ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് മഹാരാഷ്ട്രയിലെ എഫ്എംസിജി വിതരണക്കാർ. തങ്ങളുടെ ആശങ്കകളോട് പ്രതികരിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതിനാൽ തന്നെ കർശന നടപടി സ്വീകരിക്കുമെന്ന് ഇവർ കോൾഗേറ്റ് പാമോലിവ് ഇന്ത്യ ലിമിറ്റഡിന് മുന്നറിയിപ്പ് നൽകി. പരമ്പരാഗത എഫ്എംസിജി വിതരണക്കാർ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ, അടുത്തുള്ള കടകളിൽ നിന്ന് നമുക്ക് അവശ്യ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് പ്രതിസന്ധിയിലാക്കിയേക്കും. എഫ്എംസിജി സ്ഥാപനങ്ങളുമായി വിതരണക്കാർ സംഘർഷത്തിലായതിനുള്ള കാരണമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
എഫ്എംസിജി വിതരണക്കാർ നിർമാതാക്കൾക്കെതിരെ സമരം നടത്തുന്നത് എന്തിന്?
വിതരണക്കാർ, നിർമാതാക്കൾ, ചില്ലറ വ്യാപാരികൾ എന്നിവർ തമ്മിൽ ഒരു കണ്ണി പോലെ ചേർന്ന് നിന്നാണ് ഇത്രയും കാലം മുന്നോട്ട് പോയിരുന്നത്. പാൽ, റൊട്ടി, മുട്ട, ബിസ്‌ക്കറ്റുകൾ, ലഘുഭക്ഷണങ്ങൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ ഇവർ നിങ്ങളുടെ വീടിന് തൊട്ടടുത്തുള്ള കടകളിൽ എത്തിക്കുന്നു. ഈ പരമ്പരാഗത വിതരണക്കാർ എഫ്എംസിജി കമ്പനികളുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലുടനീളമുള്ള ജനറൽ സ്റ്റോറുകളുടെ ഷെൽഫുകളിൽ എത്തിക്കുന്നു. കൂടാതെ ഉപഭോക്താക്കൾക്ക് ഇവിടെ തിരഞ്ഞെടുക്കാൻ വൈവിധ്യമാർന്ന ഉത്പന്നങ്ങളും ലഭിക്കുമായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, നമ്മുടെ രാജ്യത്തെ മൊത്തത്തിലുള്ള റീട്ടെയിൽ വിപണിയുടെ 90 ശതമാനവും അവർ സേവനം ചെയ്യുന്നു.
പുതിയ കാലത്തെ മൊത്തവ്യാപാര വിതരണക്കാരുടെ വരവ്:
കൊവിഡ് പ്രതിസന്ധി നിർഭാഗ്യവശാൽ വിതരണക്കാരുടെ പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയായി മാറിയിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം പതിനായിരക്കണക്കിന് വിതരണക്കാർക്ക് പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. അതേ സമയം, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, നെസ്‌ലെ ഇന്ത്യ, കോൾഗേറ്റ് പാമോലിവ് ഇന്ത്യ തുടങ്ങിയ പ്രമുഖ എഫ്എംസിജി കമ്പനികൾ പുതിയ കാലത്തെ മൊത്തവ്യാപാര വിതരണക്കാരെ ആശ്രയിക്കാൻ ആരംഭിച്ചു. ജിയോമാർട്ട്, ഉഡാൻ, ബുക്കർ, മെട്രോ ക്യാഷ് & കാരി, ഇലാസ്റ്റിക് റൺ, ജംബോടെയിൽ എന്നിവയുടെ ബിസിനസുകൾ കഴിഞ്ഞ വർഷം അഭിവൃദ്ധി പ്രാപിച്ചു.
ആഗോള വെഞ്ച്വർ ക്യാപിറ്റലിന്റെയും സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളുടെയും പിന്തുണയുള്ളതിനാൽ ഈ സ്ഥാപനങ്ങളുടെ പക്കൽ ധാരാളം പണമുണ്ട്. പരമ്പരാഗത വിതരണക്കാർ ക്രെഡിറ്റിന്റെ അടിസ്ഥാനത്തിൽ സാധനങ്ങൾക്ക് 10-15 ദിവസത്തിനുള്ളിൽ പണം നൽകുമ്പോൾ, ജിയോ മാർട്ട് പോലുള്ള കമ്പനികൾ നിർമ്മാതാക്കൾക്ക് ഉടൻ പണം നൽകും. ഇതേതുടർന്ന് എഫ്എംസിജി കമ്പനികൾ പുതിയ നെറ്റ്‌വർക്കുകൾ തിരഞ്ഞെടുക്കുകയും ഓൺലൈനിൽ പ്രവർത്തിക്കുന്ന മൊത്തവ്യാപാര വിതരണക്കാർക്ക് അവരുടെ ഉൽപ്പന്നങ്ങളിൽ വലിയ കിഴിവ് നൽകുകയും ചെയ്തു.
ഇത് ആത്യന്തികമായി അർത്ഥമാക്കുന്നത്, പുതിയ കാലത്തെ വിതരണക്കാർക്ക് 15-20 ശതമാനം വരെ പരിധിയിലുള്ള വലിയ മാർജിനുകൾ കടയുടമകൾക്ക് നൽകാനാകുമെന്നാണ്. ഇതിനാൽ വളരെ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ വിൽക്കാൻ അവർക്ക് കഴിയും. ജിയോമാർട്ടും ഉഡാനും വാഗ്ദാനം ചെയ്യുന്ന ആപ്പുകൾ ഷോപ്പുടമകൾക്ക് ഉൽപ്പന്നങ്ങൾ കാര്യക്ഷമമായി ലാഭത്തിൽ വിൽക്കാൻ സഹായിക്കുന്നു. ഈ സ്ഥാപനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങിയതിന് ശേഷം കടയുടമകളുടെ മാർജിൻ മെച്ചപ്പെട്ടു. അതേസമയം, പരമ്പരാഗത വിതരണക്കാർക്ക് 7-12 ശതമാനം മാർജിൻ മാത്രമേ നൽകാൻ കഴിയു.
മുന്നിലേക്ക് എങ്ങനെ?
4 ലക്ഷത്തിലധികം വിതരണക്കാരെ പ്രതിനിധീകരിക്കുന്ന ഓൾ ഇന്ത്യ കൺസ്യൂമർ പ്രൊഡക്‌ട്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷൻ പരമ്പരാഗതവും പുതിയതുമായ വിതരണക്കാർ തമ്മിലുള്ള ഉൽപന്നങ്ങളുടെ വില വ്യത്യാസത്തെ കുറിച്ച് എഫ്എംസിജി സ്ഥാപനങ്ങളുമായി ചർച്ച നടത്തിവരികയാണ്. ജിയോമാർട്ടും മറ്റ് കമ്പനികളും സ്ഥാപിച്ച നെറ്റ്‌വർക്കുകൾ തങ്ങളുടെ ബിസിനസുകളെ നശിപ്പിക്കുകയാണെന്ന് പരമ്പരാഗത വിതരണക്കാർ പറയുന്നു.
പുതിയ കാലത്തെ ബിസിനസ്-ടു-ബിസിനസ് സ്ഥാപനങ്ങൾ പ്രാദേശിക ഷോപ്പുകൾക്ക് അവർ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഇത് തങ്ങളുടെ പേരിനെയും പ്രശസ്തിയെയും സാരമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യ കൺസ്യൂമർ പ്രൊഡക്‌ട്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷൻ സ്ഥാപനങ്ങൾക്ക് കത്ത് നൽകി.
ഇതേതുടർന്ന് ജനുവരി 1 മുതൽ പരമ്പരാഗത വിതരണക്കാർ കിരാന സ്റ്റോറുകളിലേക്ക് ജനപ്രിയ എഫ്എംസിജി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത് ബഹിഷ്കരിച്ചു. പുതിയ കാലത്തെ വിതരണക്കാരുടേതിന് സമാനമായ വിലയും മാർജിനും നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നതുവരെ സമരം തുടരുമെന്ന് അവർ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. റിപ്പോർട്ടുകൾ അനുസരിച്ച്, പരമ്പരാഗത വിതരണക്കാർ പൂർണ്ണമായും ബിസിനസ്സിൽ നിന്ന് പുറത്തുപോകാൻ സാധ്യതയില്ല.
വരും ദിവസങ്ങളിൽ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുമെന്ന് കാത്തിരുന്ന് കാണാം.

