കഴിഞ്ഞ ആഴ്ച ജസ്റ്റ് ഡയലിന്റെ 40.95 ശതമാനം ഓഹരി 3497 കോടി രൂപയ്ക്ക് റിലയൻസ് റീട്ടെയിൽ വെൻച്ചേഴ്സ് ഏറ്റെടുത്തിരുന്നു. ഇതിന് പുറമെ 26 ശതമാനം ഓഹരികൾ ജസ്റ്റ് ഡയൽ ഓപ്പൺ ഓഫറായി നൽകി. ഇതോടെ ജസ്റ്റ് ഡയലിലെ റിലയൻസിന്‍റെ ഓഹരി പങ്കാളിത്തം 66.95 ശതമാനമായി. ഈ ഏറ്റെടുക്കലിനെ പറ്റിയും ഇത് കമ്പനികൾക്ക് ഏത് തരത്തിൽ പ്രയോജനപ്പെടുമെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
ജസ്റ്റ് ഡയലിന്റെ ബിസിനസ് രീതി
പ്രദേശിക തിരയൽ, ബി-ടു-ബി, ഇ-കൊമേഴ്‌സ് എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ പ്രമുഖ ഇന്റർനെറ്റ് ടെക്നോളജി സ്ഥാപനമാണ് ജസ്റ്റ് ഡയൽ. 1996ൽ പ്രാദേശിക ഫോൺ ഡയറക്‌ടറിയായി പ്രവർത്തിച്ചിരുന്ന കമ്പനി നിലവിൽ ഡെസ്ക്ടോപ്പ്, മൊബൈൽ ആപ്ലിക്കേഷൻ, ടെലിഫോൺ, ടെക്സ്റ്റ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലോക്കൽ സെർച്ച് സേവനങ്ങൾ നൽകുന്നു. ഒരു വ്യക്തിക്ക് അവരുടെ ബിസിനസ്സ് ജസ്റ്റ് ഡയലിൽ ലിസ്റ്റുചെയ്യാനും ഇതിലൂടെ ബിസിനസ് മറ്റുള്ളവരിലേക്ക് എത്തിക്കാനും സാധിക്കും. ഇതിനായി പ്രീമിയം തുക നൽകേണ്ടതുണ്ട്. സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ജസ്റ്റ് ഡയലിന്റെ വെബ്‌സൈറ്റിലും അപ്ലിക്കേഷനിലും എളുപ്പത്തിൽ ലഭിക്കുന്നതിനായും നിശ്ചിത ഫീസ് നൽകാവുന്നതാണ്.
ജസ്റ്റ് ഡയലിന്റെ തിരയൽ സേവനങ്ങൾ പ്രസക്തമായ ഉത്പ്പന്നങ്ങളും സേവനങ്ങളും എളുപ്പത്തിൽ കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുന്നു. ബിസിനസുകൾക്ക് അവരുടെ ഓഫറുകൾ മാർക്കറ്റ് ചെയ്യാനും ഇതിലൂടെ സാധിക്കും. ഉപയോക്താക്കൾക്ക് പ്രാദേശികമായി പ്ലംബർ, മരപ്പണിക്കാർ, തയ്യൽക്കാർ, ഹോട്ടൽ വിവരങ്ങൾ, വീട്ടുജോലി സേവനങ്ങൾ എന്നിവ ജസ്റ്റ് ഡയലിലൂടെ തിരഞ്ഞ് കണ്ടെത്താവുന്നതാണ്. 2021 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് ഏകദേശം 3.6 കോടി ലിസ്റ്റിംഗുകളുടെ ഡാറ്റാബേസാണ് കമ്പനിക്കുള്ളത്. 12.41 കോടിയിലധികം ആക്ടീവ് ഉപയോക്താക്കളും കമ്പനിക്കുണ്ട്.
ജെഡി റേറ്റിംഗിന് കീഴിൽ കമ്പനി റേറ്റിംഗ് സർട്ടിഫിക്കേഷൻ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ജെഡി പേ എന്ന ബ്രാൻഡിന് കീഴിൽ കമ്പനി ഓൺലെെൻ പേയ്‌മെന്റ് സേവനങ്ങളും നടത്തിവരുന്നു. പരസ്യ ബിസിനസിലും കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഉയർന്ന നിലവാരമുള്ള ഉത്പ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിനായി കമ്പനി അടുത്തിടെ ബി 2 ബി ഇ-കൊമേഴ്‌സ് പോർട്ടലായ ജെഡി മാർട്ട് ആരംഭിച്ചിരുന്നു.
കണക്കുകൂട്ടലുകൾ തെറ്റിയത് എവിടെ?
വർഷങ്ങളായി ജസ്റ്റ് ഡയൽ വരുമാനത്തിലും ലാഭത്തിലും സ്ഥിരമായ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. സേവനങ്ങളിലേക്ക് അപ്‌ഗ്രേഡുചെയ്യാൻ ഉപഭോക്താക്കളെ നിരന്തരം പ്രേരിപ്പിക്കുന്ന ശക്തമായ വിൽപ്പന ശെെലി കമ്പനിക്ക് ഉണ്ടായിരുന്നു. എന്നിരുന്നാലും ബിസിനസ് സ്ഥാപനങ്ങൾക്ക് പണം അടയ്ക്കുന്നതിലൂടെ നേട്ടം കൊയ്യാനോ അതിൽ മൂല്യം കണ്ടെത്താനോ സാധിച്ചില്ല. ജസ്റ്റ് ഡയലിന് അധിക വിൽപ്പനക്കാരെ നിയമിക്കുകയും ഉപഭോക്തൃ വളർച്ച വർധിപ്പിക്കുകയും വേണ്ടി വന്നു. എന്നാൽ ഇത് കമ്പനിയെ അമിത ചെലവിലേക്ക് നയിച്ചു.
സെർച്ച് പ്ലസ്, ജെഡി ഓമ്‌നി തുടങ്ങിയ വിപുലീകരണങ്ങൾ നടപ്പിലാക്കി കൊണ്ട് 2015-16 ഓടെ കമ്പനി നിലവിലുള്ള ഉപഭോക്താക്കളിൽ കൂടുതൽ മൂല്യം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രാദേശിക ബിസിനസുകൾ കണ്ടെത്താനും ഓൺലൈൻ ഇടപാടുകൾ നടത്താനും സെർച്ച് പ്ലസ് സേവനം ഉപഭോക്താക്കളെ സഹായിക്കും. ഇൻവെന്ററി മാനേജുമെന്റ്, ബില്ലിംഗ്, വെബ്‌സൈറ്റുകൾ സൃഷ്ടിക്കൽ എന്നിവയിലെ ബിസിനസുകളെ ജെഡി ഓമ്‌നി പിന്തുണയ്ക്കുന്നു. ജസ്റ്റ് ഡയൽ പ്രതീക്ഷിച്ചതുപോലെ ഫലങ്ങൾ നൽകാൻ ഈ രണ്ട് കമ്പനികൾക്കും സാധിച്ചില്ല.
ഉൾപ്രദേശങ്ങളിലേക്കും ചെറിയ നഗരങ്ങളിലേക്കും ലിസിറ്റ് ചെയ്യുന്നതിനായി കമ്പനി തങ്ങളുടെ ശ്രമം ആരംഭിച്ചു. എന്നാൽ ഈ ശ്രമം പരാജയമായിരുന്നു. ചെറിയ നഗരങ്ങളിൽ ആരും തന്നെ കമ്പനിയുടെ സേവനങ്ങൾ ഉപയോഗിക്കാനായി മുന്നോട്ട് വന്നില്ല. മത്സരങ്ങൾ വർദ്ധിച്ചു വരുന്നതും കമ്പനിക്ക് തിരിച്ചടിയായി.
കൊവിഡ് പ്രതിസന്ധി കമ്പനിക്ക് പുതിയ തന്ത്രങ്ങൾ പയറ്റാനുള്ള അവസരങ്ങൾ നൽകി. മികച്ച പേയ്‌മെന്റ് നിബന്ധനകൾ ഉൾപ്പെടെ നിരവധി പണമടച്ചുള്ള കാമ്പെയ്‌നുകളിൽ ജസ്റ്റ് ഡയൽ വിവിധ ഓഫറുകൾ സമാരംഭിച്ചു. ഇതിനൊപ്പം പരസ്യത്തിനുള്ള ചെലവും കമ്പനിക്ക് വെട്ടിക്കുറയ്ക്കേണ്ടി വന്നു. ഇത് കുറച്ച് ഉപഭോക്താക്കളെ തങ്ങളിൽ നിന്നും അകറ്റി. ഇത് വരുമാനം കുറയാൻ കാരണമായി. കമ്പനിയുടെ സാമ്പത്തിക കണക്കുകൾ ഇപ്പോഴും മെച്ചമാണെന്ന് പറയാനാകില്ല.
രക്ഷകനായി റിലയൻസ്
മുന്നിലേക്ക് പോകാൻ ജസ്റ്റ് ഡയൽ ഏറെ ബുദ്ധിമുട്ടുന്നതായി വ്യക്തമാണ്.റിലയൻസ് റീട്ടെയിൽ പോലുള്ള ഒരു വലിയ കമ്പനി ഏറ്റെടുക്കുന്നത് ജസ്റ്റ് ഡയലിന്റെ മേലുള്ള ഭാരം കുറയ്ക്കും. റിലയൻസിന്റെ വിപുലമായ നെറ്റ്‌വർക്ക് കമ്പനിയുടെ ഏറ്റവും പുതിയ ബി 2 ബി സംരംഭമായ ജെഡി മാർട്ടിനെ മെച്ചപെടുത്താൻ സഹായിക്കുമെന്ന് വിശ്വാസിക്കാം. ജസ്റ്റ് ഡയലിന്റെ സ്ഥാപകനും സിഇഒയുമായ വിഎസ്എസ് മണി തന്നെ കമ്പനിയെ നയിക്കും. റിലയൻസുമായുള്ള പങ്കാളിത്തം കമ്പനിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനും ബിസിനസിനെ മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസ് മികച്ച ഇന്റർനെറ്റ് സ്റ്റാർട്ടപ്പുകളിലൊന്ന് വളരെ ചുരുങ്ങിയ വിലയ്ക്കാണ് സ്വന്തമാക്കിയത്. ബിസിനസ് ആവശ്യങ്ങൾക്കായി ജസ്റ്റ് ഡയലിന്റെ ഡേറ്റ ബെയിസ് ഉപയോഗിക്കാനും കമ്പനിക്ക് സാധിക്കും. ദശലക്ഷക്കണക്കിന് പങ്കാളി വ്യാപാരികൾ, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള ഡിജിറ്റൽ ഇക്കോസിസ്റ്റം കൂടുതൽ വർദ്ധിപ്പിച്ചുകൊണ്ട് ജസ്റ്റ് ഡയലിലെ നിക്ഷേപം തങ്ങളുടെ പ്രതിബദ്ധതയെ ചുണ്ടികാണിക്കുന്നുവെന്നും റിലയൻസ് റീട്ടെയിൽ ഡയറക്ടർ ഇഷാ അംബാനി പറഞ്ഞു.

