ഇന്നത്തെ വിപണി വിശകലനം
കരടികളെ പിന്നിലാക്കി കാളകൾ ഇന്ന് വിപണിയിൽ ആധിപത്യം സ്ഥാപിച്ചു. നിഫ്റ്റി 50യിലെ 41 ഓഹരികളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
14509 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കുതിച്ചു കയറി. കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയായ 14550 മറികടന്ന സൂചിക മുന്നേറ്റം തുടർന്നു. ശേഷം 14600 മറികടന്ന് കൊണ്ട് സൂചിക ശക്തമായ നീക്കം കാഴ്ചവച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 168 പോയിന്റുകൾ/ 1.16 ശതമാനം മുകളിലായി 14653 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
32281 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം സംശയാസ്പദമായി നിന്നു. ശേഷം മുകളിലേക്ക് ഉള്ള പ്രയാണത്തിൽ 32300, 32500 എന്നിവ സൂചികയ്ക്ക് ശക്തമായ സപ്പോർട്ട് ആയി നിലകൊണ്ടു. HDFC Bank, SBI എന്നിവ നേട്ടം കെെവരിച്ചു. ഇതിന് പിന്നാലെ ബാങ്ക് നിഫ്റ്റിയിൽ ശക്തമായ കാളയോട്ടം അനുഭവപെട്ടു.
32800 പരീക്ഷിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസത്തേക്കാൾ 460 പോയിന്റ്/ 1.43 ശതമാനം മുകളിലായി 32735 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മെറ്റൽ, നിഫ്റ്റി പി.എസ്.യു എന്നിവ ഇന്ന് 2.30 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. ബാങ്ക് നിഫ്റ്റി, നിഫ്റ്റി മീഡിയ എന്നിവ ഇന്ന് 1 ശതമാനത്തിന് മുകളിൽ ഉയർന്നു. മറ്റു എല്ലാ മേഖലാ സൂചികകളും ഇന്ന് 1 ശതമാനത്തിൽ താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് കാണപ്പെട്ടത്. യൂറോപ്യൻ വിപണികൾ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
ബാങ്കുകൾ, നോൺ ബാങ്കിംഗ് സ്ഥാപനങ്ങൾ എന്നിവയിലേക്ക് ഓഡിറ്റർമാരെ നിയോഗിക്കുന്നതിനുള്ള മാർഗം നിർദ്ദേശം ആർ.ബി.ഐ പുറത്തിറക്കി. സമയബന്ധിതവും സുതാര്യവും ഫലപ്രദവുമായ രീതിയിൽ ഓഡിറ്റർമാരെ നിയമിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണിത്. ബാങ്കിംഗ് ഓഹരികൾ ഇതിനോട് മികച്ച പ്രതികരണം കാഴ്ചവച്ചു.
തൂത്തുക്കുടിയിൽ ഓക്സിജൻ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ Vedanta ഓഹരി ഇന്ന് 3 ശതമാനത്തിന് അടുത്ത് നേട്ടം കെെവരിച്ചു.
വാക്സിൻ വിലനിർണയത്തിന്റെ അടിസ്ഥാനവും യുക്തിയും വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപെട്ടു.
കൊവിഡ് വെെറസിനെതിരെ ഫലപ്രദമെന്ന് കരുതുന്ന സിഡസ് കാഡിലയുടെ പുതിയ ‘വിരാഫിൻ’ മരുന്ന് യുപിയിലെ മൂന്ന് ജില്ലകളിൽ ഉടൻ ലഭ്യമാകും. Zydus Cadila മുകളിലേക്ക് കയറിയെങ്കിലും 1.19 നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
Maruti Suzuki-യുടെ അറ്റാദായം പ്രതീക്ഷിച്ചതിലും മോശം നില രേഖപ്പെടുത്തി. നാലാം പാദത്തിൽ 1170 കോടി രൂപയാണ് കമ്പനിയുടെ പ്രഖ്യാപിത ലാഭം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 10 ശതമാനം കുറവാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദം കൊവിഡ് പ്രതിസന്ധി ഘട്ടത്തിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഓഹരി ഇന്ന് 1 ശതമാനത്തിന് താഴെ വ്യാപാരം അവസാനിപ്പിച്ചു.
മാരുതിയുടെ ഫലം പുറത്തുവന്നതിന് പിന്നാലെ Tata Motors ഓഹരി കത്തിക്കയറി ഇന്ന് 2 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.
14,938 കോടി സമാഹരിക്കുന്നതിനായി ഏപ്രിൽ 28ന് ബോർഡ് യോഗം ചേരാൻ ഒരുങ്ങി SBI. കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ഉണ്ടായ മോശം ലോണുകളിൽ നിന്നും രക്ഷ നേടുന്നതിനാണ് നടപടി.
നാലാം പാദത്തിൽ Hindustan Zinc-ന്റെ പ്രതിവർഷ അറ്റാദായം 85 ശതമാനം വർദ്ധിച്ച് 2480 കോടി രൂപയായി. ഫലം പുറത്ത് വന്നതിന് പിന്നാലെ ഓഹരിയിൽ ശക്തമായ മുന്നേറ്റമുണ്ടായി. 4.5 ശതമാനം നേട്ടം കെെവരിച്ചു.
നാലാം പാദത്തിൽ അറ്റാദായം 110 ശതമാനം വർദ്ധിച്ച് 175 കോടി രൂപയായതിന് പിന്നാലെ SBI Cards ഓഹരി ഇന്ന് 3.6 ശതമാനം നേട്ടം കെെവരിച്ചു.
മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 2 ശതമാനം വർദ്ധിച്ച് 318 കോടി രൂപയായതിന് പിന്നാലെ HDFC Life Insurance ഓഹരി 3.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഓഹരി നിങ്ങൾ കെെവശം വച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ആവറേജ് ചെയ്യാവുന്നതാണ്.
കോപ്പർ വില എക്കാലത്തേയും ഉയർന്ന നിലകെെവരിച്ചു. ഹിൻഡാൽകോ, അലുമിനിയം, കോപ്പാർ മാനുഫാക്ചർ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഓഹരി 5.14 ശതമാനം നേട്ടം കെെവരിച്ചു.
വർദ്ധിച്ചു വരുന്ന ഓക്സിജന്റെ ആവശ്യകത കണക്കിലെടുത്ത് രാജ്യത്തെ സ്റ്റിൽ ഫാക്ടറികൾ വിവിധ സംസ്ഥാനങ്ങളിലേക്ക് ദ്രാവക മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്തു. ടാറ്റാ സ്റ്റീൽ പ്രതിദിന ഓക്സിജൻ വിതരണ പരിധി 600 ടണ്ണായി ഉയർത്തി. ഓക്സിജൻ വിതരണം വർദ്ധിപ്പിക്കുന്നതിനായി സ്റ്റീൽ ഉത്പാദനം കുറയ്ക്കാൻ ഒരുങ്ങുന്നതായി ജെഎസ്ഡബ്ല്യു സ്റ്റീൽ അറിയിച്ചു.
ചെെനയിൽ നിന്നുള്ള ആവശ്യകത വർദ്ധിക്കുന്നതിനെ തുടർന്ന് മെറ്റൽ വില ഉയർന്നു. SAIL ഒഴികെ നിഫ്റ്റി മെറ്റലിലെ എല്ലാ ഓഹരികളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കെമിക്കൽ കമ്പനികളിൽ ഇന്ന് അനേകം ബെെ ഓർഡറുകൾ കാണപ്പെട്ടു. Deepak Nitrate 9 ശതമാനവും Navin Fluorine 8 ശതമാനവും നേട്ടം കെെവരിച്ചു.
Alkyl Amine, Balaji Amines എന്നീ സ്പെഷ്യാലിറ്റി കെമിക്കൽ ഓഹരികൾ 20 ശതമാനവും Sudarshan Chemicals 16.47 ശതമാനവും GNFC 12.67 ശതമാനവും ഉയർന്നു.

വിപണി മുന്നിലേക്ക്
വാക്സിനുകളെ സംബന്ധിച്ച ശുഭ വാർത്തകൾ, കൊവിഡ് കേസുകളിലെ ഇടിവ് എല്ലാം കണക്കിലെടുത്ത് കൊണ്ട് വിപണി മുകളിലേക്ക് തിരികെ കയറാൻ ആരംഭിച്ചു. ഇത് തന്നെയാണ് വിപണി മുകളിലേക്ക് കയറാൻ പോകുന്നതായി വെള്ളിയാഴ്ചത്തെ പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ടിൽ ഞങ്ങൾ പറഞ്ഞിരുന്നത്.
സ്വകാര്യ ബാങ്കുകളുടെ ഫലം വിപണിയെ മുകളിലേക്ക് പിടിച്ചുയർത്തി. നിഫ്റ്റി 14500ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചതിനാൽ വരും ദിവസങ്ങളിൽ സൂചിക ശക്തമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചേക്കും. അങ്ങനെയെങ്കിൽ സൂചിക വെെകാതെ തന്നെ 14800ലേക്കും അവിടെ നിന്നും 15000ലേക്കും എത്തിയേക്കും. റിലയൻസ് ഓഹരിയും ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. ഓഹരി ഇന്ന് 2.5 ശതമാനം നേട്ടം കെെവരിച്ചു.
32,800-33,000 എന്നത് ബാങ്ക് നിഫ്റ്റിയുടെ പ്രതിരോധ മേഖലകളാണ്.
എന്നാൽ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ സഹായമില്ലാതെ വിപണി മുകളിലേക്ക് കയറില്ല. അനേകം ദിവസങ്ങളായി അവർ ഓഹരികൾ വിറ്റഴിച്ചു കൊണ്ടിരിക്കുകയാണ്. വെെകാതെ തന്നെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങാൻ ആരംഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇന്ത്യയിലെ കൊവിഡ് കേസുകൾ എല്ലാം തന്നെ ശാന്തമായി കൊണ്ട് വിപണി വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കാം. ഏവരും സുരക്ഷിതരായി ഇരിക്കുക.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

