ടാറ്റ സ്റ്റീൽ ക്യു 3 ഫലങ്ങൾ: അറ്റാദായം 139% ഉയർന്ന് 9,598 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ടാറ്റ സ്റ്റീൽ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 139% വർധിച്ച് 9,598 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഇതേ കാലയളവിൽ 45 ശതമാനം ഉയർന്ന് 60,783 കോടി രൂപയായി. ഇബിഐടിഡിഎ മൂന്നാം പാദത്തിൽ 64 ശതമാനം ഉയർന്ന് 15,853 കോടി രൂപയായി. ടാറ്റ സ്റ്റീലിന്റെ ഇന്ത്യയിലെ ക്രൂഡ് സ്റ്റീൽ ഉത്പാദനം 4% ഉയർന്ന് 4.81 ദശലക്ഷം ടണ്ണായിട്ടുണ്ട്.
ടു പ്ലാറ്റ്ഫോംസിന്റെ 25% ഓഹരി 15 മില്യൺ ഡോളറിന് സ്വന്തമാക്കി ജിയോ
സിലിക്കൺ വാലി ആസ്ഥാനമായുള്ള ഡീപ്-ടെക് സ്റ്റാർട്ടപ്പ് ടു പ്ലാറ്റ്‌ഫോമിൽ 15 മില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ജിയോ. കമ്പനിയുടെ 25% ഓഹരി സ്വന്തമാക്കുന്നതിനായാണിത്. ഇന്ററാക്ടീവ്, ഇമ്മേഴ്‌ഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അനുഭവങ്ങൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആർട്ടിഫിഷ്യൽ റിയാലിറ്റ് കമ്പനിയാണി ടു പ്ലാറ്റ്ഫോംസ്. പുതിയ സാങ്കേതിക വിദ്യകൾ അതിവേഗം സ്വീകരിക്കുന്നതിനും ആർട്ടിഫിഷ്യൻ ഇന്റലിജൻസ്, മെറ്റാവേഴ്സ്, മിക്സഡ് റിയാലിറ്റികൾ തുടങ്ങിയ സാങ്കേതികവിദ്യകൾ നിർമ്മിക്കുന്നതിനും സ്റ്റാർട്ടപ്പ് ജിയോയുമായി ചേർന്ന് പ്രവർത്തിക്കും.
ഇൻഡിഗോ ക്യു 3 ഫലങ്ങൾ: അറ്റാദായം 130 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ 129.8 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്ത് ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് (ഇൻഡിഗോ). കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 620.1 കോടി രൂപയുടെ അറ്റനഷ്ടവും നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 1,435 കോടി രൂപയും നഷ്ടം രേഖപ്പെടുത്തി. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വർഷം തോറും 89.3% ഉയർന്ന് 9,294.8 കോടി രൂപയായി. കൂടാതെ ഇൻഡിഗോയുടെ പാസഞ്ചർ ടിക്കറ്റ് വരുമാനം 98.4% വർധിച്ച് 8,073.1 കോടി രൂപയായിട്ടുണ്ട്.
എഎംപി എനർജി ഗ്രീൻ ഇലവനിലെ 32.5 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ സിപ്ല
മഹാരാഷ്ട്രയിൽ ക്യാപ്റ്റീവ് സോളാർ പവർ പ്രോജക്ട് സ്ഥാപിക്കുന്നതിനായി എഎംപി എനർജി ഗ്രീൻ ഇലവന്റെ 32.49% ഓഹരികൾ ഏറ്റെടുക്കാൻ സിപ്ല ലിമിറ്റഡ് കരാർ ഒപ്പിട്ടു. കമ്പനിയുടെ പ്രവർത്തനത്തിൽ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ പങ്ക് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ.
ബാങ്ക് ഓഫ് ഇന്ത്യ ക്യു 3 ഫലങ്ങൾ: അറ്റാദായം 90% വർധിച്ച് 1,027 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 90% വർധിച്ച് 1,027 കോടി രൂപയായി. ഇതേ കാലയളവിൽ അതിന്റെ അറ്റ പലിശ വരുമാനം 9% ഇടിഞ്ഞ് 3,408 കോടി രൂപയായി. 2021 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഇത് 13.25% ആയിരുന്ന മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 10.46% ആയിട്ടുണ്ട്. കൂടാതെ ബാങ്കിന്റെ പ്രൊവിഷനുകൾ 81.5% കുറഞ്ഞ് 334.93 കോടി രൂപയായി.
വെല്ലൂരിൽ മൾട്ടിപ്ലക്‌സ് സിനിമാ തിയേറ്ററിന്റെ പ്രവർത്തനം ആരംഭിച്ച് ഐനോക്‌സ് ലെഷർ
വെല്ലൂരിലെ (തമിഴ്‌നാട്) കാട്പാടിയിൽ മാനേജ്‌മെന്റ് കരാർ അടിസ്ഥാനത്തിൽ എടുത്ത മൾട്ടിപ്ലക്‌സ് സിനിമാ തിയേറ്ററിന്റെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഐനോക്‌സ് ലെഷർ ലിമിറ്റഡ്. തിയേറ്ററിൽ മൂന്ന് സ്ക്രീനുകളും 483 സീറ്റുകളുമുണ്ട്. 159 മൾട്ടിപ്ലക്‌സുകളും 670 സ്‌ക്രീനുകളുമായി 71 നഗരങ്ങളിൽ ഐനോക്‌സ് ലെഷർ ഇപ്പോൾ ലഭ്യമാണ്. ഇന്ത്യയിലുടനീളം 1,51,104 സീറ്റുകളാണ് കമ്പനിക്ക് ഉള്ളത്.
എബിഎഫ്ആർഎൽ ക്യു 3 ഫലങ്ങൾ: അറ്റാദായം മൂന്നിരട്ടി വർധിച്ച് 197 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിന്റെ (എബിഎഫ്ആർഎൽ) ഏകീകൃത അറ്റാദായം 236.75 ശതമാനം വർധിച്ച് 196.8 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഇതേ കാലയളവിൽ 43.87% വർഷം വർധിച്ച് 2,987.1 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവുകൾ 36.5% ഉയർന്ന് 2,744.35 കോടി രൂപയായിട്ടുണ്ട്. ഇബിഐടിഡിഎ 42.8% വർധിച്ച് 582 കോടി രൂപയായി.
അതേസമയം ഡയറക്ട് ടു കൺസ്യൂമർ (D2C) ബിസിനസിലേക്ക് പ്രവേശിക്കാനുള്ള പദ്ധതികളും എബിഎഫ്ആർഎൽ പ്രഖ്യാപിച്ചുകൊണ്ട്. ഫാഷൻ, ബ്യൂട്ടി, ലൈഫ്‌സ്‌റ്റൈൽ സെഗ്‌മെന്റുകളിലായി പുതിയ കാലത്തെ ഡിജിറ്റൽ ബ്രാൻഡുകളുടെ പോർട്ട്‌ഫോളിയോ നിർമ്മിക്കാനുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കം.
ലോൺ റീഫിനാൻസിംഗിനായി 612.3 കോടി രൂപ സമാഹരിച്ച് അദാനി ഗ്രീൻ
മൂന്ന് അനുബന്ധ സ്ഥാപനങ്ങളുടെ ആദ്യത്തെ ആഭ്യന്തര ബോണ്ട് ഇഷ്യു വഴി സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ 612.30 കോടി രൂപ സമാഹരിച്ച് അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ (ഏജിഎൽ). അദാനി ഗ്രീൻ എനർജി (യുപി), പ്രയത്‌ന ഡെവലപ്പേഴ്‌സ്, പരംപൂജ്യ സോളാർ എനർജി എന്നിവയാണ് ഈ അനുബന്ധ സ്ഥാപനങ്ങൾ. 10 ലക്ഷം രൂപ മുഖവിലയുള്ള നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾക്ക് പ്രതിവർഷം 7.83% കൂപ്പൺ നിരക്കും 12 വർഷം വരെ കാലാവധിയുമുണ്ട്. ഇതിൽ നിന്നുള്ള വരുമാനം നിലവിലെ ഉയർന്ന പലിശ നിരക്കിലുള്ള ലോൺ ഭാഗികമായി റീഫിനാൻസ് ചെയ്യുന്നതിന് വിനിയോഗിക്കും.
ശ്രീ സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 21.4% ഇടിഞ്ഞ് 492 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ശ്രീ സിമന്റ് ലിമിറ്റഡിന്റെ അറ്റാദായം 21.4 ശതമാനം ഇടിഞ്ഞ് 491.99 കോടി രൂപയായി. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 4.85% വർധിച്ച് 4,464.35 കോടി രൂപയായി. കമ്പനിയുടെ നെറ്റ് മാർജിൻ 2021 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 19 ശതമാനവും 2022 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 18 ശതമാനവും താരതമ്യം ചെയ്യുമ്പോൾ മൂന്നാം പാദത്തിൽ 14% ആയിരുന്നു. അതേസമയം ശ്രീ സിമന്റ്‌സിന്റെ ബോർഡ് ഓഹരി ഒന്നിന് 45 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

