ഇന്നത്തെ വിപണി വിശകലനം
വിപണി ഇന്ന് തിരുത്തലിന് സാക്ഷ്യം വഹിച്ച ദിവസമായിരുന്നു. 14590 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് മുകളിലേക്ക് കയറാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. 11 മണിയോടെ തന്നെ വിപണിയുടെ ട്രെൻഡ് വ്യക്തമായി. വ്യാപാരം ആരംഭിച്ച നിലമറികടന്നതോടെ സൂചിക താഴേക്ക് കൂപ്പുകുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 218 പോയിന്റ് താഴെയായി 14371 ൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
കഴിഞ്ഞ ദിവസം സെെഡ് വേയ്സിൽ വ്യാപാരം നടത്തിയിരുന്ന ബാങ്ക് നിഫ്റ്റി ഇന്ന് താഴേക്ക് വീണു. 32121ൽ വ്യാപാരം ആരംഭിച്ച സൂചിക പിന്നീട് 1000 പോയിന്റ് വരെ താഴേക്ക് കൂപ്പുകുത്തി. തുടർന്ന് 31167 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി മൂന്ന് ശതമാനത്തിലധികം താഴെ വീണിട്ടും ബാങ്കിംഗ് ഓഹരികൾ ദിവസത്തിലെ ഏറ്റവും മോശപെട്ട മേഖലയിലേക്ക് തള്ളപെട്ടില്ല. നിഫ്റ്റി മെറ്റൽ 3.89 ശതമാനവും ഓട്ടോ 1.43 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
യൂറോപ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഏഷ്യൻ വിപണികൾ എല്ലാം തന്നെ ചുവന്ന നിറത്തിലാണ് വ്യാപരം നടത്തിയത്. വിപണി ഇന്ന് നേരിട്ട ഇടിവ് ഒരു ആഗോള പ്രതിഭാസത്തിന്റെ ഭാഗമാണ്.
പ്രധാനവാർത്തകൾ
പ്രതിവർഷ അറ്റാദായം 1560 കോടി രൂപയായി ഉയർന്നതിന് പിന്നാലെ Bajaj Auto യുടെ ഓഹരികൾ 10 ശതമാനം നേട്ടം കെെവരിച്ചു. റോയൽ എൻഫീൽഡ് ബെെക്ക് നിർമാണ കമ്പനിയായ Eicher motorsന്റെ ഓഹരികളും ഇന്ന് നേട്ടം കെെവരിച്ചു.
മെറ്റൽ ഓഹരികളും ബാങ്കിംഗ് ഓഹരികളും ഇന്ന് top losers പട്ടികയിൽ ഇടം നേടി. മൂന്ന് ദിവസത്തെ കുതിച്ചുകയറ്റത്തിന് ഒടുവിൽ ഏഷ്യൻ പെയിന്റ്സ് ഓഹരികളും ഇന്ന് കൂപ്പുകുത്തി.
പ്രതിവർഷ അറ്റാദായത്തിൽ 19 ശതമാനം ഇടിവ് രേഖപ്പടുത്തിയതിന് പിന്നാലെ Biocon ഓഹരികൾ 10.9 ശതമാനം താഴേക്ക് വീണു. ഫലപ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ സ്ഥാനമൊഴിഞ്ഞതും കമ്പനിക്ക് തിരിച്ചടിയായി. ഫാർമാ കമ്പനികൾ നിരാശാജനകമായ ഫലങ്ങൾ പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ
തന്നെ മാർക്കറ്റ് ഫീഡ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് പതനത്തിനുള്ള മറ്റൊരു സൂചനയാകുമൊ ?
Indigo Paints IPO 100 തവണയ്ക്ക് അടുത്ത് സബ്സ്ക്രിപ്ഷൻ രേഖപ്പെടുത്തി. നിങ്ങൾ അപേക്ഷ സമർപ്പിച്ചിരുന്നോ ?
മോശം ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Bandhan Bank ങ്കിന്റെ ഓഹരികൾ 7 ശതമാനം ഇടിഞ്ഞു. ഇതോടെ ഇവ Top-losers പട്ടികയിലേക്ക് തള്ളപെട്ടു.
SAIL, Bandhan Bank, RBL Bank, Asian Paints തുടങ്ങി ദിവസങ്ങളായി കുതിച്ചുകയറി നിന്നിരുന്ന ഓഹരികൾ എല്ലാം തന്നെ ഇന്ന് കൂപ്പുകുത്തി.

വിപണി മുന്നിലേക്ക്
ആഗോള വിപണി ഇടിഞ്ഞത് വരാനിരിക്കുന്ന ഒരു പതനത്തിന്റെ തുടക്കമാണോ? ഏവരും കാത്തിരുന്ന വിപണിയിലെ ആ ഇടിവ് ഇതാകുമോ? അതോ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത് പോലെ ഒരു കുതിച്ചുകയറ്റം വിപണിയിൽ വീണ്ടും ഉണ്ടാകുമോ? തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ഓരോ നിക്ഷേപകന്റെയും മനസിൽ ഇപ്പോഴുള്ളത്.
വിപണിയിലെ മാറ്റങ്ങൾ മുൻ കൂട്ടി ആർക്കും തന്നെ പ്രവചിക്കാൻ കഴിയില്ലെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. സെെഡിലേക്ക് മാത്രം വിപണി നീങ്ങിയാലും ഉയരങ്ങൾ കീഴടക്കിയാലും താഴേക്ക് വീണാലും കൃത്യമായി ഇത് പ്രവചിക്കുക എന്നത് അസാധ്യമാണ്. വിപണിയിൽ നിന്നും നിങ്ങൾ പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് സുരക്ഷിതമായ രണ്ട് മാർഗങ്ങളാണുള്ളത്. ഒന്ന് ബുദ്ധിപരമായ വ്യാപാരങ്ങളിൽ മാത്രം പങ്കെടുക്കുക അല്ലെങ്കിൽ എസ്.ഐ.പിയിൽ വില കുറഞ്ഞു നിൽക്കുമ്പോൾ നിക്ഷേപം നടത്തുക.
ഓരോ തവണ വിപണി ഇടിയുമ്പോഴും ഞാൻ Nifty BeEsന്റെ യൂണിറ്റുകൾ വാങ്ങി സൂക്ഷിക്കാറുണ്ട്. അത് ഇൻട്രാഡേ ഫാളിലാണെങ്കിൽ പോലും. കാരണം ദീർഘ കാലയളവിൽ വിപണി മുന്നിലേക്ക് തന്നെ കുതിച്ചു കയറുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ ഏത് ഓഹരിയിൽ ആദ്യം കാളയോട്ടം നടക്കുമെന്ന് പറയാനാകില്ല. അതിനാൽ വീഴ്ചകളിൽ വാങ്ങിക്കൂട്ടുന്ന അനേകം BeEs ഓഹരികൾ പിന്നിട് ഉള്ള ഓരോ ഇടിവിലും ആവറേജ് ആവുകയും ലാഭമുണ്ടാവുകയും ചെയ്യുന്നു. ഈ രീതിയാണ് ഞാൻ കൂടുതലും പിന്തുടരാറുളളത്. നിങ്ങൾക്ക് ഇത് പ്രാവർത്തികമാകുമോ എന്ന് എനിക്ക് അറിയില്ല. എങ്കിലും ദീർഘകാല നിക്ഷേപങ്ങൾക്ക് ഇത് പ്രയോജനം ചെയ്യുമെന്നത് തീർച്ചയാണ്.
ആഗോള വിപണിയിൽ ശ്രദ്ധകേന്ദ്രീകരിക്കുക. പ്രത്യേകിച്ച് യു.എസിൽ പ്രഖ്യാപിച്ചേക്കാനിടയുള്ള പുതിയ നയങ്ങളും ബന്ധപ്പെട്ട വാർത്തകളും. മുന്നിലേക്കുള്ള ഇന്ത്യൻ വിപണിയെ ഇത് വളരെ വലിയ രീതിയിൽ സ്വാധീനിച്ചേക്കും.

