യുഎസ് മാർക്കറ്റുകൾ താഴേക്ക് ; സിപിഐ 5.4% ഉയർന്നു
വിതരണ ശ്യംഖലയിലെ തടസ്സങ്ങൾ കാരണം സിപിഐയിൽ കഴിഞ്ഞ വർഷത്തെ 5.4% വർദ്ധന. ഇതോടെ യുഎസ് വിപണി പതുക്കെ താഴേക്ക് നീങ്ങി. ക്രൂഡ് ഓയിൽ വില 7 വർഷത്തെ ഏറ്റവും ഉയർന്ന റാലിക്ക് ശേഷം 82.5 എന്ന പ്രതിരോധ നിലക്കു മുകളിൽ ശാന്തമായി വ്യാപാരം നടത്തുന്നു.ചെറിയ ഇടവേളയ്ക്ക് ശേഷം എസ് ആന്റ് പി 500 നാലാം ദിവസം ഇടിഞ്ഞു, അതേസമയം 10 വർഷത്തെ ട്രഷറി വരുമാനം 1.55 ശതമാനത്തിൽ താഴെയായി, താഴ്ന്ന നിരക്കുകൾ ടെക് ഷെയറുകളിലെ സമ്മർദ്ദം കുറച്ചിട്ടുണ്ട്. ഇത് നാസ്ഡാക്ക് 100 പച്ചയിൽ വ്യാപാരം ചെയ്യാൻ സഹായിച്ചു.
സ്റ്റോക്സ് യൂറോപ്പ് 0.77% ഉയർന്നു
ഡൗ ജോൺസ് 0.48% കുറഞ്ഞു
നാസ്ഡാക്ക് 0.40% ഉയർന്നു
ചിപ്പ് ക്ഷാമം; ഐഫോൺ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ സാധ്യത
ചിപ്പ് ക്ഷാമം മൂലം പ്രതിസന്ധിയിലായി യുഎസ് ടെക് ഭീമൻ ആപ്പിളും. ആപ്പിളിന്റെ ഐഫോൺ ഉത്പാദനം വെട്ടിക്കുറയ്ക്കാനാണ് സാധ്യത. 2021 ഐഫോൺ 13 ന്റെ ഉത്പാദനം 1 കോടി യൂണിറ്റ് മുതൽ 8 കോടി യൂണിറ്റ് വരെ ആയിരുന്നു ലക്ഷ്യം വച്ചിരുന്നത്. ഇത് കുറയ്ക്കുവാനാണ് സാധ്യത. 2021 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 9 കോടി പുതിയ ഐഫോണുകൾ നിർമ്മിക്കുമെന്നാണ് കമ്പനി പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ഇവയുടെ ഉത്പാദനത്തിന് വേണ്ടിയുള്ള ഘടകങ്ങൾ എത്തിക്കാൻ ബ്രോഡ്കോമും ടെക്സാസ് ഇൻസ്ട്രുമെന്റ്സും പാടുപെടുകയാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളായി ചിപ്പ് ക്ഷാമം കുറയുന്നു എന്ന് ഇന്ത്യൻ വാഹന നിർമ്മാതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യൻ ഓട്ടോമേഖലയിൽ ഈയാഴ്ച കാളക്കുതിപ്പാണ് ദൃശ്യമാകുന്നത്.
5.4% ആയി ഉയർന്ന് യുഎസ് പണപ്പെരുപ്പം
യുഎസ് ഉപഭോക്തൃ വില സൂചിക കഴിഞ്ഞ വർഷത്തേക്കൾ സെപ്റ്റംബറിൽ 5.4 ശതമാനവും ഓഗസ്റ്റിനെ അപേക്ഷിച്ച് 0.4 ശതമാനവും വർദ്ധിച്ചതായി യുഎസ് തൊഴിൽ വകുപ്പ്. ഭക്ഷണ, ഊർജ്ജ മേഖലകളിൽ ഒഴികെയുള്ള പണപ്പെരുപ്പം സെപ്റ്റംബറിൽ 0.2% ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4% ആണ് പണപ്പെരുപ്പം ഉയർന്നു. വിതരണ ശൃംഖല തടസ്സങ്ങളാണ് പണപ്പെരുപ്പം വർദ്ധിക്കാൻ കാരണമെന്നാണ് പവലും വൈറ്റ് ഹൗസും അറിയിച്ചത്.
റെക്കോർഡിൽ ചൈനയുടെ കൽക്കരി വില
ചൈനയുടെ കൽക്കരി വിലയിൽ റെക്കോർഡ് വില വർധന. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം പ്രധാന കൽക്കരി ഉൽപാദന പ്ലാന്റുകളെ ബാധിച്ചതാണ് വില വർധനവിന് കാരണം. കൽക്കരി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും വ്യാവസായിക പ്ലാന്റുകളിലെ വൈദ്യുതി ആവശ്യകത നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികൾ ചൈന കൈക്കൊണ്ടിട്ടുണ്ട്, അതേസമയം വൈദ്യുതി ഉൽപാദകരും കൽക്കരി ഉപയോക്താക്കളും കൽക്കരി ഇറക്കുമതിയും വർദ്ധിപ്പിക്കുന്നുണ്ട്.
കൊമ്പാസു ചുഴലിക്കാറ്റ് കാരണം നിർത്തിവച്ച് ഹോങ്കോംഗ് സ്‌റ്റോക്ക് ട്രേഡിംഗ്
ഹോങ്കോംഗിൽ 6.3 ട്രില്യൺ ഡോളറിന്റെ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങ് റദ്ദാക്കി. കൊമ്പാസു ചുഴലിക്കാറ്റിനെ തുടർന്നാണിത്. ഹോങ്കോംഗ്-ചൈന സ്റ്റോക്ക് കണക്റ്റും ഡെറിവേറ്റീവ് മാർക്കറ്റുകളും ഉൾപ്പെടെയുള്ള സെക്യൂരിറ്റീസ് ട്രേഡിംഗുകളും ഹോങ്കോംഗ് എക്സ്ചേഞ്ചസ് ആൻഡ് ക്ലിയറിംഗ് സസ്പെൻഡ് ചെയ്തു.
ഊർജ്ജ പ്രതിസന്ധിക്ക് കാലാവസ്ഥാ നയങ്ങളെ കുറ്റപ്പെടുത്താനാകില്ല: ഐഇഎ
അന്താരാഷ്ട്ര കാലാവസ്ഥാ നയങ്ങളും ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള മാറ്റവുമല്ല യൂറോപ്പിലെയും ഏഷ്യയിലെയും ഊർജ്ജ പ്രതിസന്ധിക്ക് കാരണമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി . കോവിഡിൽ നിന്നുള്ള സാമ്പത്തിക തിരിച്ചു വരവിന്റെ ഫലമാണിതെന്നും അതേസമയം വിതരണ ശ്യംഖലയിലെ തടസങ്ങളും യൂറോപ്പിലെ ശൈത്യകാലവും, ബ്രസീലിലെ വരൾച്ചയും ഈ പ്രതിസന്ധി വർധിപ്പിച്ചെന്നും ഐഇഎ പറഞ്ഞു.

