വിവരങ്ങൾ മറച്ചുവച്ചതിന് ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ആമസോണിന്റെ കരാർ താൽക്കാലികമായി റദ്ദാക്കി സിസിഐ
റെഗുലേറ്ററി അനുമതി തേടുമ്പോൾ വിവരങ്ങൾ മറച്ചുവെച്ചുവെന്ന ആരോപണങ്ങളെ തുടർന്ന് ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ആമസോണിന്റെ 2019 ഇടപാട് താൽക്കാലികമായി റദ്ദാക്കി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ). ആമസോണിന് 200 കോടി രൂപ പിഴയും സിസിഐ ചുമത്തിയിട്ടുണ്ട്. സിസിഐയുടെ നടപടി ആമസോണിന്റെ ഇപ്പോൾ വേർപിരിഞ്ഞ പങ്കാളിയായ ഫ്യൂച്ചറുമായുള്ള നിയമ പോരാട്ടങ്ങളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.
3.4 ബില്യൺ ഡോളറിന് റീട്ടെയിൽ ആസ്തികൾ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് വിൽക്കാനുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ ശ്രമത്തെ തടയാൻ 2019 ലെ 200 മില്യൺ ഡോളർ നിക്ഷേപത്തിന്റെ നിബന്ധനകൾ മാസങ്ങളായി ആമസോൺ ഉപയോഗിച്ചിരുന്നു.
ആന്ധ്രാപ്രദേശിലെ ഹൈഡ്രോയുടെ അലുമിനിയം എക്‌സ്‌ട്രൂഷൻ യൂണിറ്റ് ഏറ്റെടുത്ത് ഹിൻഡാൽകോ
നോർവേ ആസ്ഥാനമായുള്ള ഹൈഡ്രോയുടെ ഇന്ത്യയിലെ അലുമിനിയം എക്‌സ്‌ട്രൂഷൻസ് ബിസിനസ്സ് 247 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ച് ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ്. ആന്ധ്രാപ്രദേശിലെ കുപ്പത്തുള്ള ഹൈഡ്രോയുടെ യൂണിറ്റിന് 15,000 ടൺ അലൂമിനിയം എക്‌സ്‌ട്രൂഷൻ ശേഷിയുണ്ട്. കൂടാതെ ഉപരിതല ഫിനിഷിംഗിനും ഫാബ്രിക്കേഷനുമുള്ള ശേഷിയുമുണ്ട്. ഇത് കസ്റ്റം ചെയ്തുള്ള അലുമിനിയം എക്‌സ്‌ട്രൂഷൻ ഉൽപ്പന്നങ്ങളും ഓട്ടോ, കെട്ടിട നിർമ്മാണം, വ്യാവസായിക ആപ്ലിക്കേഷനുകൾ എന്നിവയ്ക്കുള്ള പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്നു.
മഹാരാഷ്ട്ര സർക്കാരുമായി സഹകരിച്ച് വാഹനങ്ങൾക്കുള്ള സ്‌ക്രാപ്പേജ് സൗകര്യം ഏർപ്പെടുത്താൻ ടാറ്റ മോട്ടോഴ്‌സ്
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കായി സ്‌ക്രാപ്പിംഗ് സൗകര്യം (ആർവിഎസ്എഫ്) സ്ഥാപിക്കുന്നതിനായി മഹാരാഷ്ട്ര സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ച് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്. സ്ക്രാപ്പേജ് സെന്ററിന് പ്രതിവർഷം 35,000 വാഹനങ്ങൾ വരെ പുനരുപയോഗം ചെയ്യാനുള്ള ശേഷിയുണ്ട്. ഇതിനു മുൻപ് അഹമ്മദാബാദിൽ സ്‌ക്രാപ്പിംഗ് സൗകര്യം സ്ഥാപിക്കുന്നതിനായി കമ്പനി ഗുജറാത്ത് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു.
ഹോംഫസ്റ്റുമായി സഹവായ്പാ പങ്കാളിത്തം ആരംഭിച്ച് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ഹോം ഫസ്റ്റ് ഫിനാൻസ് കമ്പനി ഇന്ത്യ ലിമിറ്റഡും ഉപഭോക്താക്കൾക്ക് മത്സര പലിശ നിരക്കിൽ ഭവനവായ്പ നൽകുന്നതിനായി സഹവായ്പാ പങ്കാളിത്തം ആരംഭിച്ചു. മുൻഗണനാ മേഖലയിലെ റീട്ടെയിൽ ഹോം ലോൺ ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സേവനം നൽകാനാണ് ഇരുകമ്പനികളും ലക്ഷ്യമിടുന്നത്. ആർബിഐയുടെ കോ-ലെൻഡിംഗ് മോഡലിന്റെ വ്യവസ്ഥകൾക്ക് അനുസൃതമായി ബാങ്കിന്റെ ക്രെഡിറ്റ് പോളിസി അനുസരിച്ച് വായ്പകൾ അനുവദിക്കും.
1,041 കോടി രൂപയുടെ പുതിയ ഓർഡറുകൾ സ്വന്തമാക്കി കെഇസി ഇന്റർനാഷണൽ
വിവിധ ബിസിനസ്സുകളിലായി 1,041 കോടി രൂപയുടെ ഓർഡറുകൾ നേടി കെഇസി ഇന്റർനാഷണൽ ലിമിറ്റഡ്. കമ്പനിയുടെ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ (ടി ആൻഡ് ഡി) വിഭാഗത്തിന് ഇന്ത്യ, മിഡിൽ ഈസ്റ്റ്, അമേരിക്ക എന്നിവിടങ്ങളിലെ ടി ആൻഡ് ഡി പ്രോജക്ടുകൾക്കായി ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. അതേസമയം പടിഞ്ഞാറൻ ഇന്ത്യയിൽ ഡാറ്റാ സെന്റർ നിർമ്മിക്കുന്നതിനുള്ള ഓർഡർ സിവിൽ ബിസിനസിന് ലഭിച്ചു. കമ്പനിയുടെ കേബിൾ ബിസിനസിന് ഇന്ത്യയിലും വിദേശത്തും വിവിധ തരം കേബിളുകൾക്കായി ഓർഡറുകൾ ലഭിച്ചിട്ടുണ്ട്.
മാറ്റിവച്ച സ്പെക്ട്രം ബാധ്യതകൾക്കായി 15,519 കോടി രൂപ മുൻകൂർ അടച്ച് ഭാരതി എയർടെൽ
2014 ലെ സ്‌പെക്‌ട്രം ലേലത്തിൽ നേടിയ സ്‌പെക്‌ട്രം സംബന്ധിച്ച് മാറ്റിവെച്ച ബാധ്യതകൾക്കായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് 15,519 കോടി രൂപ മുൻകൂറായി അടച്ച് ഭാരതി എയർടെൽ ലിമിറ്റഡ്. 2014 ലെ ലേലത്തിൽ 19,051 കോടി രൂപയ്ക്ക് 128.4MHz സ്പെക്‌ട്രം കമ്പനി ഏറ്റെടുത്തിരുന്നു.
നവംബറിൽ 17% വളർച്ച കൈവരിച്ച് ആഭ്യന്തര വിമാന ഗതാഗതം
2021 നവംബറിൽ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ പ്രതിമാസം 17 ശതമാനം വളർച്ച. നവംബറിൽ ഏകദേശം 10.52 ദശലക്ഷം യാത്രക്കാർ ഉണ്ടായിട്ടുണ്ട്. ഒക്ടോബറിൽ ഇത് 8.99 ദശലക്ഷവും സെപ്റ്റംബറിൽ 7.07 ദശലക്ഷവുമായിരുന്നു. ഇൻഡിഗോ നവംബറിൽ 5.71 ദശലക്ഷം യാത്രക്കാരെ നേടി. ഇതോടെ കമ്പനിയുടെ വിപണി വിഹിതം 54.3 ശതമാനം ആയി. സ്പൈസ് ജെറ്റ് 1.08 ദശലക്ഷം യാത്രക്കാരെ നേടിയിട്ടുണ്ട്. 10.3% വിപണി വിഹിതം രേഖപ്പെടുത്തുകയും ചെയ്തു.
ആർസിഎഫിന് പുതിയ എൻപികെ പ്ലാന്റ് സ്ഥാപിക്കുന്നതിന് സർക്കാർ അനുമതി
രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിന് (ആർസിഎഫ്) നൈട്രജൻ-ഫോസ്ഫറസ്-പൊട്ടാസ്യം (എൻപികെ) പ്ലാന്റ് സ്ഥാപിക്കുന്നതിന് രാസവള വകുപ്പിന്റെ (ഡിഒഎഫ്) അനുമതി ലഭിച്ചു. പ്രതിദിനം 1,200 ദശലക്ഷം ടൺ ശേഷിയാണ് പ്ലാന്റിന് ഉണ്ടാകുക. 914.58 കോടി രൂപ ചെലവിലാണ് പ്ലാന്റ് സ്ഥാപിക്കുക. 36 മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കും.
എൻസിഡി വഴി 100 കോടി രൂപ വരെ സമാഹരിക്കാൻ റെയ്മണ്ട്
പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ 100 കോടി രൂപ വരെയുള്ള തുകയ്ക്ക് നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) നൽകാൻ റെയ്മണ്ട് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. പ്രതിവർഷം 7.6% കൂപ്പൺ നിരക്കുളള എൻസിഡികളുടെ കാലാവധി അലോട്ട്‌മെന്റ് തീയതിയിൽ നിന്ന് 1,095 ദിവസമാണ്. എൻസിഡികൾ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) ലിസ്റ്റ് ചെയ്യും.
ഗുജറാത്തിൽ ബയോ എത്തനോൾ പ്ലാന്റ് സ്ഥാപിക്കാൻ ഗെയിലും ഗുജറാത്ത് ആൽക്കലീസും
ഗുജറാത്തിൽ ബയോ എത്തനോൾ പ്ലാന്റ് സ്ഥാപിക്കുന്നതിനും ബിസിനസ്സ് അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമായി ഗുജറാത്ത് ആൽക്കലീസ് & കെമിക്കൽസ് ലിമിറ്റഡുമായി കരാറിൽ ഏർപ്പെട്ട് ഗെയിൽ (ഇന്ത്യ) ലിമിറ്റഡ്. ദിവസം 500 കിലോ ശേഷിയുളളതായിരിക്കും പ്ലാന്റ് . അതേ സമയം 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ഡിവിഡന്റ് പേ-ഔട്ട് പരിഗണിക്കുന്നതിനായി ഗെയിലിന്റെ ഡയറക്ടർ ബോർഡ് 2021 ഡിസംബർ 23-ന് യോഗം ചേരും.

