ഇന്ത്യയിലെ മൊത്തം ഊർജ ആവശ്യകത എക്കാലത്തെയും ഉയർന്ന നിരക്ക് രേഖപ്പെടുത്തി
ഇന്ത്യയിലെ മൊത്തം ഊർജ ആവശ്യകത എക്കാലത്തെയും ഉയർന്ന നിരക്കായ 197.06 ജിഗാവാട്ട് രേഖപ്പെടുത്തി. കാലവർഷം വൈകിയതിനാൽ പല സംസ്ഥാനങ്ങളും ഉയർന്ന താപനിലയിലാണുള്ളത്. കൊവിഡ് നിയന്ത്രണങ്ങളും വെെദ്യുതി ഉപയോഗം വർദ്ധിക്കാൻ കാരണമായി. പോയമാസം, ദിവസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി വിതരണ നിരക്ക് എന്നത് 191.51 ജിഗാവാട്ടായിരുന്നു.
ചിപ്പ് ക്ഷാമം, ജാഗ്വാർ ലാൻഡ് റോവറിന് തിരിച്ചടിയായേക്കും
ആഗോള ചിപ്പ് ക്ഷാമം 2022ൽ കമ്പനിയുടെ വരുമാനത്തെ ബാധിച്ചേക്കുമെന്ന് ടാറ്റാ മോട്ടോർസിന്റെ അനുബന്ധ സ്ഥാപനമായ ജാഗ്വാർ ലാൻഡ് റോവർ വ്യക്തമാക്കി. ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ 235,000 യൂണിറ്റ് വരെ ഉത്പ്പാദനം നടത്താൻ കമ്പനി ലക്ഷ്യമിട്ടിരുന്നുവെങ്കിലും ചിപ്പ് ക്ഷാമം കാരണം 150,000 യൂണിറ്റുകൾ മാത്രമേ ഉത്പാദിപ്പിക്കാൻ സാധിച്ചുള്ളു.
ടിപി സെൻട്രൽ ഒഡീഷ ഡിസ്ട്രിബ്യൂഷനുമായി കെെകോർത്ത് ഇൻഡസ്ഇൻഡ് ബാങ്ക്
സംസ്ഥാനത്തെ 300 അർദ്ധനഗര, ഗ്രാമപ്രദേശങ്ങളിൽ വൈദ്യുതി ബിൽ അടയ്ക്കുന്നതിനായി ഡിജിറ്റൽ ശൃംഖല ആരംഭിക്കുന്നതിന് വേണ്ടി ടിപി സെൻട്രൽ ഒഡീഷ ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡുമായി കെെകോർത്ത് ഇൻഡസ്ഇൻഡ് ബാങ്ക്. ടാറ്റാ പവറിന്റെയും ഒഡീഷ സർക്കാരിന്റെയും സംയുക്ത സംരംഭമാണ് ടിപിസിഒഡിഎൽ.
ഒന്നാം പാദത്തിൽ ജിൻഡാൽ സ്റ്റീലിന്റെ പ്രതിവർഷ ഉത്പാദനം 20 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി
ജൂണിലെ ഒന്നാം പാദത്തിൽ ജിൻഡാൽ സ്റ്റീലിന്റെ പ്രതിവർഷ ഉത്പാദനം 20 ശതമാനം വർദ്ധിച്ച് 2.01 മില്യൺ ടണ്ണായി. എക്കാലത്തെയും ഉയർന്ന ത്രൈമാസ ഉത്പാദനമാണിത്.
550 കോടി രൂപ സമാഹരിക്കാൻ റിലയൻസ് ഇൻഫ്രായ്ക്ക് അനുമതി ലഭിച്ചു
550.56 കോടി രൂപ സമാഹരിക്കാനുള്ള നിർദ്ദേശത്തിന് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരി ഉടമകൾ അനുമതി നൽകി. ഇതിലൂടെ ലഭിക്കുന്ന പണം കമ്പനിയുടെ പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും ഭാവി വളർച്ചയ്ക്ക് ധനസഹായം നൽകുന്നതിനായും ഉപയോഗിക്കും. 8.88 ഇക്യുറ്റി ഓഹരികളാണ് കമ്പനി വിതരണം ചെയ്യുക.
ഡിക്സൺ ടെക്നോളജീസുമായി കൈകോർത്ത് ഭാരതി എന്റർപ്രൈസസ്
ടെലികോം ഉപകരണ നിർമാണം ആരംഭിക്കുന്നതിനായി ഡിക്സൺ ടെക്നോളജീസുമായി കൈകോർത്ത് ഭാരതി എന്റർപ്രൈസസ്. പദ്ധതിക്കായി ഇരു കമ്പനികളും 200-250 കോടി രൂപ നിക്ഷേപിക്കും. ടെലികോം, നെറ്റ്‌വർക്ക് ഉപകരണ നിർമാണത്തിനായി ഗവൺമെന്റിന്റെ പിഎൽഐ പദ്ധതിക്കായും ഡിക്സൺ അപേക്ഷ സമർപ്പിച്ചു.
ബജാജ് ഹെൽത്ത് കെയറിന്റെ 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് മരുന്നിന് ഡിആർഡിഒ അനുമതി
2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് മരുന്ന് നിർമിക്കാനും വിൽക്കാനും ബജാജ് ഹെൽത്ത് കെയറിന് അനുമതി നൽകി ഡിആർഡിഒ. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനാണ് മരുന്ന് നിർമിച്ചിട്ടുള്ളത്.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസുമായി കെെകോർത്ത് ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് എന്നീ കമ്പനികൾ തമ്മിൽ കോർപ്പറേറ്റ് ഏജൻസി കരാറിൽ ഒപ്പുവച്ചു. ബജാജ് അലയൻസ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് മോട്ടോർ ഇൻഷുറൻസ്, ട്രാവൽ ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ഹോം ഇൻഷുറൻസ് എന്നിവ ഇതിലൂടെ വാഗ്ദാനം ചെയ്യപ്പെടും.

