർഷത്തിൽ 30% ഉയർന്നു.
മൂന്ന് അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിൽ 2 ബില്യൺ ഡോളർ നിക്ഷേപിക്കാൻ അബുദാബി ഐഎച്ച്‌സി
മൂന്ന് അദാനി കമ്പനികളിൽ പ്രാഥമിക മൂലധനമായി 2 ബില്യൺ ഡോളർ ( ഏകദേശം 15,180 കോടി രൂപ) നിക്ഷേപിക്കാൻ ഒരുങ്ങി അബുദാബിയുടെ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി പിജെഎസ്‌സി (ഐഎച്ച്‌സി). അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ), അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് (എടിഎൽ), അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (എഇഎൽ) എന്നീ സ്ഥാപനങ്ങളിലായിരിക്കും നിക്ഷേപം നടത്തുക. എജിഇഎല്ലിൽ 3,850 കോടി രൂപയും എടിഎല്ലിൽ 3,850 കോടി രൂപയും എഇഎല്ലിൽ 7,700 കോടി രൂപയും ഐഎച്ച്‌സി നിക്ഷേപിക്കും. മൂലധനം ബിസിനസുകളുടെ വളർച്ചയ്ക്കായിട്ടും ബാലൻസ് ഷീറ്റ് കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും വിനിയോഗിക്കും
സ്റ്റെർലിങ്ങിന്റെയും വിൽസൺ ആർഇയുടെയും നഷ്ടം കുറയുന്നു
2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ 126.61 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി സ്റ്റെർലിംഗ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജി ലിമിറ്റഡ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 344.80 കോടി രൂപയുടെ നഷ്ടമായിരുന്നു കമ്പനി രേഖപ്പെടുത്തിയിരുന്നത്. അതേസമയം ഇതേ പാദത്തിൽ കമ്പനിയുടെ വരുമാനം 21.5 ശതമാനം ഇടിഞ്ഞ് 1,071 കോടി രൂപയായിട്ടുണ്ട്. 2021 സാമ്പത്തിക വർഷത്തിലെ 285.38 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 909.46 കോടി രൂപയുടെ അറ്റ നഷ്ടമാണ് 2022 ൽ കമ്പനി റിപ്പോർട്ട് ചെയ്തത്.
ഇൻഡ്കോ റെമഡീസിന്റെ ലാക്കോസമൈഡ് കുത്തിവയ്പ്പിന് യുഎസ്എഫ്ഡിഎ അംഗീകാരം
ലാക്കോസമൈഡ് ഇൻജക്ഷനുകൾ വിപണനം ചെയ്യുന്നതിനായി ഇൻഡ്കോ റെമഡീസ് ലിമിറ്റഡിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്നും അനുമതി ലഭിച്ചു. അപസ്മാരം തടയുന്നതിനുള്ള മരുന്നാണിത്. ഐക്യുവിഐഎ ഡാറ്റ അനുസരിച്ച് മരുന്നിന്റെ ജനറിക് പതിപ്പിന് 43.8 മില്യൺ ഡോളർ വാർഷിക വിൽപ്പനയാണ് ഉണ്ടായിരുന്നത്. ഇത് 25% വർദ്ധിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയ്ക്ക് പുറത്ത് വിപുലീകരണത്തിന് ഒരുങ്ങി വി-ഗാർഡ് ഇൻഡസ്ട്രീസ്
കൺസ്യൂമർ ഡ്യൂറബിൾസ്, കിച്ചൺ അപ്ലയൻസസ് ഡിവിഷനിലും ദക്ഷിണേന്ത്യയ്ക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിലും പന്തയെ വച്ച് വി-ഗാർഡ് ഇൻഡസ്ട്രീസ്. ഹൈദരാബാദിൽ രണ്ടും വാപിയിലും ഉത്തരാഖണ്ഡിലും ഓരോന്നുമായി അടുത്ത 12 മാസത്തിനുള്ളിൽ കമ്പനി നാല് പുതിയ ഫാക്ടറികൾ തുറക്കും. ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ഇൻ-ഹൗസ് നിർമ്മാണത്തിന്റെ പങ്ക് വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. നിർമ്മാണ, വിതരണ വിപുലീകരണത്തിനായി കമ്പനി ഏകദേശം 200 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. 180-200 കോടി രൂപ കൂടുതൽ നിക്ഷേപിക്കുകയും ചെയ്യും.
15,000 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി വോഡഫോൺ ഐഡിയയ്ക്ക് തിരികെ നൽകി സർക്കാർ
15,000 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി വോഡഫോൺ ഐഡിയയ്ക്ക് (വിഐ) തിരികെ നൽകി ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ. ലൈസൻസ് ഫീസിനും സ്‌പെക്‌ട്രം കുടിശ്ശികക്കുമുള്ള ബാങ്ക് ഗ്യാരണ്ടി ആവശ്യകതകൾ കുറച്ച കഴിഞ്ഞ വർഷത്തെ ടെലികോം പരിഷ്‌കരണ പാക്കേജിന് അനുസൃതമായിട്ടാണിത്. 2012-16 കാലയളവിലെ സ്‌പെക്‌ട്രം ലേലവുമായി ബന്ധപ്പെട്ടതാണ് 15,000 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി. ഭാരതി എയർടെല്ലിന് 7,000 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റിയും മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.
മാർച്ചിൽ 44% ഉയർന്ന് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപം
ഇക്വിറ്റി, ഇക്വിറ്റി-ലിങ്ക്ഡ് സ്‌കീമുകളിലേക്കുള്ള നിക്ഷേപങ്ങൾ മുൻ മാസത്തേക്കാൾ 44% വർധിച്ച് മാർച്ചിൽ 28,463.5 കോടി രൂപയായി. മൾട്ടി-ക്യാപ് ഫണ്ടുകൾ എല്ലാ വിഭാഗങ്ങളിലും ഏറ്റവും ഉയർന്ന നിക്ഷേപത്തിനാണ് സാക്ഷ്യം വഹിച്ചത്. അതേസമയം സ്മോൾ ക്യാപ്‌സിൽ ഏറ്റവും കുറവ് നിക്ഷേപങ്ങളാണ് ഉണ്ടായത് ചിട്ടയായ നിക്ഷേപ പദ്ധതികളിലേക്കുള്ള (എസ്‌ഐപി) പ്രതിമാസ സംഭാവനകൾ മാർച്ചിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 12,327.9 കോടി രൂപയിലാണ്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയാണ് വിവരങ്ങൾ പുറത്തുവിട്ടത്.

