ഇന്നത്തെ വിപണി വിശകലനം
എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി നിഫ്റ്റി.
16,520 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ രണ്ട് മണികൂറിൽ രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്ന നിലമറികടന്ന് ഏറെ നേരം അസ്ഥിരമായി നിന്നുവെങ്കിലും 16589 എന്ന പുതിയ ഉയരം സ്വന്തമാക്കി. ശേഷം ലാഭമെടുപ്പിനെ തുടർന്ന് സൂചികയ്ക്ക് മുകളിലേക്ക് നീങ്ങാനായില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 34 പോയിന്റുകൾ/ 0.21 ശതമാനം മുകളിലായി 16,563 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഫ്ലാറ്റായി 36115 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയത്. സൂചിക ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെട്ടു. ശേഷം ദിവസത്തെ താഴ്ന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 75 പോയിന്റുകൾ/ 0.21 ശതമാനം താഴെയായി 36094 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മെറ്റൽ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. നിഫ്റ്റി മീഡിയ, പി.എസ്.യു ബാങ്ക് എന്നിവ നഷ്ടത്തിൽ അടച്ചു. മറ്റു മേഖലകൾ ഏറെയും അസ്ഥിരമായി കാണപ്പെട്ടു.
ഏഷ്യൻ വിപണികളും യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
മികച്ച ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Tata Steel ഓഹരി ഇന്ന് 3.9 ശതമാനം വർദ്ധിച്ച് 52 ആഴ്ചയിലെ ഉയർന്ന നില കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. മറ്റു സ്റ്റീൽ ഓഹരികളായ JSW Steel(+1.6%), HindZinc(+3.1%), Vedanta(+2.3%), Jindal Steel(+1.4%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.
സൗദി അരാംകോയുമായി വലിയ കരാറിനായി ചർച്ച നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ Reliance ഓഹരി ഇന്ന് 1.3 ശതമാനം നേട്ടം കെെവരിച്ചു.
Bajaj Finance(+3.5%), Finserv(+1.6%) എന്നിങ്ങനെ നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. HDFC 1 ശതമാനം നേട്ടം കെെവരിച്ചു.
ആകർഷകമായ വിലയിൽ XUV-700 എന്ന പുതിയ വാഹനം അവതരിപ്പിച്ചതിന് പിന്നാലെ M&M ഓഹരി ഇന്ന് 2.6 ശതമാനം നേട്ടം കെെവരിച്ചു. നിഫ്റ്റി ഓട്ടോയിൽ നിന്നും ഈ ഓഹരി മാത്രമാണ് ലാഭത്തിൽ അടച്ചത്.
വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങൾ വിൽപ്പനയെ ബാധിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ Maruti ഓഹരി വില 2.5 ശതമാനം ഇടിഞ്ഞു. Bajaj-Auto(-2%), Eicher Motors(-2%), Tata Motors(-1.1%) എന്നിങ്ങനെ നഷ്ടത്തിൽ അടച്ചു.
ഒന്നാം പാദത്തിൽ മികച്ച ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Apollo Hospitals ഓഹരി ഇന്ന് 6.9 ശതമാനം നേട്ടം കെെവരിച്ചു. Fortis 8.9 ശതമാനം ഉയർന്നു.
ഒന്നാം പാദത്തിൽ മോശം ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Vodafone Idea ഇന്ന് 5.5 ശതമാനം ഇടിഞ്ഞു. കമ്പനിക്ക് വായ്പ്പ നൽകിയിട്ടുള്ള IDFC First Bank 1.4 ശതമാനം ഇടിഞ്ഞു.
Devyani ഓഹരി ഇന്ന് 56 ശതമാനം പ്രീമിയത്തിൽ 140.9 രൂപ നിരക്കിൽ വിപണിയിൽ ലിസ്റ്റ് ചെയ്തു. ഓഹരി ഐപിഒയ്ക്കായി വിതരണം ചെയ്തിരുന്നത് 90 രൂപയ്ക്കാണ്. 123.50 രൂപ നിരക്കിൽ ഓഹരി വ്യാപാരം അവസാനിപ്പിച്ചു.
സ്വർണ്ണ വായ്പകൾക്ക് പലിശ ഇളവുകൾ പ്രഖ്യാപിക്കുകയും കാർ, സ്വർണം, വ്യക്തിഗത വായ്പകൾ എന്നിവയുടെ പ്രോസസ്സിംഗ് ഫീസിന് ഇളവ് നൽകുകയും ചെയ്തതിന് പിന്നാലെ SBI ഓഹരി ഇന്ന് 1.4 ശതമാനം ഇടിഞ്ഞു.
ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ സ്ഥിതിചെയ്യുന്ന നിലവിലുള്ള റീസൈക്ലിംഗ് യൂണിറ്റിന്റെ ശേഷി വർദ്ധിപ്പിച്ചതായി പറഞ്ഞതിന് പിന്നാലെ Gravita India ഓഹരി ഇന്ന് 12.7 ശതമാനം ഉയർന്നു.
വിപണി മുന്നിലേക്ക്
അവിശ്വസനീയമായ മുന്നേറ്റത്തിന് പിന്നാലെ ആഗോള വിപണികൾ അസ്ഥിരമായി നിൽക്കാൻ തുടങ്ങി. അതേസമയം ഇന്ത്യൻ വിപണിയിലെ കാളയോട്ടം അതിശക്തമായി തുടരുകയാണ്. Reliance, HDFC എന്നിവ വിപണിയുടെ മുന്നേറ്റത്തിന് ശക്തമായ പിന്തുണ നൽകി.
റിലയൻസ് തനിച്ച് 17 പോയിന്റുകളാണ് നിഫ്റ്റിയുടെ മുന്നേറ്റത്തിനായി സംഭാവന ചെയ്തത്. റിലയൻസ് ഓഹരി വെെകാതെ തന്നെ ശക്തമായ മുന്നേറ്റം നടത്തുമെന്ന് ഞങ്ങൾ നേരത്തെ സൂചിപ്പിച്ചിരുന്നു. ഒൺ ഡേ ചാർട്ടിന്റെ ട്രെന്റ് ലെെൻ ബ്രേക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് ഓഹരി.
പുതിയ കാർ അവതരിപ്പിച്ചതിന് പിന്നാലെ മഹീന്ദ്ര ഓഹരി ബുള്ളിഷായി തുടർന്നു. ഓഹരി 800-805 മുകളിൽ തന്നെ തുടർന്നാൽ കൂടുതൽ മുന്നേറ്റം അരങ്ങേറിയേക്കാം.
അതേസമയം കൊവിഡ് കേസുകൾ വർദ്ധിച്ചാൽ വീണ്ടും ലോക്ക് ഡൗണ് ഏർപ്പെടുത്തിയേക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ വീണ്ടും ഒരു ലോക്ക് ഡൗണ് കൂടി താങ്ങാനുള്ള ശേഷി നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടെന്ന് കരുതാനാകില്ല.
ലാർജ് ക്യാപ്പ് ഓഹരികളിലേക്ക് കൂടുതൽ പണം ഒഴുക്ക് തുടരുകയാണ്. അതേസമയം മിഡ്ക്യാപ്പ് അസ്ഥിരമായി തുടരുകയാണ്. ഇന്നത്തെ അസ്ഥിരതയ്ക്ക് ശേഷം ബാങ്ക് നിഫ്റ്റിയിൽ ഉടൻ തന്നെ ഒരു കുതിച്ചുകയറ്റം ഉണ്ടായേക്കാം.
ഇതിനൊപ്പം അഫ്ഗാനിസ്ഥാൻ വിഷയത്തിൽ കൂടി ശ്രദ്ധിക്കുക. ഇന്ത്യയ്ക്ക് എതിരെ ഏതെങ്കിലും തരത്തിൽ ഒരു ഭീഷണി ഉണ്ടായാൽ വിപണി ഇടിഞ്ഞേക്കാം. ഇല്ലെങ്കിൽ നിലവിലെ സാഹചര്യത്തിൽ ഇത് വിപണിയെ ബാധിക്കാൻ സാധ്യതയില്ല.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

