ടിസിഎസ് ക്യു 4 ഫലങ്ങൾ: അറ്റാദായം 7% വർദ്ധിച്ച് 9,926 കോടി രൂപയായി
മാർച്ചിൽ അവസാനിച്ച പാദത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) ഏകീകൃത അറ്റാദായം 7% വർദ്ധിച്ച് 9,926 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 1.6% വർദ്ധിച്ചിട്ടുണ്ട്. ഇതേസമം കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 16% വർധിച്ച് 50,591 കോടി രൂപയായിട്ടുണ്ട്. കൂടാതെ നാലാം പാദത്തിൽ കമ്പനി 11.3 ബില്യൺ ഡോളറിന്റെ പുതിയ ഡീലുകളും നേടിയിട്ടുണ്ട്. ഇത് 2022 സാമ്പത്തിക വർഷത്തിലെ മൊത്തം ഓർഡർ ബുക്കിംഗ് 34.6 ബില്യൺ ഡോളറായി ഉയർത്തുകയും ചെയ്തു. കൂടാതെ ഓഹരി ഒന്നിന് 22 രൂപ വീതം കമ്പനി ലാഭവിഹിതവും പ്രഖ്യാപിച്ചു.
ആവശ്യം വർധിക്കുന്നതിനാൽ ഇവി ഉൽപ്പാദനം വർധിപ്പിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ്
വലിയ തോതിൽ തന്നെ ആവശ്യം വർധിക്കുന്നതിനാൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഉത്പാദനം വർദ്ധിപ്പിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്. കഴിഞ്ഞ രണ്ട് മാസമായി കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണിക്ക് ശരാശരി 5,500 മുതൽ 6,000 വരെ ബുക്കിംഗുകളാണ് ലഭിക്കുന്നത്. ആഭ്യന്തര വിപണിയിൽ മൂന്ന് ഇലക്ട്രിക് ഉൽപ്പന്നങ്ങൾ കമ്പനി വിൽക്കുന്നുണ്ട്. നെക്സോൺ, ടൈഗർ ഇവി, എക്സ്പ്രെസ്സ് ടി എന്നിവയാണവ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കൂപ്പെ-സ്റ്റൈൽ എസ്‌യുവിയും അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു.
ഗോദ്‌റെജ് ക്യാപിറ്റൽ ആരംഭിച്ച് ഗോദ്‌റെജ് ഇൻഡസ്ട്രീസ്
ഗോദ്‌റെജ് ക്യാപിറ്റൽ ലിമിറ്റഡിന്റെ (ജിസിഎൽ) ആരംഭം പ്രഖ്യാപിച്ച് ഗോദ്‌റെജ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ജിഐഎൽ). ഗോദ്‌റെജ് ഹൗസിംഗ് ഫിനാൻസ്, ഗോദ്‌റെജ് ഫിനാൻസ് ലിമിറ്റഡ് (എൻബിഎഫ്‌സി) എന്നിവയുടെ ഹോൾഡിംഗ് എന്റിറ്റിയാണ് ജിസിഎൽ. സാമ്പത്തിക സേവന വിഭാഗത്തിൽ മൂലധനമായി 1,500 കോടി രൂപ നിക്ഷേപിക്കാൻ ജിസിഎൽ പ്രതിജ്ഞാബദ്ധമാണ്. 2026-ഓടെ ബിസിനസ്സിന് മൊത്തം 5,000 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപം വേണ്ടിവരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ജിസിഎൽ ആരംഭിക്കുന്നതിലൂടെ ലോകോത്തര റീട്ടെയിൽ ഫിനാൻഷ്യൽ സർവീസ് ബിസിനസ് കെട്ടിപ്പടുക്കാനാണ് ജിഐഎൽ ലക്ഷ്യമിടുന്നത്.
നോവൽ മോളിക്യൂളിന്റെ ഫേസ്-1 ട്രയലിന് ഗ്ലെൻമാർക്ക് ഫാർമയ്ക്ക് ഡിസിജിഐ അംഗീകാരം
ജിആർസി 54276 എന്ന നോവൽ മോളിക്യൂളിന്റെ ഫേസ്-1 ക്ലിനിക്കൽ ട്രയൽ നടത്താനായി ഗ്ലെൻമാർക്ക് സ്പെഷ്യാലിറ്റിക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അംഗീകാരം ലഭിച്ചു. പ്രീ-ക്ലിനിക്കൽ പഠനങ്ങളിൽ ട്യൂമർ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവ് ഈ തന്മാത്രകൾക്കുള്ളതായി തെളിഞ്ഞിരുന്നു. 2022 ജൂണോടെ ഇന്ത്യയിൽ ഫേസ്-1 ക്ലിനിക്കൽ ട്രയൽ ആരംഭിക്കും. ജിആർസി 54276 ന്റെ സുരക്ഷയും സഹിഷ്ണുതയും മോണോതെറാപ്പിയായി പഠനം വിലയിരുത്തും.
ഡെറിവേറ്റീവ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിന് ചിറ്റഗോംഗ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി സഹകരിക്കാൻ എംസിഎക്‌സ്
ബംഗ്ലാദേശിലെ ചിറ്റഗോംഗ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി (സിഎസ്‌ഇ) സഹകരിച്ച് പ്രവർത്തിക്കാൻ മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (എംസിഎക്‌സ്) ഒരുങ്ങുന്നു. ഉൽപ്പന്നങ്ങൾ, ക്ലിയറിംഗ് & സെറ്റിൽമെന്റ് സേവനങ്ങൾ, വെയർഹൗസിംഗ് തുടങ്ങിയ മേഖലകളിൽ സിഎസ്‌യ്ക്ക് എംസിഎക്‌സ് കൺസൾട്ടേഷൻ സേവനങ്ങൾ നൽകും. ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോംഗിൽ ആസ്ഥാനമായുള്ള രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൊന്നാണ് സിഎസ്‌ഇ.
ടാറ്റ സ്റ്റീൽ മൈനിംഗിൽ 625 കോടി രൂപ നിക്ഷേപിച്ച് ടാറ്റ സ്റ്റീൽ
ടാറ്റ സ്റ്റീൽ മൈനിംഗ് ലിമിറ്റഡിന്റെ (ടിഎസ്എംഎൽ) 32.63 കോടി ഇക്വിറ്റി ഓഹരികൾ, ഓഹരി ഒന്നിന് 9.15 രൂപ പ്രീമിയം നൽകി ഏറ്റെടുത്ത് ടാറ്റ സ്റ്റീൽ ലിമിറ്റഡ്. 625 കോടി രൂപയ്ക്കാണ് ഓഹരികൾ ഏറ്റെടുക്കുന്നത്. രോഹിത് ഫെറോ ടെക്കിനെ ടിഎസ്‌എംഎൽ ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ഓഹരി ഏറ്റെടുക്കൽ.
ഐഎസ്ആർഒ പദ്ധതിയുടെ ഏറ്റവും കുറഞ്ഞ ലേലക്കാരനായി എച്ച്എഎൽ-എൽ ആൻഡ് ടി കൺസോർഷ്യം
ഐഎസ്ആർഒയ്ക്ക് വേണ്ടി അഞ്ച് പോളാർ സ്പേസ് ലോഞ്ച് വെഹിക്കിളുകൾ (പിഎസ്എൽവി) നിർമ്മിക്കുന്നതിനുള്ള ലേലത്തിൽ ഏറ്റവും കുറഞ്ഞ (എൽ-1) ലേലക്കാരനായി ഉയർന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെയും (എച്ച്എഎൽ) ലാർസൻ ആൻഡ് ടൂബ്രോയുടെയും (എൽ ആൻഡ് ടി) കൺസോർഷ്യം. ലോഞ്ച് വെഹിക്കിളുകളുടെ നിർമ്മാണത്തിൽ കൺസോർഷ്യവുമായി മറ്റ് വെണ്ടർമാർ പങ്കാളികളാകുമ്പോൾ എൽ ആൻഡ് ടിയുടെ പ്രധാന പങ്കാളിയായിരിക്കും എച്ച്എഎൽ. കരാർ ഇനിയും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
വിപിബാങ്കിൽ നിന്ന് ഡിജിറ്റൽ ബാങ്കിംഗ് കരാർ ഉറപ്പിച്ച് ഇന്റലക്‌ട് ഡിസൈൻ
വിയറ്റ്‌നാം ആസ്ഥാനമായുള്ള വിപി ബാങ്കുമായി ബാങ്കിംഗ് ഓഫറുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനും ഇടപാടുകൾ കാര്യക്ഷമമാക്കുന്നതിനുമായി പരിവർത്തന കരാറിൽ ഒപ്പിട്ട് ഇന്റലക്‌ട് ഗ്ലോബൽ ട്രാൻസാക്ഷൻ ബാങ്കിംഗ്. ഈ ഇടപാട് വിയറ്റ്നാമിലെ പത്താമത്തെ പ്രധാന ഡിജിറ്റൽ ബാങ്കിംഗ് പരിവർത്തന ഇടപാടിനെയാണ് സൂചിപ്പിക്കുന്നത്. ഇന്റലക്റ്റ് ഡിസൈൻ അരീന ലിമിറ്റഡിന്റെ ബാങ്കിംഗ് ഇടപാടുകളുടെ സ്പെഷ്യലിസ്റ്റാണ് ഇന്റലക്‌ട് ഗ്ലോബൽ ട്രാൻസാക്ഷൻ ബാങ്കിംഗ്.

