അദാനി പോർട്ടിന്റെ ചരക്കു നീക്കം സെപ്റ്റംബറിൽ 24 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി
2021 സെപ്റ്റംബറിൽ 23.08 മില്ല്യൺ മെട്രിക് ടൺ ചരക്കു നീക്കം രേഖപ്പെടുത്തി അദാനി പോർട്ട്സ് & സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്. 24 ശതമാനം വളർച്ചയാണ് ചരക്കു നീക്കത്തിൽ രേഖപ്പെടുത്തിയത്. കമ്പനിയുടെ കണ്ടെയ്നർ സെഗ്മെന്റ് 18 ശതമാനവും മറ്റ് ബൾക്ക് കാർഗോകൾ 22 ശതമാനവും വർദ്ധിച്ചിട്ടുണ്ട്. കൂടാതെ കൽക്കരി ചരക്കു നീക്കം 16 ശതമാനവും ക്രൂഡ് 9 ശതമാനവും വർദ്ധിച്ചു. 2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ അദാനി പോർട്ട്സ് & സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് വഴി 160 മില്ല്യൺ മെട്രിക് ടൺ ചരക്കു നീക്കമാണ് ഉണ്ടായിട്ടുള്ളത്.
ക്ലീൻ വിൻ എനർജിയുടെ 26 ശതമാനം ഓഹരികൾ സ്വന്തമാക്കി സിയറ്റ്
യെല്ലോ സ്റ്റോൺ ക്ലീൻ എനർജി എൽഎൽപിയുമായി ലിമിറ്റഡ് ലിയബിലിറ്റി പാർട്ടനഷിപ്പിൽ ഒപ്പുവച്ച് സിഇഎടി. ഇതുവഴി ക്ലീൻവിൻ എനർജി ഫൈവ് എൽഎൽപിയിൽ സിഇഎടി 60 ലക്ഷം രൂപ നിക്ഷേപിക്കും. ക്ലീൻവിൻ എനർജി ഫൈവിന്റെ 26 ശതമാനം ഓഹരികളാണ് ഇതുവഴി സിയറ്റിന് ലഭിക്കുക. മഹാരാഷ്ട്രയിലെ കാറ്റാടി പാടങ്ങളിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ക്ലീൻവിൻ. കരാറിലൂടെ 5 മെഗാവാട്ട് വൈദ്യുതി ഭണ്ഡൂപ്പിലെയും നാസികിലെയും സിയറ്റ് പ്ലാന്റുകൾക്ക് കമ്പനി നൽകും.
സിസ്കോയുമായുള്ള ദീർഘകാല പങ്കാളിത്തം വർധിപ്പിച്ച് ടാറ്റ കമ്മ്യൂണിക്കേഷൻസ്
സിസ്കോയുമായുള്ള ദീർഘകാല പങ്കാളിത്തം നീട്ടി ടാറ്റ കമ്മ്യൂണിക്കേഷൻസ്. എവിടെനിന്നും എപ്പോൾ വേണമെങ്കിലും ആക്സസ് ചെയ്യാവുന്നതും ലളിതവുമായ ഐടി ഇൻഫ്രാസ്ട്രക്ചർ നിർമിക്കുന്നതിന് ഇരുസ്ഥാപനങ്ങളെയും കരാർ സഹായിക്കും. വൈഫൈ 6 നെയും സോഫ്റ്റ്‌വെയർ-ഡിഫൈൻഡ് വൈഡ് ഏരിയ നെറ്റ്‌വർക്കിനെയും അടിസ്ഥാനമാക്കി ക്ലൗഡ് വഴി വൈഫൈ സേവനങ്ങൾ നൽകുവാനും ടാറ്റ കമ്മ്യൂണിക്കേഷനെ സിസ്‌കോയുടെ മെറാക്കി സൊലൂഷൻ സഹായിക്കും.
ബോണസ് ഓഹരികൾ അനുവദിച്ച് മാൻ ഇൻഫ്ര ബോർഡ് ഓഫ് ഡയറക്ടേഴ്സ്
ബോണസ് ഓഹരികൾ നൽകുന്നതിന് മാൻ ഇൻഫ്രാ കൺസ്ട്രക്ഷൻ ലിമിറ്റഡിന് ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അംഗീകാരം. 1: 2 എന്ന അനുപാതത്തിലായിരിക്കും ഓഹരികൾ നൽകുക. കമ്പനിയുടെ ഓഹരി ഉടമകളുടെ കൈയ്യിലുള്ള 2 രൂപയുടെ ഓരോ രണ്ട് ഇക്വിറ്റി ഷെയറുകൾക്കും 2 രൂപയുടെ വിലയുടെ ഒരു ഇക്വിറ്റി ഷെയർ നൽകും. 2021-22 സാമ്പത്തിക വർഷത്തിൽ ഓഹരി ഉടമകളുടെ കൈയ്യിലുള്ള ഒരു ഓഹരിക്ക് 1.26 രൂപ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.
മിഡിൽവെയർ ടെക്നോളജിയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി കെപിഐടി ടെക്
മിഡിൽവെയർ ടെക്നോളജിയിലും ഇൻഫ്രാസ്ട്രക്ചറിലും നിക്ഷേപം നടത്താൻ ഒരുങ്ങി കെപിഐടി ടെക്നോളജീസ് ലിമിറ്റഡ്. യാത്രകൾക്കും വ്യാവസായിക ആവശ്യങ്ങൾക്കുമായിട്ടുള്ള സോഫ്റ്റ്വെയർ ഡിഫൈൻഡ് വാഹനങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റം വേഗത്തിലാക്കാനായിട്ടാണിത്. ഒറിജിനൽ എക്യുപ്മെന്റ് മാനുഫാക്ചേഴ്സിനെ (ഒഇഎം) സഹായിക്കുന്നതിനായി സാങ്കേതികവിദ്യകളും അടിസ്ഥാന സൗകര്യങ്ങളും കമ്പനി മെച്ചപ്പെടുത്തും.
യുപിഎല്ലിനെതിരെ ക്രിമിനൽ അന്വേഷണം ഉണ്ടായേക്കും
യുപിഎൽ ലിമിറ്റഡ് രാസവസ്തുക്കൾ അനധികൃതമായി സൂക്ഷിച്ചിരുന്നതായി ദക്ഷിണാഫ്രിക്ക പരിസ്ഥിതി വകുപ്പിന്റെ റിപ്പോർട്ട്. ഈ രാസവസ്തുക്കളാണ് 2021 ജൂലൈയിൽ യുപിഎൽ ലിമിറ്റഡിന്റെ ഡർബനിലെ വെയർഹൗസിൽ കവർച്ച നടക്കുകയും തീപിടുത്തമുണ്ടാകുകയും ചെയ്തതിന് ശേഷം നദികളിലേക്കും ജനവാസ മേഖലയിലേക്കും ഒഴുക്കിവിട്ടത്. ഇവ സൂക്ഷിക്കാനുള്ള അനുമതി യുപിഎല്ലിന് ഇല്ലായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിൽ കമ്പനിയുടെ പേരിലും വെയർഹൗസ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഉടമയുടെ പേരിലും അന്വേഷണം ഉണ്ടായേക്കും. അതേസമയം റിപ്പോർട്ടിനെ നിഷേധിച്ചുകൊണ്ട് യുപിഎല്ലും രംഗത്തെത്തിയിട്ടുണ്ട്.
ഗുരുഗ്രാമിൽ 1,600 കോടി രൂപയുടെ നിക്ഷേപം നടത്താൻ മാക്സ് ഹെൽത്ത് കെയർ
നാഷണൽ കാപ്പിറ്റൽ റീജിയണിന്റെ ശേഷി വർധിപ്പിക്കാനായി അടുത്ത 4 മുതൽ 6 വർഷത്തിനുള്ളിൽ 1,600 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി മാക്സ് ഹെൽത്ത് കെയർ ലിമിറ്റഡ്. ഇതിലൂടെ ഗുരുഗ്രാമിലേക്ക് 1,000 കിടക്കകൾ നൽകും. ഗുരുഗ്രാമിൽ രണ്ട് ആശുപത്രികൾ സ്ഥാപിക്കുന്നതിനായി ഹരിയാന ഷഹരി വികാസ് പ്രധികാരൻ (എച്ച്എസ്പിവി) എംഎച്ച്ഐഎല്ലിന് ഭൂമിയും അനുവദിച്ചിട്ടുണ്ട്.
ഹോം ടെക്സ്റ്റൈൽ ശ്രേണി ആരംഭിച്ച് വെൽസ്പൺ ഇന്ത്യ
ഡ്യുപോണ്ട് ബയോ മെറ്റീരിയലുകളുമായി സഹകരിച്ച് പുതിയ ഹോം ടെക്സ്റ്റൈൽ കളക്ഷൻ ആരംഭിച്ച് വെൽസ്പൺ ഇന്ത്യ. പ്രകൃതിദത്ത വസ്തുക്കളിൽ നിന്നും നിർമ്മിച്ച ബാത്ത് ടവലുകൾ, ബെഡ്ഷീറ്റുകൾ എന്നിവ ഉൾപ്പെടെ സുസ്ഥിരമായിട്ടുള്ള ഗാർഹിക ടെക്സ്റ്റൈൽ ഉൽപന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് ഇത്.
പണിമുടക്ക്; ഉത്പാദനം നിർത്തിവച്ച് ജെകെ ലക്ഷ്മി സിമന്റ്
ഛത്തീസ്ഗഡ് സിമന്റ് ട്രാൻസ്പോർട്ട് അസോസിയേഷൻ ആഹ്വാനം ചെയ്ത പണിമുടക്കിനെ തുടർന്ന് ദുർഗ് സിമന്റ് പ്ലാന്റിലെ ഉത്പാദനം നിർത്തിവച്ച് ജെ കെ ലക്ഷ്മി സിമൻറ്. ഇതോടെ ദുർഗ് സിമന്റ് പ്ലാന്റിൽ നിന്നുള്ള വിതരണം പൂർണമായും നിലച്ച സ്ഥിതിയിലാണ്. പ്രശ്ന പരിഹാരത്തിനായി സംസ്ഥാന സർക്കാർ പ്രതിഷേധക്കാരുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഉടൻ തന്നെ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്രതിവർഷം ഏകദേശം 2.7 ദശലക്ഷം ടൺ ഉൽപാദന ശേഷിയുള്ളതാണ് ദുർഗിലെ ജെകെ ലക്ഷ്മി സിമന്റ് പ്ലാന്റ്.
റെക്കോഡ് നേട്ടം കെെവരിച്ച് ദിവിസ് ലബോറട്ടറീസ്
ഫാർമ കമ്പനിയായ ദിവിസ് ലബോറട്ടറികളുടെ ഓഹരികൾ 10 ശതമാനം ഉയർന്നു. മോൾനുപിരവിർ എപിഐയുടെ അംഗീകൃത നിർമ്മാതാക്കളാണ് ദിവി ലബോറട്ടറീസ്. കൊവിഡ് -19 ന്റെ മരണ സാധ്യതയും ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വരുന്നതിന്റെ സാധ്യതയും 50 ശതമാനം കുറയ്ക്കാൻ മോൾനുപിരവിർന് സാധിക്കുമെന്ന് ജർമ്മനി ആസ്ഥാനമായുള്ള മെർക്കിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞിരുന്നു. കൊവിഡ് വകഭേദങ്ങളായ ഗാമ, ഡെൽറ്റ തുടങ്ങിയവക്കെതിരെയും ഫലപ്രദമായി ഉപയോഗിക്കാവുന്ന മരുന്നാണ് മോൾനുപിരവിർ.

