ഇന്നത്തെ വിപണി വിശകലനം
നഷ്ടത്തിൽ അടച്ച് വിപണി, ഫിനാൻഷ്യൽ ഓഹരികൾ കൂപ്പുകുത്തി.
ഗ്യാപ്പ് ഡൗണിൽ 120 പോയിന്റുകളുടെ നഷ്ടത്തിൽ 14777 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും 14850 ശക്തമായ പ്രതിരോധം തീർത്തു. ഇതേതുടർന്ന് മണിക്കൂറുകളോളം അസ്ഥിരമായി നിന്ന വിപണി ഒരു മണിയോടെ താഴേക്ക് വീഴാൻ ആരംഭിച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 263 പോയിന്റുകൾ/ 1.77 ശതമാനം താഴെയായി 14631 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഗ്യാപ്പ് ഡൗണിൽ 500 പോയിന്റുകളുടെ നഷ്ടത്തിൽ 33714 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഒരു മണിവരെ അസ്ഥിരമായി നിന്നു. ശേഷം നിഫ്റ്റിക്ക് സമാനമായി ബാങ്ക് നിഫ്റ്റിയും കൂപ്പുകുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 932 പോയിന്റ്/ 2.77 ശതമാനം താഴെയായി 32781 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഫിൻ നിഫ്റ്റി ഇന്ന് 3 ശതമാനവും ബാങ്ക് നിഫ്റ്റി ഇന്ന് 2.77 ശതമാനവും ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി ഫാർമ മാത്രമാണ് ഇന്ന് 1.28 ശതമാനം നേട്ടം കെെവരിച്ച് ലാഭത്തിൽ അടച്ചത്. നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്.എം.സി.ജി എന്നിവ ഇന്ന് 1-1.3 ശതമാനം നഷ്ടം രേഖപ്പെടുത്തി.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് കാണുന്നത്.
നിർണായക വാർത്തകൾ
മഹാരാഷ്ട്ര സർക്കാർ ലോക്ക്ഡൗൺ മെയ് 15 വരെ നീട്ടി. ഇത് വിപണിക്ക് ഒട്ടും നല്ലതല്ല. ഒപ്പം വാക്സിന്റെ ലഭ്യത കുറവും ആശങ്ക ഉയർത്തുന്നു. PVR 4.4 ശതമാനം ഇടിഞ്ഞു.
AU Small Finance Bank-ന്റെ അറ്റാദായം മാർച്ച് പാദത്തിൽ 38 ശതമാനം വർദ്ധിച്ച് 168.98 കോടി രൂപയായി. എന്നാൽ നോൺ പ്രോഫിറ്റ് ആസ്തി 1.68 ശതമാനത്തിൽ നിന്ന് 4.25 ആയി ഉയർന്നു. ഇത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കി. ഇതിന് പിന്നാലെ ഓഹരി ഇന്ന് 10 ശതമാനം നഷ്ടം രേഖപ്പെടുത്തി.
ഇത് മുഴുവൻ ഫിനാൻഷ്യൽ മേഖലേയും ബാധിച്ചു. HDFC, HDFC Bank എന്നിവ 4 ശതമാനം വീതം നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി 50 ലൂസർ പട്ടികയിലുള്ള ആദ്യ അഞ്ച് ഓഹരികളിൽ നാലും ഫാനാൻഷ്യൽ ഓഹരികളാണ്.
അബുദാബി നാഷണൽ ഓയിൽ കമ്പനി ഏഷ്യയിലെ ചില ബെെയേയ്സിനുള്ള ജൂലെെയ് മാസത്തെ എണ്ണവിതരണം 20 ശതമാനമായി കുറച്ചു. ഇത് വിലക്കയറ്റത്തിനുള്ള സൂചന നൽകുന്നു. ഇതിനാൽ തന്നെ അനേകം എനർജ്ജി കമ്പനികൾ രാവിലെ കത്തിക്കയറി.
നിഫ്റ്റി എനർജ്ജിയിലെ നാല് കമ്പനികൾ മാത്രമാണ് ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടിയത്. ONGC 4 ശതമാനവും Coal India 4 ശതമാനവും IOC 2.19 ശതമാനവും BPCL 0.54 ശതമാനവും നേട്ടം കെെവരിച്ചു.
42600 കോടി രൂപയ്ക്ക് അമേരിക്കൻ ഗ്ലോബൽ ഇൻവസ്റ്റ്മെന്റ് സ്ഥാപനമായ കെ.കെ.ആറിൽ നിന്നും വിറ്റാമിൻ ബ്രാൻഡ് വാങ്ങാൻ Nestle പദ്ധതിയിടുന്നു.
പണയം വച്ചിരുന്ന 13 ലക്ഷം ഓഹരികൾ പ്രെമോർട്ടമാർ തിരികെയെടുത്തതിന് പിന്നാലെ JSW Energy ഓഹരി ഇന്ന് 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.
മാർച്ച് പാദത്തിലെ പ്രതിവർഷ ഏകീകൃത അറ്റാദായം 23 ശതമാനം വർദ്ധിച്ച് 220 കോടി രൂപയായതിന് പിന്നാലെ Marico ഇന്ന് 5 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചെങ്കിലും പിന്നീട് ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.
ആവശ്യകത കുറഞ്ഞതിനെ തുടർന്ന് ഫാക്ടറികളിലെ നിർമാണം വെട്ടിച്ചുരുക്കുന്നതായി Havells India’s സി.ഇ.ഒ പറഞ്ഞതിന് പിന്നാലെ ഓഹരി 2.4 ശതമാനം ഇടിഞ്ഞു.
ഹ്യൂലറ്റ് പാക്കാർഡ് എന്റർപ്രൈസുമായി കെെകോർത്തതിന് പിന്നാലെ Wipro ഓഹരി ഇന്ന് 4 ശതമാനം ഉയർന്നെങ്കിലും പിന്നീട് ഫ്ലാറ്റായി അടയ്ക്കപെട്ടു.
വിപണി മുന്നിലേക്ക്
AU Small Finance Bank-ന്റെ ഫലം ഫിനാൻഷ്യൽ ഓഹരികളിൽ നിക്ഷേപിക്കുന്നതിലെ അപകടം സൂചിപ്പിക്കുന്നു. എൻ.പി.എ വർദ്ധിക്കുന്നത് ശരിക്കും ആശങ്ക ഉയർന്നുന്ന കാര്യമാണ്. എന്നാൽ HDFC Bank, ICICI Bank എന്നിവ മികച്ച ഫലങ്ങളാണ് പുറത്തുവിട്ടത്.
ബാങ്കുകളുടെ എൻ.പി.എ വർദ്ധിക്കുന്നത് രാജ്യത്തെ ഫിനാൻഷ്യൽ മേഖലയെ തന്നെ സാരമായി ബാധിച്ചേക്കാം. ഇക്കാരണത്താലാണ് ഫിനാൻഷ്യൽ മേഖല പൂർണമായും ഇന്ന് കൂപ്പുകുത്തിയത്.
SBI, HDFC Bank എന്നീ സ്ഥാപനങ്ങൾക്ക് എല്ലാം തന്നെ മൂലധനം സമാഹരിക്കാൻ വളരെ എളുപ്പമാണ്. അതിനാൽ തന്നെ വിപണി തിരികെ കയറിയേക്കും.
ഇന്നലെ സൂചിപ്പിച്ചത് പോലെ 15000 ശക്തമായ ഒരു പ്രതിരോധമായി നിഫ്റ്റിക്ക് മുന്നിൽ നിൽക്കുകയാണ്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ലാഭമെടുപ്പ് ആരംഭിച്ചതും 14150ൽ നിന്നും 15000ലേക്ക് കയറിയ സൂചികയെ പിന്നിലേക്ക് വലിക്കാൻ കാരണമായി.
ഏപ്രിൽ 1 മുതൽ ഇത് വരെ നോക്കിയാൽ നിഫ്റ്റി 150 പോയിന്റുകളുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
മെയ് ആദ്യ ദിവസങ്ങളിൽ നിഫ്റ്റിയിൽ പെട്ടന്ന് ഒരു നീക്കം ഉണ്ടായേക്കാം. ഇനി ഒരിക്കൽ കൂടി സൂചിക 15000 പരീക്ഷിച്ചാൽ അത് ഏറെ നിർണായകമാകും.
അതേസമയം വിപണി ഇടിയുമ്പോൾ നിങ്ങളുടെ ഇഷ്ട ഓഹരികളിൽ കൂടുതൽ നിക്ഷേപം നടത്താൻ ശ്രമിക്കുക. കാരണം വിപണി ഇവിടെ തന്നെയുണ്ട് അത് തീർച്ചയായും തിരികെ കയറുക തന്നെ ചെയ്യും. എന്നാൽ എപ്പോൾ കയറുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

