പ്രധാനതലക്കെട്ടുകൾ
Wipro: നിക്കോളാസ് പർമക്സിസിയനെ ഡിസൈനിറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഐടി കമ്പനി നിയമിച്ചു.
Reliance Industries: മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ ജിയോ വേൾഡ് സെന്റർ ആരംഭിച്ച് കമ്പനി.
Rajratan Global Wire: 10 രൂപ വീതമുള്ള ഒരു ഓഹരിയെ 2 രൂപ വീതമുള്ള അഞ്ച് ഓഹരികളാക്കി വിഭജിക്കുന്നതിന് കമ്പനി അംഗീകാരം നൽകി.
Info Edge: ഏഷ്യാ നെറ്റ്‌വർക്കിന്റെ 76 ശതമാനം ഓഹരികൾക്കായി 91 കോടി രൂപയുടെ നിക്ഷേപം നടത്തി കമ്പനി.
Nazara Technologies: ഡാറ്റവർക്ക്സിന്റെ ഓഹരിയുടമകൾക്ക് 25 കോടി രൂപയുടെ ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിന് അംഗീകാരം നൽകി കമ്പനി.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഗ്യാപ്പ് ഡൌണിൽ 16362 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വിൽപ്പനയ്ക്ക് വിധേയമായി താഴേക്ക് വീണു. ശേഷം 16130ൽ സപ്പോർട്ട് രേഖപ്പെടുത്തി തിരികെ കയറിയ സൂചിക 16450ൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. 253 പോയിന്റുകൾ/1.53 ശതമാനം താഴെയായി 16245 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 34574 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വന്ന് 34100ൽ സപ്പോർട്ട് രേഖപ്പെടുത്തി. ശേഷം മുകളിലേക്ക് കയറാൻ ശ്രമിച്ച സൂചിക 35000 മറികടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് 537 പോയിന്റുകൾ/ 1.54 ശതമാനം താഴെയായി 34408 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
മെറ്റൽ, ഓട്ടോ എന്നിവ കുത്തനെ താഴേക്ക് വീണു. അതേസമയം ഐടി ലാഭത്തിൽ അടച്ചു.
യൂഎസ് വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ഇത് യൂറോപ്യൻ വിപണികളുടെ മൂന്ന് ശതമാനം പതനത്തെ അപേക്ഷിച്ച് കുറവാണ്.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണുള്ളത്. നിക്കി 2 ശതമാനം നഷ്ടത്തിൽ കാണപ്പെടുന്നു. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. DAX ഫ്യൂച്ചർ 3 ശതമാനം താഴെയാണുള്ളത്.
SGX NIFTY 15,800-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു വലിയ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,130, 16,000, 15,900. 15600 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,340, 16,410, 16,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 34,000, 33,900, 33,400 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,900, 35,000, 35,250 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17,500, 17000 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 15000, 16000 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 33000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
വിക്സ് 28 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 7,600 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 4,700 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ യൂറോപ്യൻ രാജ്യങ്ങളുമായി യുഎസ് കൂടിയാലോചന നടത്തുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതോടെ ക്രൂഡ് ഓയിൽ വില 130 ഡോളർ എന്ന നിലയിലേക്ക് ഉയർന്നു. ഇതിന് പിന്നാലെയാണ് ആഗോള വിപണികൾ താഴേക്ക് കൂപ്പുകുത്തിയത്.
രാജ്യത്തെ തിരഞ്ഞെടുപ്പ് ഇന്നോടെ അവസാനിക്കുകയാണ്. ഇതിന് പിന്നാലെ ഇന്ധന വില കുതിച്ചു ഉയരാനുള്ള സാധ്യത നിലനിൽക്കുന്നു. അങ്ങനെയെങ്കിൽ പണപ്പെരുപ്പം രൂക്ഷമായേക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന തുടരുകയാണ്. വെള്ളിയാഴ്ച മാത്രം 7600 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റഴിച്ചത്. ആഴ്ചയിൽ 23000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
റഷ്യ ഉക്രൈനിലേക്കുള്ള തങ്ങളുടെ കടന്നുകയറ്റം തുടരുകയാണ്. കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി താത്ക്കാലിക വെടി നിർത്തൽ പുടിൻ പ്രഖ്യാപിച്ചെങ്കിലും വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തുന്ന ഉപരോധങ്ങൾ യുദ്ധ പ്രഖ്യാപനത്തിന് തുല്യമാണെന്നും ഫ്‌ളൈ സോൺ ഏർപ്പെടുത്തിയാൽ അത് യുദ്ധത്തിൽ നേരിട്ടുള്ള പങ്കാളിത്തമായി കാണുമെന്നും പുടിൻ പറഞ്ഞു. മുമ്പ് നടന്ന ചർച്ചകൾ എല്ലാം തന്നെ പരാജയപ്പെട്ടിരുന്നു. മൂന്നാം ഘട്ട ചർച്ച ഇന്ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ റഷ്യൻ ആവശ്യങ്ങളെല്ലാം അംഗീകരിക്കാതെ പുടിൻ യുദ്ധം അവസാനിപ്പിക്കുമെന്ന് തോന്നുന്നില്ല.
നിഫ്റ്റിയിൽ 15600-15900 എന്ന സപ്പോർട്ട് നില ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

