സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഫെഡ്റൽ ബാങ്കിന്റെ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ദലാൽ തെരുവിൽ ബാങ്കിന്റെ ഓഹരിക്കുള്ള ആവശ്യകത കുതിച്ചുയർന്നു. ഒറ്റ ദിവസം കൊണ്ട് 8 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരിയിൽ ഉണ്ടായത്. ഇതേ പാദത്തിലാണ് പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാല തന്റെ പോർട്ട്ഫോളിയോയിലേക്ക് ഫെഡറൽ ബാങ്കിന്റെ 2 കോടി ഓഹരികൾ കൂട്ടിച്ചേർത്തത്. നിലവിൽ ഫെഡറൽ ബാങ്കിന്റെ 750 കോടി രൂപ വിലയുള്ള ഓഹരികളാണ് അദ്ദേഹം കെെവശംവച്ചിട്ടുള്ളത്.
രണ്ടാം പാദത്തിലെ ഫെഡറൽ ബാങ്കിന്റെ ഫലങ്ങളും, എതിരാളികളുമായി ഇവയെ താരതമ്യം ചെയ്യുകയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന്.
Federal Bank- രണ്ടാം പാദ ഫലം
ബാങ്കിന്റെ പലിശയിനത്തിലുള്ള പ്രതിവർഷ വരുമാനം 7 ശതമാനം വർദ്ധിച്ച് 1479 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് 4 ശതമാനം വർദ്ധിച്ചു. വായ്പകൾക്ക് ലഭിക്കുന്ന പലിശയും നിക്ഷേപകർക്ക് നൽകുന്ന പലിശയും തമ്മിലുള്ള വ്യത്യാസമാണ് എൻഐഐ. അതേസമയം നെറ്റ് ഇന്റെറസ്റ്റ് മാർജിൻ 3.2 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. വായ്പയായി നൽകിയിട്ടുള്ള ഓരോ 100 രൂപയ്ക്കും, ഡെപ്പോസിറ്റുകളുടെ പലിശ അടച്ചതിന് ശേഷം ബാങ്കിന് 3.2 രൂപ വരുമാനമായി ലഭിക്കും.
ബാങ്കിന്റെ പ്രതിവർഷ അറ്റാദായം 49 ശതമാനം വർദ്ധിച്ച് 460 കോടി രൂപയായി. മുൻ പാദവുമായി നോക്കുമ്പോൾ 25 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പലിശയിനത്തിലുള്ള വരുമാനം വർദ്ധിച്ചതും ബാഡ് ലോണുകൾ കുറഞ്ഞതുമാണ് അറ്റാദായം മികച്ചതാകാനുള്ള കാരണം.
പലിശ ലഭിക്കാത്ത വായ്പ്പകളെയാണ് നിഷ്ക്രിയ ആസ്തി അഥവ എൻപിഎ എന്ന് പറയുന്നത്. ബാങ്കുകൾ തങ്ങളുടെ എൻപിഎ ബുദ്ധിപരമായി മാനേജ് ചെയ്തില്ലെങ്കിൽ ഇത് ലാഭത്തെ ഇല്ലാതെയാക്കിയേക്കാം.
ഇവിടെ നമുക്ക് എൻപിഎയുടെ ട്രെൻഡ് മനസിലാക്കാൻ സാധിക്കുന്നതാണ്. നിലവിലെ സ്ഥാനം മുൻവർഷത്തേക്കാൾ കൂടുതലാണെങ്കിലും, മുൻ പാദങ്ങളിൽ നിന്ന് ഇടിവ് ഉള്ളത് ശുഭസൂചനയാണ്. ഫെഡറൽ ബാങ്കിന്റെ എൻഎൻപിഎ എന്നത് 1.12 ശതമാനമാണ്. അതായത് വായ്പയായി നൽകുന്ന ഓരോ 100 രൂപയ്ക്കും 1.12 രൂപ എൻപിഎ ആയി മാറുന്നു.
എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ
ഏത് മേഖലയിലും ഒരു കമ്പനിയെ അതിന്റെ എതിരാളികളുമായി വിശകലനം ചെയ്യുന്നത് കമ്പനിയെ പറ്റിയുള്ള വ്യക്തമായ ചിത്രം നൽകും. ഇന്ത്യയിലെ ടോപ്പ് ബാങ്കുകളുമായി ഫെഡറൽ ബാങ്കിനെ താരതമ്യം ചെയ്തു നോക്കാം.
നെറ്റ് ഇന്റെറസ്റ്റ് മാർജിൻ
അറ്റ പലിശ മാർജിൻ എന്നത് ഒരു ബാങ്കിന്റെ ആസ്തികളിലേക്കുള്ള അറ്റ പലിശ വരുമാനത്തിന്റെ അളവ് കോലാണ്. ഉയർന്ന എൻഐഎം അഭിനന്ദനാർഹമാണ്.
ഫെഡറൽ ബാങ്കിന്റെ എൻഐഎം എന്നത് വളരെ കുറവാണ്. എന്നാൽ ഓരോ പാദത്തിലും ഇത് വർദ്ധിച്ച് വരുന്നത് നല്ലതാണ്.
നിഷ്ക്രിയ ആസ്തികൾ
നൽകിയിട്ടുള്ള വായ്പകൾക്ക് വരുമാനം ഉണ്ടാക്കാൻ സാധിക്കാതെ വരുമ്പോൾ അതിനെ ഒരു നിഷ്ക്രിയ ആസ്തി അഥവ എൻപിഎ ആയി പരിഗണിക്കും. പലിശയിനത്തിൽ നൽകിയിരിക്കുന്ന തിരിച്ച് ലഭിക്കാത്ത പണത്തെയാണ് എൻ.പി.എ എന്ന് പറയുന്നത്. ഇത് കുറഞ്ഞ് ഇരിക്കുന്നത് ബാങ്കിന് വളരെ നല്ലതാണ്.
എന്നാൽ ഫെഡറൽ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി എന്നത് എതിരാളികളുമായി നോക്കുമ്പോൾ വളരെ കൂടുതലാണ്. ഓരോ വർഷവും ഇത് കുറഞ്ഞ് വരുന്നത് ശുഭസൂചനയാണ്. മറ്റു ബാങ്കുകളുടെ എൻപിഎ അവസാന പാദത്തിൽ കൂടുതലായി രേഖപ്പെടുത്തിയപ്പോൾ ഫെഡറൽ ബാങ്കിന് ഇത് കുറയ്ക്കാൻ സാധിച്ചു.
സിഎഎസ്എ റേഷ്യോ
കറന്റ് അക്കൌണ്ട്- സേവിംഗ്സ് അക്കൌണ്ട് എന്നിവ പലിശ കുറഞ്ഞ നിക്ഷേപ രീതികളാണ്. ഒരു ബാങ്കിന്റെ സിഎഎസ്എ റേഷ്യോ കൂടുതൽ ആണെങ്കിൽ ബാങ്കിന്റെ ചെവല് കുറവാണെന്ന് കരുതാവുന്നതാണ്. ബാങ്കിന്റെ സിഎഎസ്എ റേഷ്യോ കുറവാണെങ്കിൽ ചെലവ് കൂടുകയും അത് അറ്റ പലിശ മാർജിനെ ബാധിക്കുകയും ചെയ്യും.
ഫെഡറൽ ബാങ്കിന്റെ സിഎഎസ്എ റേഷ്യോ എന്നത് 36 ശതമാനമാണ്. ഇതിന് അർത്ഥം ഓരോ നൂറ് രൂപയുടെ പുറത്ത് 36 രൂപ മാത്രമാണ് സിഎഎസ്എ വരുന്നുള്ളു. മറ്റു ബാങ്കുകളുമായി നോക്കുമ്പോൾ ഫെഡറൽ ബാങ്കിന്റെ സിഎഎസ്എ എന്നത് വളരെ കുവറാണ്. സിഎഎസ്എ കൂട്ടേണ്ടത് ബാങ്കിന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണ്.
മൂല്യനിർണ്ണയം
നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഒരു സ്റ്റോക്ക് കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമ്പോൾ അത് വാങ്ങുന്നത് ഒരു മികച്ച തന്ത്രമാണ്. പിഇ റേഷ്യോ നോക്കി കൊണ്ട് മൂല്യനിർണ്ണയം എങ്ങനെയെന്ന് പരിശോധിക്കാം.
എതിരാളികളുമായി നോക്കുമ്പോൾ ഫെഡറൽ ബാങ്കിന്റെ പിഇ എന്നത് വളരെ കുറവാണ്. കമ്പനി ലാഭമായി ഉണ്ടാക്കുന്ന ഓരോ 1 രൂപയ്ക്കും 11 രൂപ നൽകാൻ നിക്ഷേപകർ തയ്യാറാണെന്ന് പിഇ 11 സൂചിപ്പിക്കുന്നു. മറ്റു ബാങ്കുകളുടെ പിഇ 20 മുകളിലായതിനാൽ തന്നെ ഫെഡറൽ ബാങ്ക് ഓഹരി കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു.
നിഗമനം
22000 കോടി മാർക്കറ്റ് ക്യാപ്പ് ഉള്ള ഒരു മിഡ് ക്യാപ്പ് ഓഹരിയാണ് ഫെഡറൽ ബാങ്ക്. വമ്പൻ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഫെഡറൽ ബാങ്കിന് ഇനിയും വലിയ വളർച്ചാ സാധ്യതകൾ ഉള്ളതായി കാണാം.
കഴിഞ്ഞ ഒരു വർഷം കൊണ്ട് ഓഹരി ബാങ്ക് നിഫ്റ്റി സൂചികയേക്കാൾ 34 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവച്ചത്. അടുത്തിടെ വന്ന ഫലം എല്ലാ പ്രതീക്ഷകൾക്കും അപ്പുറം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നിരവധി ബ്രോക്കിംഗ് സ്ഥാപനങ്ങൾ ഓഹരി വൻ മുന്നേറ്റം നടത്തുമെന്ന് പറയപ്പെടുന്നു.
സാമ്പത്തിക സ്ഥിതിയിലേക്ക് നോക്കിയാൽ കുറഞ്ഞ് വരുന്ന എൻപിഎയും വർദ്ധിച്ച് വരുന്ന സിഎഎസ്എയും ബാങ്ക് ലാഭത്തിലാകുമെന്ന പ്രതീക്ഷ നൽകുന്നു.
പ്രൊമോട്ടർ ഇല്ലതെ തന്നെ പ്രൊഫഷണലായി കെെകാര്യം ചെയ്യപ്പെടുന്ന കമ്പനിയാണ് ഫെഡറൽ ബാങ്ക്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിന്റെ എംഡിയും സിഇഒയുമായി ശ്രീ. ശ്യാം ശ്രീനിവാസനെ 3 വർഷത്തേക്ക് കൂടി നീട്ടി നിയമിച്ചത് നിലവിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധയും പ്രാധാന്യവും നൽകുമെന്നത് ഉറപ്പാണ്.
ഫെഡറൽ ബാങ്കിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

