ടെലികോം മേഖലയിലെ എജിആർ കുടിശ്ശികയ്ക്ക് 4 വർഷത്തെ മൊറട്ടോറിയത്തിന് അനുമതി നൽകി കേന്ദ്ര മന്ത്രിസഭ
ടെലികോം കമ്പനികളുടെ സ്പെക്ട്രം കുടിശ്ശിക അടയ്ക്കുന്നതിന് നാല് വർഷത്തെ മൊറട്ടോറിയത്തിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ടെലികോം മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം 100 ശതമാനം അനുവദിക്കാനും സർക്കാർ തീരുമാനിച്ചു. വോഡഫോൺ, ഐഡിയ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികൾക്ക് ആശ്വാസം നൽകുന്നതാണ് നടപടി..
അതേസമയം ഓട്ടോമൊബൈൽ, ഓട്ടോ കമ്പോണൻസുകളുടെ മേഖലയ്ക്കായി 25,929 കോടി രൂപയുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി എന്നും വാർത്തകളുണ്ട്. ഡ്രോൺ വ്യവസായത്തിനുള്ള ഒരു പി എൽ ഐ സ്കീമും അംഗീകരിച്ചിട്ടുണ്ട്.
കെഎൻആർ കൺസ്ട്രക്ഷൻസിന് 1,041.5 കോടി രൂപയുടെ പദ്ധതിക്കായി കത്ത് ലഭിച്ചു
കെഎൻആർ കൺസ്ട്രക്ഷൻസ് ലിമിറ്റഡിന് 1,041.5 കോടി രൂപയുടെ ഓർഡറിനുള്ള ലെറ്റർ ഓഫ് അസപ്റ്റൻസ് ലഭിച്ചു. ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലുമായി ആറ് വരികളുള്ള ചിറ്റൂർ-തച്ചൂർ ഹൈവേ വികസിപ്പിക്കുന്നതിനായാണ് പദ്ധതി. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15 വർഷത്തേക്ക് റോഡിന്റെ പ്രവർത്തനത്തിന്റെയും പരിപാലനത്തിന്റെയും ചുമതല കെഎൻആർ കൺസ്ട്രക്ഷനായിരിക്കും.
ഡാബർ ഹെയർ ഓയിൽ, ബ്രാൻഡുകളുടെ വില 2-7.5 ശതമാനം വർദ്ധിപ്പിച്ചു
പ്രമുഖ ബ്രാൻഡായ ഡാബർ ലിമിറ്റഡ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഹെയർ ഓയിലുകളുടെ വില 2.3-7.5 ശതമാനം വർദ്ധിപ്പിച്ചു. അംല, വട്ടിക, അൻമോൾ, ഗോൾഡ് കോക്കനട്ട് ഹെയർ ഓയിൽ തുടങ്ങിയ ബ്രാൻഡുകളുടെ വിലയാണ് വർദ്ധിപ്പിച്ചത്. ട്രേഡ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവാണ് ഉത്പന്നങ്ങളുടെ വില വർദ്ധിക്കാൻ കാരണമായത്.
ടെലികോം കമ്പനികളുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള സുബെക്സിന്റെ പേറ്റന്റ് അപേക്ഷയ്ക്ക് അംഗീകാരം
സുബെക്സ് ലിമിറ്റഡിന്റെ പേറ്റന്റ് അപേക്ഷയ്ക്ക് അംഗീകാരം നൽകി യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസ് (USPTO). ടെലികോം കമ്പനികളുടെ വരുമാനം പരമാവധിയാക്കാൻ സഹായിക്കുന്നതാണ് പേറ്റന്റ്. ഇതിനായി ടെലികോം ഓപ്പറേറ്റർമാർക്ക് സുബെക്സ് മാനദണ്ഡങ്ങൾ നിശ്ചയിക്കും. ഡിജിറ്റൽ തട്ടിപ്പ് പോലുള്ള അപകടസാധ്യതകൾ കണ്ടെത്താനും ഇത് സഹായിക്കും.
ബാംഗ്ലൂർ മെട്രോയുടെ എയർപോർട്ട് ലൈൻ പാക്കേജുകളുടെ ഏറ്റവും കുറഞ്ഞ ലേലക്കാരനായി എൻസിസി
ബാംഗ്ലൂർ മെട്രോയുടെ 37 കിലോമീറ്റർ എയർപോർട്ട് ലൈനിന്റെ (ബ്ലൂ ലൈൻ) മൂന്ന് പാക്കേജുകൾ നിർമ്മിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ലേലക്കാരനായി എൻസിസി ലിമിറ്റഡിനെ പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ കെമ്പേഗൗഡ ഇന്റർനാഷണൽ എയർപോർട്ടിനെ കെആർ പുരവുമായി ബന്ധിപ്പിക്കുന്ന ലൈനാണിത്. ബസ് ബേകൾ, ടാക്സി സ്റ്റാൻഡുകൾ, കാൽനട നടപ്പാതകൾ, പാലങ്ങൾ എന്നിവയുൾപ്പെടെ മൾട്ടിമോഡൽ സൗകര്യങ്ങളും 30 പുതിയ മെട്രോ സ്റ്റേഷനുകളും പദ്ധതിയിൽ ഉൾപ്പെടുന്നു.
ജനറിക് ഡ്യൂക്സിസ് ഗുളികകൾ പുറത്തിറക്കി ലുപിൻ
അമേരിക്കൻ വിപണിയിൽ ജനറിക് ഡ്യൂക്സിസ് (ഇബുപ്രോഫെൻ, ഫാമോറ്റിഡിൻ) ടാബ്‌ലെറ്റുകൾ പുറത്തിറക്കി ലുപിൻ ലിമിറ്റഡ്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് തുടങ്ങിയവയുടെ ചികിത്സക്കാണ് മരുന്ന് ഉപയോഗിക്കുന്നത്. ദഹനനാളത്തിൽ അൾസർ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുവാനും ഡ്യൂക്സിസ് സഹായിക്കുന്നു.
പുതിയ ദേശീയ, അന്തർദേശീയ വിമാന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി സ്പൈസ് ജെറ്റ്
38 പുതിയ ദേശീയ, അന്തർദേശീയ വിമാന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി സ്പൈസ് ജെറ്റ്. സെപ്റ്റംബർ 15 മുതൽ 25 വരെയാണ് സർവ്വീസുകൾ. ഡൽഹി-സൂററ്റ്, ബെംഗളൂരു-വാരാണസി, മുംബൈ-ജയ്പൂർ, മുംബൈ-ജാർസുഗുഡ, ചെന്നൈ-പുണെ, ചെന്നൈ-ജയ്പൂർ റൂട്ടുകളിലാണ് സർവീസുകൾ. ഇതോടൊപ്പം മുംബൈ, ഡൽഹി, അഹമ്മദാബാദ്, കൊച്ചി, കോഴിക്കോട്, അമൃത്സർ, മംഗളൂരു എന്നിവിടങ്ങളെ ദുബായമായി ബന്ധിപ്പിക്കുന്ന സർവീസുകളും പുനരാരംഭിക്കും.

