ഐജിഎക്‌സിന്റെ 4.93 ശതമാനം ഓഹരികൾ സ്വന്തമാക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
ഇന്ത്യൻ ഗ്യാസ് എക്‌സ്‌ചേഞ്ചിന്റെ (ഐജിഎക്‌സ്) 4.93 ശതമാനം ഓഹരി ഏറ്റെടുത്ത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി). 3.7 കോടി രൂപയ്ക്കാണ് ഓഹരികൾ ഏറ്റെടുത്തത്. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് നാഷണൽ ലെവൽ ഗ്യാസ് എക്സ്ചേഞ്ചാണ് ഐജിഎക്‌സ്.
അതേസമയം ഗുജറാത്തിലെ മുന്ദ്രയിൽ നിന്ന് ഹരിയാനയിലെ പാനിപ്പത്തിലേക്ക് ക്രൂഡ് ഓയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് 9,028 കോടി രൂപയുടെ നിക്ഷേപത്തിന് ഐഒസിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. ഗുജറാത്ത് തുറമുഖത്ത് നിന്ന് ഹരിയാനയിലെ ഐഒസിയുടെ റിഫൈനറിയിലേക്ക് പ്രതിവർഷം 17.5 ദശലക്ഷം ടൺ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണ എത്തിക്കാൻ പൈപ്പ്ലൈനിന് സാധിക്കും.
2027ഓടെ 35 ജിഗാവാട്ട് റിന്യൂവബിൾ എനർജിയുടെ ശേഷി കൈവരിക്കാൻ എൻടിപിസി
2027-ഓടെ മൊത്തം പുനരുപയോഗ ഊർജ്ജ (റിന്യൂവബിൾ എനർജി) ശേഷി 35 ജിഗാവാട്ട് ആക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് എൻടിപിസി ലിമിറ്റഡ്. 2022-23 ഓടെ 10 ബില്യൺ യൂണിറ്റ് ഗ്രീൻ എനർജി ഉൽപ്പാദിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. സൗരോർജ്ജം, കാറ്റ്, ജലവൈദ്യുതി എന്നിവയുൾപ്പെടെ 2,095.5 മെഗാവാട്ട് ശേഷിയാണ് സർക്കാർ ഉടമസ്ഥതയിലുള്ള എൻടിപിസിക്ക് ഉള്ളത്.
യപൻ ബയോയിൽ ന്യൂനപക്ഷ ഓഹരികൾക്കായി 102 കോടി രൂപ നിക്ഷേപിച്ച് പിരാമൽ ഫാർമ
ഹൈദരാബാദ് ആസ്ഥാനമായുള്ള യപൻ ബയോയിലിൽ 101.77 കോടി രൂപ നിക്ഷേപിച്ച് പിരമൽ ഫാർമ ലിമിറ്റഡ് (പിപിഎൽ). യപൻ ബയോയിലിൽ പിപിഎലിന് 27.78% ഓഹരി ഉണ്ടായിരിക്കും. ഈ നിക്ഷേപം പിരാമൽ ഫാർമയെ അതിന്റെ സേവന വാഗ്ദാനങ്ങൾ വിപുലീകരിച്ച് സിഡിഎംഒ ബിസിനസ് ശക്തിപ്പെടുത്താൻ സഹായിക്കും.
ലി-അയൺ സെൽ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ എക്സൈഡ് ഇൻഡസ്ട്രീസ്
ഇന്ത്യയിൽ ഗ്രീൻഫീൽഡ് മൾട്ടി-ഗിഗാവാട്ട് ലിഥിയം-അയൺ സെൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് എക്സൈഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം പുറപ്പെടുവിച്ച അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ (എസിസി) ബാറ്ററി സ്റ്റോറേജ് സംബന്ധിച്ച നാഷണൽ പ്രോഗ്രാമിനായുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന് അപേക്ഷിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇത് എസിസി ബാറ്ററികളുടെ ഇറക്കുമതി കുറയ്ക്കാൻ സഹായിക്കും. ഇതോടെ എസിസി ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികളുടെ വിലയും കുറയും.
10,000 കോടി രൂപ വരെ സമാഹരിക്കാൻ അനുമതി നൽകി യെസ് ബാങ്ക് ബോർഡ്
വിവിധ മാർഗങ്ങളിലൂടെ 10,000 കോടി രൂപ വരെയുള്ള ധനസമാഹരണത്തിന് അംഗീകാരം നൽകി യെസ് ബാങ്കിന്റെ ഡയറക്ടർ ബോർഡ്. ഇക്വിറ്റി ഷെയറുകൾ, ഡിപ്പോസിറ്ററി രസീതുകൾ, കൺവെർട്ടിബിൾ ബോണ്ടുകൾ, കടപ്പത്രങ്ങൾ അല്ലെങ്കിൽ വാറന്റുകൾ എന്നിവയിലൂടെ ഫണ്ട് സമാഹരിക്കും. ഷെയർഹോൾഡർമാരിൽ നിന്നും റെഗുലേറ്റർമാരിൽ നിന്നുമുളള അനുമതികൾക്ക് വിധേയമായിട്ടാണ് ഫണ്ട് ശേഖരണം.
എൻടിപിസി റിന്യൂവബിൾ എനർജിയിൽ നിന്നും 150 മെഗാവാട്ട് വിൻഡ് പദ്ധതി ഐനോക്സ് വിൻഡിന്
എൻടിപിസി റിന്യൂവബിൾ എനർജി ലിമിറ്റഡിൽ നിന്ന് 150 മെഗാവാട്ട് വിൻഡ് പവർ പ്രോജക്റ്റ് നേടിയെടുത്ത് ഐനോക്സ് വിൻഡ് ലിമിറ്റഡ്. 2032 ഓടെ കമ്പനിയുടെ മൊത്തത്തിലുള്ള വൈദ്യുതി ഉൽപ്പാദന ശേഷിയുടെ 50% ഉൾക്കൊള്ളുന്ന 60 ജിഗാവാട്ട് റിന്യൂവബിൾ എനർജി എന്ന ലക്ഷ്യം കൈവരിക്കാൻ ഈ പദ്ധതി എൻടിപിസിയെ സഹായിക്കും. ഗുജറാത്തിലെ കച്ച് ജില്ലയിലെ ദയാപർ സൈറ്റിൽ ടേൺകീ അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കും. 2023 ഏപ്രിലിൽ കമ്മീഷൻ ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ബാങ്കിംഗ് ബിസിനസ്സ് ഏറ്റെടുക്കാൻ സിഎസ്ബി ബാങ്കിനെ നിയമിച്ച് ആർബിഐ
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പൊതു ബാങ്കിംഗ് ബിസിനസ്സ് ഏറ്റെടുക്കുന്നതിനായി സിഎസ്ബി ബാങ്കിനെ ‘ഏജൻസി ബാങ്കായി’ നിയമിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നികുതി പിരിവ്, പെൻഷൻ പേയ്‌മെന്റുകൾ, സ്റ്റാമ്പ് ഡ്യൂട്ടി ശേഖരണം മുതലായവ കൈകാര്യം ചെയ്യുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളുമായി കരാറിൽ ഏർപ്പെടാൻ സിഎസ്ബി ബാങ്കിന് ഇതിലൂടെ അധികാരം ലഭിക്കും. ജിഎസ്ടി, വസ്തു നികുതി, മൂല്യവർധിത നികുതി എന്നിവ പിരിക്കുവാനുമുള്ള അനുവാദവും ലഭിക്കും.
വിട്ടുമാറാത്ത മലബന്ധത്തിനുള്ള മരുന്ന് പുറത്തിറക്കി ശിൽപ മെഡികെയർ
മുതിർന്നവർക്കുള്ള വിട്ടുമാറാത്ത മലബന്ധത്തിനുള്ള മരുന്നായ ‘പ്രുകാൽഷിൽ’ (പ്രുകലോപ്രൈഡ്) പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച് ശിൽപ മെഡികെയർ ലിമിറ്റഡ്. പ്രായപൂർത്തിയായവരിൽ വിട്ടുമാറാത്ത മലബന്ധത്തിന്റെ രോഗലക്ഷണങ്ങളുടെ ചികിത്സയ്ക്കായിട്ടാണ് പ്രൂകലോപ്രൈഡ് ഉപയോഗിക്കുന്നത്. ഇത് ഗ്യാസ്ട്രോ പോർട്ട്ഫോളിയോ നിർമ്മിക്കാൻ ശിൽപ മെഡികെയറിനെ സഹായിക്കും.
100 കോടി രൂപയ്ക്ക് ജെഎസ്ഡബ്ല്യു സിമന്റിന്റെ ന്യൂനപക്ഷ ഓഹരികൾ ഏറ്റെടുത്ത് എസ്ബിഐ
കംപൽസറി കൺവെർട്ടിബിൾ പ്രിഫറൻസ് ഷെയറുകൾ (സിസിപിഎസ്) വഴി 100 കോടി രൂപയുടെ നിക്ഷേപത്തിന് ജെഎസ്ഡബ്ല്യു സിമന്റ് ലിമിറ്റഡിന്റെ ന്യൂനപക്ഷ ഓഹരികൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഏറ്റെടുത്തു. സിസിപിഎസിനെ പൊതു ഇക്വിറ്റി ആക്കി മാറ്റുന്നത് കമ്പനിയുടെ ഭാവി ബിസിനസ് പ്രകടനവും നിർദ്ദിഷ്ട ഇനിഷ്യൽ പബ്ലിക് ഓഫറിന്റെ സമയത്ത് നിർണ്ണയിക്കപ്പെടുന്ന മൂല്യനിർണ്ണയവുമായി ബന്ധിപ്പിക്കും. ഇത് ്് ജെഎസ്ഡബ്ല്യു സിമന്റിന്റെ നിലവിലെ ശേഷി പ്രതിവർഷം 14 ദശലക്ഷം ടണ്ണിൽ നിന്ന് (എംടിപിഎ) 25 എംടിപിഎയിലേക്ക് വർദ്ധിപ്പിക്കാൻ സഹായിക്കും.
ഒക്ടോബറിൽ 17.6 ലക്ഷം മൊബൈൽ ഉപയോക്താക്കളെ നേടി ജിയോ; എയർടെൽ, വിഐ എന്നിവർക്ക് ഉപയോക്താക്കളെ നഷ്ടമായി
ഒക്ടോബറിൽ 17.6 ലക്ഷം മൊബൈൽ വരിക്കാരെ നേടി റിലയൻസ് ജിയോ ഇൻഫോകോം. ഇതേ മാസത്തിൽ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 42.65 കോടിയായി ഉയർന്നു. അതേസമയം ഭാരതി എയർടെല്ലിന്റെ മൊത്തത്തിലുള്ള മൊബൈൽ ഉപയോക്താക്കളുടെ എണ്ണം ഓഗസ്റ്റ് അവസാനത്തോടെ 35.4 കോടിയായിട്ടുണ്ട്. അതേസമയം വോഡഫോൺ ഐഡിയയ്ക്ക് ഓഗസ്റ്റിൽ 8.33 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു. ഉപയോക്തൃ അടിത്തറ 27.1 കോടിയായി ചുരുങ്ങിയിട്ടുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്) സബ്‌സ്‌ക്രിപ്‌ഷൻ ഡാറ്റ പുറത്തുവിട്ടത്.

