നവംബറിൽ 19 ശതമാനം ഇടിഞ്ഞ് പാസഞ്ചർ വാഹന വിൽപ്പന
നവംബറിൽ 19% ഇടിഞ്ഞ് ഇന്ത്യയിലെ പാസഞ്ചർ വാഹനങ്ങളുടെ മൊത്തവ്യാപാരം. സെമികണ്ടക്ടർ ക്ഷാമം ഉത്പാദനത്തെ ബാധിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ മാസത്തെ മൊത്തം പാസഞ്ചർ വാഹന വിൽപന 2020 നവംബറിലെ 2,64,898 യൂണിറ്റുകളിൽ നിന്ന് 19 % ഇടിഞ്ഞ് 2,15,626 യൂണിറ്റുകളായി. അതേസമയം ഇരുചക്രവാഹന വിൽപ്പന 34% കുത്തനെ ഇടിഞ്ഞ് 10,50,616 യൂണിറ്റുകളായി. ത്രീ-വീലർ വിൽപന 7% കുറഞ്ഞ് 22,471 യൂണിറ്റാവുകയും ചെയ്തു. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സാണ് കണക്കുകൾ പുറത്തുവിട്ടത്.
ഒക്ടോബറിൽ 3.2% വളർച്ച നേടി ഫാക്ടറി ഉൽപ്പാദനം
വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി) പ്രകാരം 2021 ഒക്ടോബറിൽ ഇന്ത്യയുടെ ഫാക്ടറി ഉൽപ്പാദനം 3.2% വളർന്നു. ഇത് പ്രാഥമിക ചരക്കുകളുടെ വളർച്ചയ്ക്കും സഹായകമായിട്ടുണ്ട്. ലോക്ക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക തളർച്ചയിൽ നിന്നും കരകയറുന്നതിനിടെ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4.5% വർധനയുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് വളർച്ച. അതേസമയം ഒക്ടോബറിൽ .ഉൽപ്പാദന മേഖല 2% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി ഉത്പാദനം 3.1 ശതമാനം വർദ്ധിച്ചു. ഖനന ഉൽപ്പാദനം 11.4% വർദ്ധിച്ചു.
ഇൻഡസ്ഇൻഡ് ബാങ്കിലെ ഓഹരി പങ്കാളിത്തം 9.99 ശതമാനമായി ഉയർത്താൻ എൽഐസിക്ക് ആർബിഐ അനുമതി
ഇൻഡസ്ഇൻഡ് ബാങ്കിലെ ഓഹരി പങ്കാളിത്തം 9.99 ശതമാനമായി ഉയർത്താൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് (എൽഐസി) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതി. നിലവിൽ.ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഇഷ്യൂ ചെയ്തതും അടച്ചുതീർത്തതുമായ മൂലധനത്തിന്റെ 4.95% എൽഐസിയുടെ കൈവശമാണ്. അംഗീകാരത്തിന് 2022 ഡിസംബർ 8 വരെ സാധുതയുണ്ട്. സ്വകാര്യ ബാങ്കിൽ നിന്നും 5 ശതമാനത്തിലധികം ഓഹരികൾ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾ സെൻട്രൽ ബാങ്കിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്നാണ് ആർബിഐ മാനദണ്ഡം.
ക്യുഐപി വഴി എച്ച്എഫ്സിഎൽലെ ഓഹരി 5 ശതമാനം ആയി ഉയർത്താൻ ആർഐഎൽ
ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെന്റിൽ നിക്ഷേപിച്ച് എച്ച്എഫ്സിഎൽലെ ഓഹരി 5 ശതമാനം ആയി ഉയർത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ). ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ടെലികോം നെറ്റ്‌വർക്ക് ദാതാവാണ് എച്ച്എഫ്സിഎൽ. എക്‌സ്‌ചേഞ്ച് ഫയലിംഗിൽ ഓഹരി ഒന്നിന് 68.75 രൂപ നിരക്കിൽ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയർമാർക്ക് (ക്യുഐബി) 8.73 കോടി ഓഹരികൾ അനുവദിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി എച്ച്എഫ്‌സിഎൽ അറിയിച്ചു. ക്യുഐപി വഴി കമ്പനി 600 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.
പിബിസിയുള്ള രോഗികളിൽ പരീക്ഷണങ്ങൾ ആരംഭിക്കാൻ കാഡില ഹെൽത്ത്‌കെയറിന് യുഎസ്എഫ്ഡിഎ അംഗീകാരം
പ്രൈമറി ബിലിയറി ചോളങ്കൈറ്റിസ് (പിബിസി) ഉള്ള രോഗികളിൽ സരോഗ്ലിറ്റാസർ മഗ്നീഷ്യത്തിന്റെ ഫലപ്രാപ്തിയും സുരക്ഷയും പരീക്ഷിക്കുന്നതിനായി ഫേസ് 2(ബി)/3 ക്ലിനിക്കൽ ട്രയലുകൾ ആരംഭിക്കുന്നതിന് കാഡില ഹെൽത്ത്കെയർ ലിമിറ്റഡിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) അനുമതി. കരൾ സിറോസിസ്, കരൾ പരാജയം എന്നിവയിലേക്ക് നയിക്കുന്ന ഗുരുതരമായ കരൾ രോഗമാണ് പിബിസി. ഒരു പക്ഷേ മരണം വരെ സംഭവിക്കാം. പിബിസിക്ക് നിലവിലുള്ള തെറാപ്പി 50% പിബിസി രോഗികളിലും അസഹനീയമായ പാർശ്വഫലങ്ങളുണ്ടാക്കുന്നുണ്ട്.
ഐഎംസി 2021 ൽ 5G ഓഫർ അവതരിപ്പിച്ച് സ്റ്റെർലൈറ്റ് ടെക്
ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) ഇവന്റിൽ ഇന്ത്യയിൽ നിന്നുള്ള 5ജി ഓഫർ അവതരിപ്പിച്ച് ഡിജിറ്റൽ നെറ്റ്‌വർക്ക് ഇന്റഗ്രേറ്ററായ സ്റ്റെർലൈറ്റ് ടെക്‌നോളജീസ് ലിമിറ്റഡ് (എസ്‌ടിഎൽ). ഒപ്റ്റിക്കൽ, റേഡിയോ, ഡിപ്ലോയിമെന്റ് സൊല്യൂഷനുകൾ കമ്പനിയുടെ 5G പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുന്നുണ്ട്.
അപ്പോളോ ടെലിഹെൽത്തിന് ഐഎസ്ഒ സർട്ടിഫിക്കേഷൻ
ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷന്റെ (ബിഎസ്ഐ) ISO 13131:2021 സർട്ടിഫിക്കേഷൻ നേടിയ ലോകത്തിലെ ആദ്യത്തെ സ്ഥാപനമായി അപ്പോളോ ടെലിഹെൽത്ത് (എടിഎച്ച്). ആരോഗ്യ സംരക്ഷണത്തിലെ നവീകരണങ്ങളെ സഹായിക്കുന്നതിനുള്ള പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന മാനദണ്ഡമാണ് ISO 13131:2021. അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ മൾട്ടി-സ്പെഷ്യാലിറ്റി ടെലിമെഡിസിൻ ശൃംഖലയാണ് എടിഎച്ച്.
രാജസ്ഥാനിലെ പ്ലാന്റ് താൽക്കാലികമായി അടച്ചു പൂട്ടി ഗ്രീൻലാം
ദേശീയ തലസ്ഥാന മേഖലയിലും സമീപ പ്രദേശങ്ങളിലുമുള്ള എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്റെ നിർദ്ദേശപ്രകാരം രാജസ്ഥാനിലെ ബെഹ്‌റോറിലെ പ്ലാന്റിലെ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ച് ഗ്രീൻലാം ഇൻഡസ്ട്രീസ് ലിമിറ്റഡ്. എന്നാൽ കമ്മീഷന്റെ റിപ്പോർട്ടുകൾ വസ്തുതാ വിരുദ്ധമാണെന്ന് തോന്നുന്നുവെന്ന് കമ്പനി വ്യക്തമാക്കി. ഇക്കാര്യത്തിൽ ജിഐഎൽ ഇതിനകം തന്നെ കോമ്പീറ്റന്റ് അതോറിറ്റിക്ക് മുമ്പാകെ തങ്ങളുടെ ഭാഗം അവതരിപ്പിച്ചിട്ടുണ്ട്. പ്രശ്‌നം എത്രയും വേഗം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്.
ഡയഗ്നോസ്റ്റിക് ബിസിനസ്സ് ആരംഭിച്ച് ലുപിൻ; ഇന്ത്യയിൽ 100 ലാബുകൾ തുറക്കും
സംയോജിത ആരോഗ്യ സേവനങ്ങൾ നൽകുന്നതിനുള്ള ഭാഗമായി ഡയഗ്നോസ്റ്റിക്സ് വിഭാഗത്തിന്റെ ലോഞ്ച് പ്രഖ്യാപിച്ച് ലുപിൻ ലിമിറ്റഡ്. നവി മുംബൈയിലെ 45,000 ചതുരശ്ര അടിയിലുള്ള ദേശീയ റഫറൻസ് ലാബും പടിഞ്ഞാറൻ, കിഴക്കൻ ഇന്ത്യയിൽ 200 ശേഖരണ കേന്ദ്രങ്ങളും ഉൾപ്പെടെ 11 ലാബുകളുമായാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം 100 ലധികം ലാബുകളും 1000 കളക്ഷൻ സെന്ററുകളും തുറക്കാനാണ് . കമ്പനി പദ്ധതിയിടുന്നത്.
റിഗ് ഇമ്മ്യൂണിൽ നിക്ഷേപം നടത്തി അലംബിക് ഫാർമ
യുഎസ് ആസ്ഥാനമായുള്ള ബയോഫാർമസ്യൂട്ടിക്കൽ റിസർച്ച് കമ്പനിയായ റിഗ് ഇമ്മ്യൂണിൽ നിക്ഷേപം നടത്തി അലംബിക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. സീരീസ് സീഡ് റൗണ്ടിന്റെ ആദ്യ ക്ലോസിംഗിൽ കമ്പനി റിഗ് ഇമ്മ്യൂണിന്റെ ഓഹരികൾ 19.97% പോസ്റ്റ് മണി ഓഹരിയായി ഏറ്റെടുത്തു.
ഫിലിപ്പീൻസ് വിപണിയിൽ പോർട്ട്ഫോളിയോ ശക്തിപ്പെടുത്താൻ ടിവിഎസ് മോട്ടോർ
തങ്ങളുടെ പ്രീമിയം അപ്പാച്ചെ ആർആർ 310, 125 സിസി സ്കൂട്ടർ ടിവിഎസ് എൻടിഒആർക്യു എന്നിവ ഫിലിപ്പീൻസ് വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡ്. ഫിലിപ്പൈൻസിലെ യുവ ഉപഭോക്താക്കൾക്കായി റേസ് ട്യൂൺഡ് ഫ്യുവൽ ഇഞ്ചക്ഷൻ സഹിതം ടിവിഎസ് അപ്പാച്ചെ ആർആർ310, ഫീച്ചറുകളാൽ സമ്പന്നമായ കണക്റ്റഡ് സ്കൂട്ടർ ടിവിഎസ് എൻടിഒആർക്യു 125 എന്നിവ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

