മാരുതി സുസുകിക്ക് 200 കോടി രൂപയുടെ പിഴ ചുമത്തി സിസിഐ
മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന് 200 കോടി രൂപയുടെ പിഴ ചുമത്തി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യൻ. ഡീലർമാർ വാഗ്ദാനം ചെയ്യുന്ന കിഴിവുകൾ നിയന്ത്രിക്കുന്നതിലൂടെ മത്സരവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് സി.സി.ഐയുടെ നടപടി. മരുതിക്ക് എതിരായ ആരോപണത്തെ തുടർന്ന് 2019ലാണ് കമ്മീഷൻ അന്വേഷണം ആരംഭിച്ചത്.
സാങ്കേതിക തകരാർ, ധനമന്ത്രിക്ക് മുന്നിൽ നേരിട്ടെത്തി വിശദീകരണം നൽകി ഇന്‍ഫോസിസ് സിഇഒ
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആരംഭിച്ച പുതിയ ഇ-പോര്‍ട്ടലിലെ തകരാറുകളെ പറ്റി വിശദീകരിക്കുന്നതിനായി ഇന്‍ഫോസിസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സലില്‍ പരേഖ് ധനമന്ത്രി നിർമല സീതാരാമനുമായി കൂടികാഴ്ച നടത്തി. പോർട്ടലിനെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ പരേഖിനോട് നേരിട്ടെത്തി വിശദീകരണം നൽകാൻ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. നിലവിലെ സാങ്കേതിക പ്രശ്നങ്ങൾ സെപ്റ്റംബർ 15 നകം പരിഹരിക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജൂണിൽ 54 ലക്ഷം വരിക്കാരെ സ്വന്തമാക്കി ജിയോ, വോഡഫോൺ ഐഡിയ 42.2 ലക്ഷം വരിക്കാരെ നഷ്ടപ്പെടുത്തി
ജൂൺ മാസത്തിൽ റിലയൻസ് ജിയോ 54.6 ലക്ഷം പുതിയ വരിക്കാരെയും എയർടെൽ 38.12 ലക്ഷം വരിക്കാരെയും സ്വന്തമാക്കി. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 43.6 കോടിയായി. എയർടെല്ലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 35.2 കോടിയായി. അതേസമയം വോഡഫോൺ ഐഡിയക്ക് 42.2 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു. കമ്പനിയുടെ മൊത്തം വരിക്കാരുടെ എണ്ണം 27.3 കോടിയായി കുറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി പേടിഎമ്മുമായി കെെകോർത്ത് എച്ച്.ഡി.എഫ്.സി ബാങ്ക്
ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി പേടിഎമ്മുമായി കെെകോർത്ത് എച്ച്.ഡി.എഫ്.സി ബാങ്ക്. വ്യാപാരികൾക്കായി കമ്പനികൾ പേയ്‌മെന്റ് ഗേറ്റ്‌വേയും പോയിന്റ് ഓഫ് സെയിൽ പരിഹാരങ്ങളും നൽകും.
റെെറ്റ് ഇഷ്യുവിലൂടെ 3000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഇന്ത്യൻ ഹോട്ടൽസ്
റെെറ്റ് ഇഷ്യുവിലൂടെ 3000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഇന്ത്യൻ ഹോട്ടൽസ്. മൂലധനച്ചെലവ്, വളർച്ചാ പദ്ധതികൾ, കടം തിരിച്ചടവ് എന്നിവയ്ക്കായി കമ്പനിയുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് പണം സമാഹരിക്കുന്നതിന്റെ ലക്ഷ്യം.
ഐഷർ മോട്ടോഴ്സിന്റെ മാനേജിംഗ് ഡയറക്ടറായി സിദ്ധാർത്ഥ ലാലിനെ വീണ്ടും നിയമിച്ചു
ഐഷർ മോട്ടോഴ്സിന്റെ മാനേജിംഗ് ഡയറക്ടറായി സിദ്ധാർത്ഥ ലാലിനെ വീണ്ടും നിയമിക്കാൻ തീരുമാനിച്ച് ഡയറക്ടർ ബോർഡ്. തപാൽ ബാലറ്റിലൂടെ ഓഹരി ഉടമകളുടെ അംഗീകാരം കമ്പനി ബോർഡ് തേടും.
ഡ്രോൺ ബിസിനസിനായി പുതിയ അനുബന്ധ സ്ഥാപനം ആരംഭിച്ച് രത്തൻ ഇന്ത്യ എന്റർപ്രൈസസ്
ഡ്രോൺ ബിസിനസിനായി പുതിയ അനുബന്ധ സ്ഥാപനം ആരംഭിച്ച് രത്തൻ ഇന്ത്യ എന്റർപ്രൈസസ്. യുഎസ് ആസ്ഥാനമായുള്ള അർബൻ ഡ്രോൺ ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമായ മാറ്റ്‌നെറ്റിൽ കമ്പനി അടുത്തിടെ നിക്ഷേപം നടത്തിയിരുന്നു.
6 ലക്ഷം കോടി രൂപയുടെ ദേശീയ ധനസമ്പാദന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം
6 ലക്ഷം കോടി രൂപയുടെ ദേശീയ ധനസമ്പാദന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. റോഡ്, റെയിൽവേ ആസ്തികൾ, എയർപോർട്ടുകൾ, പവർ ട്രാൻസ്മിഷൻ ലൈൻ, ഗ്യാസ് പൈപ്പ് ലൈൻ എന്നിവയുൾപ്പെടെ വിപുലമായ മേഖലകൾ പദ്ധതിയിൽ ഉൾപ്പെടും.

