1,000 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഒരുങ്ങി ബിപിസിഎൽ
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ 1000 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്. ഓട്ടോ ഫ്യുവൽസിൽ നിന്നും ആളുകൾ മാറുന്ന സഹചര്യത്തിൽ പുതിയ ബിസിനസ്സ് അവസരങ്ങൾ പ്രയോജനപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. 7,000 പെട്രോൾ പമ്പുകളിൽ ഗ്യാസ്, വൈദ്യുതി, ഹൈഡ്രജൻ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ബിപിസിഎൽ സൗകര്യമൊരുക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1,000 മെഗാവാട്ടിന്റെ പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉത്പാദിപ്പിക്കുന്നതിൽ 5,000 കോടി നിക്ഷേപിക്കുവാനും കമ്പനി പദ്ധതിയിട്ടുന്നുണ്ട്.
ഇന്ത്യയിൽ ചെരിക്കോഫ് 12 കഫ് സിറപ്പ് പുറത്തിറക്കി സൺ ഫാർമ
കഫ് മാനേജ്മെന്റിൽ കുതിയ നോവൽ ഫോർമുലേഷൻ അവതരിപ്പിച്ച് സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്. ചെറിക്കോഫ് 12 ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 12 മണിക്കൂർ വരെ ചുമയിൽ നിന്നും ആശ്വാസം നൽകാൻ കഫ്സിറപ്പിന് സാധിക്കും. പോളിസ്റ്റൈറക്സ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചെറിക്കോഫ് 12 നിർമിക്കുന്നത്.
ജർമ്മൻ ബാങ്ക് നോർഡ് / എൽബിയുമായി 5 വർഷത്തെ കരാറിൽ ഏർപ്പെട്ട് ടാറ്റാ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ്
പ്രമുഖ ജർമ്മൻ വാണിജ്യ ബാങ്കായ നോർഡ് / എൽബിയുമായി 5 വർഷത്തേക്ക് ഐടി ട്രാൻസ്ഫർമേഷൻ കരാറിൽ ഒപ്പിട്ട് കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ്. ആപ്ലിക്കേഷൻ കൺസോളിഡേഷനിലൂടെയും ഓട്ടോമേഷനിലൂടെയും ആപ്ലിക്കേഷൻ എസ്റ്റേറ്റ് ലളിതമാക്കാൻ ടിസിഎസ് ബാങ്കുമായി പ്രവർത്തിക്കും. നോർഡ് / എൽബിയുടെ ലക്ഷ്യങ്ങൾക്കായി ടാറ്റാ കൺസൾട്ടൻസി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുകയും ചെയ്യും.
ഗോവ ഷിപ്പ് യാർഡിൽ നിന്നുമുള്ള വാർഷിപ്പ് ഗൺ മൗണ്ടിന്റെ ഓർഡർ സ്വന്തമാക്കി ബേൽ
ഗോവ ഷിപ്പ് യാർഡിൽ നിന്നുള്ള വാർഷിപ്പ് ഗൺ മൗണ്ടിനായുള്ള ഓർഡർ നേടി ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ബേൽ). ഇന്ത്യൻ നാവികസേനയുടെ മിക്ക യുദ്ധക്കപ്പലുകളിലെയും പ്രധാന ഉപകരണമായ അപ്ഗ്രേറ്റഡ് സൂപ്പർ റാപ്പിഡ് ഗൺ മൗണ്ടിന്റെ വിതരണവും ഓർഡറിലുണ്ട്.
ഇൻഡോർ മെട്രോ റെയിൽ പദ്ധതിക്കായുള്ള 382 കോടി രൂപയുടെ ഓർഡർ ആർവിഎൻഎൽന്
മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷനിൽ നിന്നുള്ള 381.95 കോടി രൂപയുടെ ഓർഡർ റെയിൽ വികാസ് നിഗം ലിമിറ്റഡന് (ആർവിഎൻഎൽ). ഇൻഡോർ മെട്രോ റെയിൽ പദ്ധതിയുടെ ഏഴ് എലിവേറ്റഡ് മെട്രോ റെയിൽ സ്റ്റേഷനുകളുടെ രൂപകൽപ്പനയും നിർമാണവുമാണ് പദ്ധതി. സ്റ്റേഷനുകൾക്കുള്ളിലെ വിയഡക്റ്റ് ഭാഗങ്ങൾ സ്റ്റേഷനുകളുടെ ഇരുവശത്തുമുള്ള ട്രാൻസിഷൻ സ്പാനുകൾ, എൻട്രി-എക്സിറ്റ് സ്ട്രക്ച്ചറുകൾ എന്നിവ ആർവിഎൻഎൽ നിർമിക്കും.
ഗോൾഡ് എക്സ്ചേഞ്ചിനായുള്ള ഫ്രെയിംവർക്ക് അംഗീകരിച്ച് സെബി
ഗോൾഡ് എക്സ്ചേഞ്ചിനായുള്ള ചട്ടക്കൂട് അംഗീകരിച്ച് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). സ്വർണ്ണത്തെ പ്രതിനിധാനം ചെയ്യുന്നവ ഇലക്ട്രോണിക് ഗോൾഡ് രസീറ്റ് എന്നറിയപ്പെടും. മറ്റ് സെക്യൂരിറ്റികൾക്ക് സമാനമായ ട്രേഡിംഗ്, ക്ലിയറിംഗ്, സെറ്റിൽമെന്റ് സവിശേഷതകളും ഉണ്ടായിരിക്കും. കാര്യക്ഷമവും സുതാര്യവുമായ ഡൊമസ്റ്റിക് സ്പോട്ട് പ്രൈസ് റിക്കവറി, സ്വർണ്ണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക, സ്വർണ്ണത്തിന്റെ പുനരുപയോഗം വർദ്ധിപ്പിക്കുക എന്നിവ ഉറപ്പാക്കുന്നതിന് പുതിയ ചട്ടക്കൂട് സഹായിക്കും. സംരംഭകരെ പണം സമാഹരിക്കാൻ സഹായിക്കുന്ന സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചിനും (എസ്എസ്ഇ) സെബി അംഗീകാരം നൽകിയിട്ടുണ്ട്.
അഹമ്മദാബാദിലെ ഗ്യാസ് വിതരണ ശൃംഖലയ്ക്ക് അംഗീകാരം നൽകണമെന്ന അദാനി ഗ്യാസിന്റെ അപേക്ഷ തള്ളി സുപ്രീം കോടതി
അഹമ്മദാബാദ് ജില്ലയിലെ സാനന്ദ്, ബാവ്ല, ധോൽക്ക എന്നിവിടങ്ങളിൽ പിഎൻജി – സിഎൻജി വിതരണത്തിന്റെ ലേലത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള അദാനി ഗ്യാസ് ലിമിറ്റഡിന്റെ ഹർജി സുപ്രീം കോടതി തള്ളി. അഹമ്മദാബാദിനടുത്തുള്ള പ്രദേശങ്ങളിൽ സിറ്റി ഗ്യാസ് വിതരണ ശൃംഖല സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ഗുജറാത്ത് ഗ്യാസ് ലിമിറ്റഡിന് നൽകിയ അംഗീകാരം സുപ്രീം കോടതി അംഗീകരിച്ചു.
അമേരിക്കൻ എയർലൈൻസുമായി കോഡ് ഷെയറിംഗ് കരാർ ഒപ്പിട്ട് ഇൻഡിഗോ
അമേരിക്കൻ എയർലൈൻസുമായി കോഡ് ഷെയറിംഗ് കരാർ ഒപ്പിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്റർ ഗ്ലോബ് ഏവിയേഷൻ (ഇൻഡിഗോ). ഇരു രാജ്യങ്ങൾക്കുമിടയിൽ പുതിയ വിമാന സർവീസുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎസ് എയർലൈൻ. കോഡ് ഷെയറിംഗ് വഴി ഒരു എയർലൈൻസിന്റെ സീറ്റുകൾ അതിന്റെ പങ്കാളിക്ക് വിൽക്കാനാകും. ഇതുവഴി സർവീസുകളില്ലാത്ത സ്ഥലങ്ങളിലേക്കും യാത്രക്കാർക്ക് സഞ്ചരിക്കാം.

