ഇന്നത്തെ വിപണി വിശകലനം
ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി വിപണി രാവിലെ നേരിയ തോതിൽ താഴേക്ക് വീണെങ്കിലും അവസാന നിമിഷം തിരികെ കയറി.
17997 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പെട്ടന്ന് തന്നെ താഴേക്ക് വീണു. മുഹൂർത്ത വ്യാപാര ദിവസത്തെ താഴ്ന്ന നില വളരെ പെട്ടന്ന് തകർത്ത് 15 മിനിറ്റ് കൊണ്ട് 162 പോയിന്റുകൾ താഴേക്ക് വീണ സൂചിക പിന്നീട് ഐടി, ടെെറ്റാൻ, റിലയൻസ് എന്നീ ഓഹരികളുടെ പിന്തുണയോടെ മുകളിലേക്ക് കയറി. 18000 എന്ന നിലമറികടന്നതിന് പിന്നാലെ സൂചിക നേട്ടം നിലനിർത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 152 പോയിന്റുകൾ/ 0.85 ശതമാനം മുകളിലായി 18068 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
39508 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് ബെയറിഷായി കാണപ്പെട്ടു. സൂചിക ഇന്ന് നവംബറിലെ ഏറ്റവും കുറഞ്ഞ നില രേഖപ്പെടുത്തി. HDFC Bank, Kotak Bank എന്നിവ അവസാന നിമിഷം സൂചികയെ പിടിച്ചുയർത്തി. എങ്കിലും ദിവസത്തെ ഉയർന്ന നില പരീക്ഷിക്കാൻ സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 135 പോയിന്റുകൾ/ 0.34 ശതമാനം താഴെയായി 39438 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി പി.എസ്.യു ബാങ്ക്(+2.15%), നിഫ്റ്റി ഐടി(+1.27%), മെറ്റൽ(+1.45%), റിയൽറ്റി(+1.38%), മീഡിയ (+1.42%) എന്നിവ ഇന്ന് 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. നിഫ്റ്റി ഫാർമ(-0.70%), ബാങ്ക് നിഫ്റ്റി എന്നിവ നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഏറെയും ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
TITAN(+4.32%) ഓഹരി ഇന്ന് എക്കാലത്തെയും പുതിയ ഉയർന്ന നില കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചതിനെത്തുടർന്ന് ആവശ്യകത വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരികൾ ഇന്ന് മിന്നുംപ്രകടനം കാഴ്ചവച്ചു. IOC(+4.3%), BPCL(+2.85%) എന്നിവ നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Hindustan Petro(+7.4%) ഓഹരിയും നേട്ടം കെെവരിച്ചു.
സിമന്റ് ഓഹരികൾ ഇന്ന് കത്തിക്കയറി. UltraTech Cements(+4.23%) റെക്കോഡ് ഉയരത്തിൽ വ്യാപാരം അവസാനിപ്പിച്ചു. Shree Cements(+1.5%), Ambuja Cements(+4%), ACC(+3.6%) എന്നീ ഓഹരികളും ലാഭത്തിൽ അടച്ചു.
ഹെവിവെയിറ്റ് ഓഹരികളായ Kotak Bank(3%), HDFC(+2.75%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു. ബാങ്ക് നിഫ്റ്റി നഷ്ടത്തിൽ അടച്ചപ്പോഴും
Bajaj Finserv(+4.12%) ഫിൻനിഫ്റ്റിയെ ലാഭത്തിൽ അടയ്ക്കാൻ സാഹായിച്ചു.
ബാങ്കിന്റെ മൈക്രോഫിനാൻസ് വിഭാഗത്തിൽ കോർപ്പറേറ്റ് ഭരണത്തിൽ വീഴ്ച സംഭവിച്ചതായി മുതിർന്ന ജീവനക്കാർ ആർബിഐയ്യിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ IndusInd Bank ഓഹരി 10 ശതമാനം ഇടിഞ്ഞു. ആരോപണങ്ങൾ നിഷേധിച്ച ബാങ്ക്, സാങ്കേതിക തകരാറാണ് കാരണമെന്നും പറഞ്ഞു.
രണ്ടാം പാദ ഫലങ്ങൾ ശനിയാഴ്ച പുറത്തുവിട്ടതിന് പിന്നാലെ Divis Lab(-6%) ഓഹരി ഇന്ന് 6 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 18 ശതമാനം വർദ്ധിച്ച് 606 കോടി രൂപയായി രേഖപ്പെടുത്തിയിരുന്നു.
ശനിയാഴ്ച ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ SunTV(-5%) ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു. എങ്കിലും Inox Leisure(+5%), PVR(2.2%), Network 18(+6%), TV18(+5.8%), ZEEL(+2%) എന്നീ ഓഹരികളിലെ മുന്നേറ്റം സൂചികയെ ലാഭത്തിൽ വ്യാപാരം അവസാനിപ്പിക്കാൻ സഹായിച്ചു.
ക്രെഡിറ്റ് റേറ്റിംഗ് ഉയർന്നതിന് പിന്നാലെ Canara Bank(+6.75%) ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. ഓഗസ്റ്റിൽ നടന്ന ക്യുഐപി വിതരണ വിലയേക്കാൾ 60 ശതമാനത്തിന് മുകളിലാണ് ഓഹരി ഇപ്പോഴുള്ളത്.
Muthoot Finance(+8.5%) ഓഹരി എക്കാലത്തെയും പുതിയ ഉയർന്ന നില കെെവരിച്ചു. Manappuram(+5%) ഓഹരിയും നേട്ടം കെെവരിച്ചു.
ICICI Prudential Life(+4.5%) ഓഹരി ഡെയിലി ചാർട്ടിൽ ഒരു ബ്രേക്ക് ഔട്ട് നടത്താൻ ശ്രമം നടത്തിയിരുന്നു. ഓഹരിയിൽ ശ്രദ്ധിക്കാവുന്നതാണ്. SBI Life(+1.5%) ഓഹരിയും നേട്ടത്തിൽ അടച്ചു.
കൊവിഡിനെതിരെയുള്ള മരുന്നിന് പുരോഗതി കണ്ടെത്തിയതിനെ തുടർന്ന് Pfizer ഓഹരി ഇന്ന് 5 ശതമാനം നേട്ടം കെെവരിച്ചു.
ഹോട്ടൽ ഓഹരികളായ EIHotels(+7%), Chalet(+6.5%) and Wonderla(+5%) എന്നിവ ഇന്ന് ലാഭത്തിൽ അടച്ചു. അതേസമയം വ്യാഴാഴ്ചത്തെ റാലിക്ക് ശേഷം ടാറ്റാ ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽ നഷ്ടത്തിൽ അടച്ചു.
Barbeque Nations(+12.3%), Jubilant Food(+2.5%) എന്നീ ഓഹരികളും ലാഭത്തിൽ അടച്ചു.ഓക്ടോബർ അവസാനം മുതൽ BBQ Nation ഓഹരി 50 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവച്ചത്.
രണ്ടാം പാദത്തിൽ Karur Vyasa Bank-ന്റെ അറ്റാദായം 50 ശതമാനം വർദ്ധിച്ച് 165 കോടി രൂപയായി.
വിപണി മുന്നിലേക്ക്
നിഫ്റ്റി, ബാങ്ക് നിഫ്റ്റി സൂചികകൾ രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി കൊണ്ടാണ് ആഴ്ചയിൽ വ്യാപാരം ആരംഭിച്ചത്. ടിസിഎസിന്റെ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും ഐടി സൂചിക തിരികെ കയറി.
ഇന്ത്യ വിക്സ് ഉയർന്നതിനാൽ തന്നെ വരും ദിവസങ്ങളിൽ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കുമെന്ന് കരുതാം.
പെട്രോൾ വില കുറഞ്ഞതിനാൽ തന്നെ വിപണി പോസിറ്റീവായി നിൽക്കുന്നത് കാണാം. ഇന്ത്യ വലിയ തോതിൽ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ഇന്ധന വില കുറച്ചത് പണപ്പെരുപ്പം കുറയ്ക്കാൻ സഹായിക്കും. ഇന്ത്യയുടെ പണപ്പെരുപ്പ കണക്കുകളും ഉടൻ പുറത്തുവന്നേക്കും.
വരും ദിവസങ്ങളിൽ ബ്ലൂ ചിപ്പ് ഓഹരികളിലേക്ക് ശ്രദ്ധിക്കാവുന്നതാണ്. അവസാന നിമിഷവും 18080ന് മുകളിൽ നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സൂചിക കൂടുതൽ നേട്ടം കെെവരിച്ചേക്കാം.
അതേസമയം ബാങ്ക് നിഫ്റ്റി ഇനിയും ശക്തി കെെവരിച്ചിട്ടില്ല. പ്രത്യേകിച്ച് IndusInd Bank ഓഹരിയിൽ ഉണ്ടായ ആശങ്ക സൂചികയെ തളർത്തി. എന്നാൽ അനലിസ്റ്റുകൾ ഓഹരിക്ക് മേലുള്ള കാഴ്ചപ്പാട് മാറ്റിയിട്ടില്ല. ഒരുപക്ഷേ ആരോപണങ്ങൾ സത്യമായാൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോയേക്കാം. ഇത് സംബന്ധിച്ച വിശദമായ ലേഖനം മാർക്കറ്റ്ഫീഡ് ഉടൻ പ്രസ്ദ്ധീകരിക്കുന്നതാണ്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

