നൈക ക്യു 3 ഫലങ്ങൾ: അറ്റാദായം 58% ഇടിഞ്ഞ് 29 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ എഫ്എസ്എൻ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സിന്റെ (നൈക) ഏകീകൃത അറ്റാദായം 57.97% ഇടിഞ്ഞ് 29.01 കോടി രൂപയായി. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 35.94% വർധിച്ച് 1,098.36 കോടി രൂപയായിട്ടുണ്ട്. നൈകയുടെ മൊത്ത വ്യാപാര മൂല്യം പ്രതിവർഷം 49% വർധിച്ച് 2,043.5 കോടി രൂപയായി. കൂടാതെ പ്രവർത്തനച്ചെലവ് 91% വർധിച്ച് 439.8 കോടി രൂപയായി.
ഇന്ത്യയിൽ കോവിഡ്-19 ചികിത്സയ്ക്കായുള്ള നാസൽ സ്പ്രേ അവതരിപ്പിച്ചു
ഇന്ത്യയിൽ കോവിഡ്-19 ചികിത്സയ്ക്കായുള്ള നാസൽ സ്പ്രേ അവതരിപ്പിച്ച് ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡും പങ്കാളിയായ സനോട്ടൈസ് റിസർച്ചും. കോവിഡ് -19 ബാധിച്ച പ്രായപൂർത്തിയായവരിൽ ചികിത്സയ്ക്കായി നൈട്രിക് ഓക്സൈഡ് നാസൽ സ്പ്രേയാണ് അവതരിപ്പിച്ചത്. ഫാബിസ്പ്രേ എന്ന ബ്രാൻഡ് നാമത്തിലാണ് ഇന്ത്യയിൽ ഉൽപ്പന്നം അവതരിപ്പിച്ചിരിക്കുന്നത്. ശ്വാസനാളത്തിലെ കോവിഡ് -19 വൈറസിനെ നശിപ്പിക്കുന്നതിനാണ് നാസൽ സ്പ്രേ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബർഗർ പെയിന്റ്‌സ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8% ഇടിഞ്ഞ് 253 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബർഗർ പെയിന്റ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 8% ഇടിഞ്ഞ് 252.97 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 15% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 20.42 ശതമാനം ഉയർന്ന് 2,550.77 കോടി രൂപയായി. മൊത്തം ചെലവുകൾ 26.2% വർഷം വർധിച്ച് 2,228.56 കോടി രൂപയായി.
ബംഗ്ലാദേശിൽ നിന്നും ഓർഡർ ഉറപ്പാക്കി എൽ ആൻഡ് ടിയുടെ നിർമ്മാണ വിഭാഗം
ബംഗ്ലാദേശിലുടനീളം എട്ട് സ്ഥലങ്ങളിൽ ഹൈടെക് ഐടി പാർക്കുകൾ നിർമ്മിക്കുന്നതിന് സുപ്രധാന ഓർഡർ (1,000-2,500 കോടി രൂപ പരിധിയിൽ) നേടി ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡിന്റെ നിർമ്മാണ വിഭാഗം. ഇന്ത്യയുടെ എക്സിം ബാങ്കാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്. ബംഗ്ലാദേശിൽ എൽ ആൻഡ് ടി നേടിയ ആദ്യത്തെ ഐടി, ഓഫീസ് സ്‌പേസ് ഓർഡറാണിത്.
പവർഗ്രിഡ് ക്യു 3 ഫലങ്ങൾ: അറ്റാദായം 2% ഇടിഞ്ഞ് 3,293 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (പിജിസിഐഎൽ) ഏകീകൃത അറ്റാദായം 2.2 ശതമാനം ഇടിഞ്ഞ് 3,792.97 കോടി രൂപയായി. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 3 ശതമാനം ഉയർന്ന് 10,142.48 കോടി രൂപയായി. കമ്പനിയുടെ ട്രാൻസ്മിഷൻ സെഗ്‌മെന്റ് 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 9,800.64 കോടി രൂപ വരുമാനം നേടിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 9,552.11 കോടി രൂപയായിരുന്നു. അതേസമയം ഓഹരി ഒന്നിന് 5.5 രൂപ വീതം പിജിസിഐഎൽ ബോർഡ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
ചെലവ് കൂടുന്നതിനാൽ എയർടെൽ താരിഫ് വർധിപ്പിക്കുമെന്ന് സൂചന
2022 ൽ മറ്റൊരു താരിഫ് വർദ്ധനയെക്കുറിച്ച് സൂചന നൽകി ഭാരതി എയർടെൽ ലിമിറ്റഡ് സിഇഒ ഗോപാൽ വിറ്റൽ. ടെലികോം മേഖലയിലെ ചിലവ് വർധിക്കുകയും 5G സേവനങ്ങളുടെ റോളൗട്ടിന് തയ്യാറെടുക്കുകയും ചെയ്യുന്നതിനാലാണിത്. വരിക്കാരുടെ വളർച്ചയും മറ്റ് ഓപ്പറേറ്റർമാരുമായുള്ള മത്സരവും ആശ്രയിച്ച് 3- 4 മാസങ്ങൾക്ക് ശേഷം താരിഫ് വർദ്ധന ഉണ്ടാകാം. താരിഫ് വർധിപ്പിക്കുന്നതിൽ നേതൃത്വം വഹിക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു, ഓരോ ഉപയോക്താവിനും ശരാശരി വരുമാനം നിലവിലെ 163 രൂപയിൽ നിന്ന് 200 രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടാറ്റ പവർ ക്യു 3 ഫലങ്ങൾ: അറ്റാദായം 74% ഉയർന്ന് 552 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ടാറ്റ പവർ കമ്പനി ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 73.5% വർധിച്ച് 551.8 കോടി രൂപയായി. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 43.6% വർഷം വർധിച്ച് 10,913.4 കോടി രൂപയായി. ഇബിഐടിടിഎ മൂന്നാം പാദത്തിൽ 5.8 ശതമാനം ഇടിഞ്ഞ് 1,634.2 കോടി രൂപയായിട്ടുണ്ട്. 3,400 കോടി രൂപ മുതൽമുടക്കിൽ 4 ജിഗാവാട്ട് (GW) സോളാർ സെല്ലും മൊഡ്യൂൾ നിർമ്മാണ ശേഷിയും ടാറ്റ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡ് സ്ഥാപിക്കും.
ജനുവരിയിൽ 14,888 കോടി രൂപയുടെ അറ്റ വരവ് രേഖപ്പെടുത്തി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ
2022 ജനുവരിയിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ 14,888 കോടി രൂപയുടെ അറ്റ നിക്ഷേപം നേടിയതായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (എഎംഎഫ്ഐ) കണക്കുകൾ. മുൻ മാസത്തെ അപേക്ഷിച്ച് 40% ഇടിവാണ് ഉണ്ടായിരിക്കുന്നത്. മ്യൂച്വൽ ഫണ്ട് എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം ഡിസംബറിലെ 4.90 കോടിയിൽ നിന്ന് 5 കോടി കവിഞ്ഞിട്ടുണ്ട്.
ബോഷ് ക്യു 3 ഫലങ്ങൾ: അറ്റാദായം 27% വർധിച്ച് 235 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബോഷ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 27% വർധിച്ച് 234.8 കോടി രൂപയായി. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2.6 ശതമാനം ഉയർന്ന് 3,109.08 കോടി രൂപയായി. കമ്പനിയുടെ ഓട്ടോമോട്ടീവ് ഉൽപ്പന്ന വിഭാഗത്തിന്റെ ബിസിനസ്സിൽ 2.6% വാർഷിക വളർച്ച രേഖപ്പെടുത്തി 2,740.61 കോടി രൂപയായിട്ടുണ്ട്.

