കൊവിഡ് മഹാമാരിക്കെതിരായി വാക്സിനുകൾ കണ്ടെത്തിയതോടെ വിവിധ രാജ്യങ്ങൾ തമ്മിൽ ഇവ കെെമാറാൻ ആരംഭിച്ചു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇത് കാരണമായി. ഇന്ത്യ,ചെെന,റഷ്യ, യുകെ തുടങ്ങിയ രാജ്യങ്ങൾ എല്ലാം തന്നെ കൊവിഡ് വാക്സിൻ നിർമിക്കുന്നതിനായി മുന്നിട്ടിറങ്ങുകയും വാക്സിൻ വിതരണത്തിലൂടെ മറ്റു രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു. ഇതിനിടെയാണ് ഇന്ത്യയും ചെെനയും തമ്മിലുള്ള വാക്സിൻ യുദ്ധത്തിന് തുടക്കമായത്. വാക്സിൻ വാറിനെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ച ചെയ്യുന്നത്.
വാക്സിന് വേണ്ടി തമ്മിലടിച്ച് യുകെ- യൂറോപ്യൻ യൂണിയൻ
യൂറോപ്യൻ യൂണിയനിൽ നിന്നും യുകെ പുറത്തായതിന് പിന്നാലെ ഇരു കൂട്ടരും തമ്മിൽ അത്ര നല്ല സ്വരചേർച്ചയിലായിരുന്നില്ല. യൂറോപ്യൻ യൂണിയനും യുകെയും ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമാ കമ്പനിയായ അസ്ട്രാസെനക്കെയാണ് കൊവിഡ് വാക്സിനായി ആശ്രയിക്കുന്നത്.
യുകെയിലും നെതർലാൻഡിലുമാണ് ആസ്ട്രാസെനെക്കയുടെ വാക്സിൻ നിർമിക്കുന്നത്. ആഭ്യന്തര ഉത്പാദനത്തിനുപുറമെ യുകെ യൂറോപ്പിൽ നിന്നും വാക്സിനുകൾ ഇറക്കുമതി ചെയ്തിരുന്നു. യൂറോപ്യൻ യൂണിയന് നേരത്തെ 12 കോടി വാക്സിനുകൾ നൽകാമെന്ന് ആസ്ട്രാസെനക്ക പറഞ്ഞിരുന്നു. എന്നാൽ ഇത് നൽകാൻ സാധിക്കാത്തതിനെ തുടർന്ന് 3 കോടി വാക്സിനുകളാണ് കമ്പനി ആദ്യ പാദത്തിൽ നൽകിയത്.
യുകെ യൂറോപിൽ നിന്നും വാക്സിനുകൾ ഇറക്കുമതി ചെയ്തുവെന്നും ഇതാണ് യൂറോപിൽ വാക്സിൻ ക്ഷാമം ഉണ്ടാകാൻ കാരണമായതെന്നും യൂറോപ്യൻ യൂണിയൻ ആരോപിച്ചു. റഷ്യയുടെ കൊവിഡ് വാക്സിൻ ഉപയോഗിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ പറഞ്ഞുവെങ്കിലും ഹംഗറി പോലുള്ള ചില രാജ്യങ്ങൾ റഷ്യയുടെ സ്പുട്‌നിക്-വി വാക്സിൻ കുത്തിവച്ചു. അതേസയമം വാക്സിൻ ക്ഷാമം തുടരുന്ന സാഹചര്യത്തിൽ യുകെയിൽ നിന്നും വാക്സിൻ കയറ്റുമതി ചെയ്തില്ലെങ്കിൽ ഇ.യുയിൽ നിന്നും വാക്സിനുകൾ കയറ്റി അയക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും യൂറോപ്യൻ യൂണിയൻ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ വാക്സിൻ കുത്തിവയ്പ്പ് എടുത്ത രാജ്യം യുകെയാണ്. യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളെല്ലാം തന്നെ വാക്സിൻ കുത്തിവയ്പ്പിൽ ഏറെ പിന്നിലാണ്.
ഇന്ത്യ -ചെെന വാക്സിൻ യുദ്ധം
കൊവിഡ് മഹാമാരിക്കെതിരെ ഇന്ത്യ രണ്ട് വാക്സിനുകളാണ് വികസിപ്പിച്ചത്. ഒന്ന് ഭാരത് ബയോടെക്കിന്റെ കോവാക്സിനും, രണ്ട് സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സിനുമാണ്. അതേസമയം ചെെന മൂന്ന് കാെവിഡ് വാക്സിനുകളാണ് നിർമിച്ചത്. CoronaVac, CanSino, BBIBP-CorV എന്നിവയാണ് ചെെന പുറത്തിറക്കിയ വാക്സിനുകൾ. ലോകത്തിന് ആവശ്യമായ 60 ശതമാനം വാക്സിനുകളും നിർമിക്കുന്നത് ഇന്ത്യയാണ്. വാക്സിൻ വിതരണത്തിലൂടെ വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു. ഇതോടെ ചെെനീസ് വാക്സിൻ നിർമാതാക്കളായ സിനോഫാർം,സിനോവാക് തുടങ്ങിയവർ തങ്ങളുടെ വാർഷിക ഉത്പാദന ശേഷി വർദ്ധിപ്പിക്കാൻ തുടങ്ങി.
വികസ്വര രാജ്യങ്ങൾക്ക് ഇന്ത്യ ഇതുവരെ എട്ട് കോടി വാക്സിനുകൾ നൽകി. പണം നൽകി വാക്സിൻ വാങ്ങുന്നതിനും മുഴുവൻ ആളുകൾക്കും ഇത് നൽകുന്നതിനും ഇത്തരം വികസ്വര രാജ്യങ്ങൾക്ക് സാമ്പത്തികമായി സാധിക്കില്ല. ഇത്തരം രാജ്യങ്ങൾക്ക് വാക്സിനുകൾ നൽകി നല്ല പേര് സമ്പാദിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയും ചെെനയും. ആഗോള തലത്തിൽ 52 രാജ്യങ്ങളിലേക്കാണ് ചെെന തങ്ങളുടെ വാക്സിൻ വിതരണം ചെയ്തത്.
വാക്സിൻ വിതരണത്തിലൂടെ വിവിധ രാജ്യങ്ങളിൽ സ്വാധീനം ചെലുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. സൗഹൃദ വികസ്വര രാജ്യങ്ങൾക്ക് വാക്സിനുകൾ സംഭാവന ചെയ്യുന്ന വാക്സിൻ മൈത്രി പ്രോഗ്രാമിലൂടെയാണ് ഇന്ത്യ ഇത് നടപ്പാക്കുന്നത്. ചൈനയിൽ നിന്ന് വാക്സിനുകൾക്കായി കാത്തിരിക്കുന്ന പല രാജ്യങ്ങൾക്കും ഇതിനകം തന്നെ ഇന്ത്യ വാക്സിനുകൾ എത്തിച്ചു നൽകി. ചൈനീസ് വാക്സിനുകൾ ജനുവരിയിൽ ലഭിക്കുമെന്ന് കാത്തിരുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യ ആദ്യമായി വാക്സിനുകൾ എത്തിച്ച് നൽകി. അതേസമയം വാണിജ്യ അടിസ്ഥാനത്തിൽ നിരവധി വാക്സിനുകൾ കയറ്റി അയക്കുന്നതിനും ഇന്ത്യയ്ക്ക് ഓർഡറുകൾ ലഭിച്ചിട്ടുണ്ട്.
മറ്റു രാജ്യങ്ങളിലേക്ക് വാക്സിനുകൾ കയറ്റി അയക്കുമ്പോൾ ഇന്ത്യ സ്വന്തം പൗരന്മാരോട് നീതി പുലർത്തുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും വാക്സിനുകൾ കയറ്റി അയക്കുന്ന സർക്കാർ നടപടി ഡൽഹി ഹെെക്കോടതി ഇതിനോട് അകം ചോദ്യം ചെയ്തിരുന്നു. “നമ്മൾ ഇത് പൂർണമായും ഉപയോഗപ്പെടുത്തുന്നില്ല. നമ്മൾ അത് വിദേശ രാജ്യങ്ങൾക്ക് സംഭാവന ചെയ്യുകയോ വിൽക്കുകയോ ചെയ്യുന്നു, എന്നാൽ നമ്മുടെ സ്വന്തം ആളുകൾക്ക് വാക്സിനേഷൻ നൽകുന്നില്ല. ഇതിന് ഉത്തരവാദിത്ത ബോധം ഉണ്ടായിരിക്കണം. ജസ്റ്റിസുമാരായ വിപിൻ സംഘി, രേഖ പല്ലി എന്നിവർ പറഞ്ഞു.
അമേരിക്കൻ ജനസംഘ്യയുടെ 16 ശതമാനം പേർക്ക് ഇത് വരെ വാക്സിൻ നൽകാൻ യുഎസ് ഗവൺമെന്റിന് സാധിച്ചു. എന്നാൽ വാക്സിൻ ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യ, ചെെന എന്നീ രാജ്യങ്ങൾക്ക് തങ്ങളുടെ ജനസംഘ്യയുടെ 2 ശതമാനം ആളുകൾക്ക് പോലും വാക്സിൻ നൽകാൻ സാധിച്ചില്ല. ഈ അടുത്തിടെ മാത്രമാണ് ചെെന തങ്ങളുടെ 60 വയസിന് മുകളിൽ പ്രായമുള്ള പൗരന്മാർക്ക് വാക്സിൻ നൽകാൻ ആംഭിച്ചത്. അതിന് മുമ്പ് ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ് വാക്സിൻ ലഭിച്ചിരുന്നത്.
വാക്സിൻ വിതരണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതെന്ത്?
വില കൂടിയ യുഎസ്, യുകെ വാക്സിനുകൾ വാങ്ങാൻ സാധിക്കാത്ത രാജ്യങ്ങൾക്ക് വാക്സിൻ നൽകി നല്ല പേര് സമ്പാദിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക, സീഷെൽസ്, മൗറീഷ്യസ് എന്നിവർക്ക് മറ്റ് രാജ്യങ്ങൾ വാക്സിൻ എത്തിക്കുന്നതിന് മുമ്പ് തന്നെ വാക്സിൻ നൽകാൻ ഇന്ത്യക്ക് കഴിഞ്ഞു. ഇത് അയൽ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തും.
വാക്സിൻ വിതരണത്തിലൂടെ നയതന്ത്ര മേഖലയിൽ ചെെനയ്ക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയുടെ അയൽ രാജ്യങ്ങൾക്ക് വാക്സിൻ നൽകുമെന്ന് ചെെന ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും വാക്സിൻ ആദ്യം വിതരണം ചെയ്തത് ഇന്ത്യയാണ്.
വില കൂടിയ വാക്സിനുകൾ വാങ്ങാനാകാത്തവർക്ക് ഇന്ത്യയുടെ വാക്സിൻ ഏറെ സഹായകരമായി. ലോക ജനതയ്ക്ക് ആവശ്യമായ വാക്സിൻ നിർമിക്കുന്നതിലൂടെ ഇന്ത്യൻ ഫാർമാ മേഖല ശക്തമായ മുന്നേറ്റം വരും കാലങ്ങളിൽ നടത്തിയേക്കും. വാക്സിന്റെ ആവശ്യകത വർദ്ധിച്ചാൽ പാശ്ചാത്യ രാജ്യങ്ങൾ പോലും ഇന്ത്യയിൽ നിന്നും കൂടുതൽ വാക്സിൻ ഇറക്കുമതി ചെയ്തേക്കും. വികസിത രാജ്യങ്ങളിൽ ഇന്ത്യൻ വാക്സിന് ഉയർന്ന ബ്രാൻഡ് മൂല്യമില്ല. എന്നാൽ ആഗോള തലത്തിൽ ക്രമേണ വാക്സിന്റെ മതിപ്പിന് വ്യത്യാസം സംഭവിക്കും. ഇന്ത്യ വാക്സിന്റെ ആഗോള വിതരണ, ഉത്പാദകർ ആയാൽ രാജ്യത്തിന്റെ ജി.ഡി.പിക്ക് അത് ഏറെ ഗുണം ചെയ്തേക്കും.

