ജൂലെെയിൽ ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം 7.2 ശതമാനം വർദ്ധിച്ചു
ജൂലെെയിൽ ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക (ഐഐപി) മുൻ മാസത്തേ അപേക്ഷിച്ച് 7.2 ശതമാനം വർദ്ധിച്ച് 131.4 ആയി. വാർഷിക അടിസ്ഥാനത്തിൽ ജൂലൈയിൽ 11.5 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ജൂണിലെ വർദ്ധനവ് 7.4 ശതമാനമായിരുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിമാസ ഉത്പാദനം 8.2 ശതമാനം ഉയർന്നു. അതേസമയം ജൂലൈയിലെ വൈദ്യുതി ഉത്പാദനം ജൂണിനെ അപേക്ഷിച്ച് 9.2 ശതമാനമായി വർദ്ധിച്ചു.
സെമികണ്ടക്ടർ ക്ഷാമം, ആഗസ്റ്റിൽ വാഹന വിൽപ്പന 11 ശതമാനമായി ഇടിഞ്ഞു
സെമികണ്ടക്ടർ ചിപ്പ് ക്ഷാമത്തെ തുടർന്ന് ആഗസ്റ്റിൽ ഇന്ത്യയിലെ ഓട്ടോമൊബൈൽ മൊത്തക്കച്ചവടം 11 ശതമാനം ഇടിവ് രേഖപ്പെടുത്തി. വാണിജ്യ വാഹനങ്ങൾ ഒഴികെയുള്ള ഓട്ടോമൊബൈൽ വാഹനങ്ങളുടെ മൊത്തവ്യാപാരം 15.86 ലക്ഷം യൂണിറ്റായി കുറഞ്ഞു. പോയവർഷം ഇത് 17.90 ലക്ഷം യൂണിറ്റായിരുന്നു. പാസഞ്ചർ വാഹനങ്ങളുടെ വിൽപന
7 ശതമാനം ഉയർന്നു. 2.32 ലക്ഷം പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയാണ് ആഗസ്റ്റിൽ നടന്നത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് ആണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
കടപത്രവിതരണത്തിലൂടെ 6000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി പഞ്ചാബ് നാഷണൽ ബാങ്ക്
കടപത്രവിതരണത്തിലൂടെ 6000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി പഞ്ചാബ് നാഷണൽ ബാങ്ക്. ബാങ്കിന്റെ ഡയറക്ടർ ബോർഡ് ഇതിനായി അംഗീകാരം നൽകി. ബേസൽ-3 കംപ്ലൈൻറ് അഡീഷണൽ ടയർ-1 ബോണ്ടുകളും AT-2 ബോണ്ടുകളുമാകും ബാങ്ക് വിതരണം ചെയ്യുക. അതേസമയം ഉത്സവ സീസണിനോട് അനുബന്ധിച്ച് പിഎൻബി റീട്ടെയിൽ ഉത്പ്പന്നങ്ങളുടെയും മറ്റു സേവനങ്ങളുടെയും നിരക്കുകളും പ്രോസസിംഗ് ഫീസുകളും ഒഴിവാക്കി.
പൂർണ്ണ ശേഷിയിൽ ആഭ്യന്തര വിമാന സർവീസ് നടത്താൻ ലക്ഷ്യമിട്ട് ഇൻഡിഗോ
2021 ഡിസംബറോടെ ആഭ്യന്തര വിമാനങ്ങൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് (ഇൻഡിഗോ). ബ്ലൂംബെർഗാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 70 ശതമാനമാണ് കമ്പനിയുടെ നിലവിലെ ലോഡ് ഫാക്ടർ. കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും യാത്രകൾ ആരംഭിക്കുകയും ചെയ്തതോടെ അന്താരാഷ്ട്ര റൂട്ടുകളിലെ മൂന്നിൽ രണ്ട് ഭാഗവും സ്വന്തമാക്കാനാണ് ഇൻഡിഗോ ലക്ഷ്യമിടുന്നത്. വിമാന കമ്പനികളുടെ ശേഷി 65 ശതമാനത്തിൽ നിന്ന് 72.5 ശതമാനമായി ഉയർത്താൻ ആഗസ്റ്റിൽ ആഭ്യന്തര വ്യോമയാന മന്ത്രാലയം അനുമതി നൽകിയിരുന്നു.
ജിയോഫോൺ നെക്സ്റ്റ് ലോഞ്ച് മാറ്റിവച്ചു
റിലയൻസ് ജിയോയും ഗൂഗിളും ചേർന്ന് പുറത്തിറക്കുന്ന ജിയോഫോൺ നെക്സ്റ്റിന്റെ ലോഞ്ച് മാറ്റിവച്ചു. ആഗോളതലത്തിലെ സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം മൂലമാണ് ലോഞ്ച് മാറ്റിവച്ചത്. ഇന്നായിരുന്നു ഫോൺ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല, ദീപാവലിക്കു മുൻപ് സ്മാർട്ട്ഫോൺ പുറത്തിറക്കാനാണ് ശ്രമം. അതേസമയം പരീക്ഷണാടിസ്ഥാനത്തിൽ ജിയോഫോൺ നെക്സ്റ്റ് ചുരുക്കം ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി വേദാന്ത് ഫാഷൻസ്
പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി വേദാന്ത് ഫാഷൻസ്. ഇതിനായി കമ്പനി സെബിക്ക് അപേക്ഷ സമർപ്പിച്ചു. ഐപിഒ വഴി ധനസമാഹരണം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലെ ഓഹരിയുടമകളുടെ പക്കലുള്ള 3.63 കോടി ഓഹരികൾ ഓഫർ ഫോർ സെയിലിലൂടെ വിതരണം ചെയ്യും. ഇന്ത്യൻ വിവാഹ വസ്ത്ര വിപണിയിലെ മുൻനിര ബ്രാൻഡാണ് വേദാന്ത് ഫാഷൻസിന്റെ മാന്യവർ.
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്ര സർക്കാർ
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്ര സർക്കാർ. മൂന്ന് മാസത്തേക്കാണ് നീട്ടിയത്. 2021 ഡിസംബർ 31 ആണ് അവസാന തീയ്യതി. ആദായനികുതി പോർട്ടലിലെ തകരാറുകൾ കാരണമാണ് സമയപരിധി നീട്ടിയത്. നികുതി പോർട്ടലിലെ തകരാറുകൾ പരിഹരിക്കുന്നതിനും നികുതിദായകർക്ക് ഫയലിംഗ് സുഗമമാക്കാനും ശ്രമിക്കുന്നതായി ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

