Cox & Kings Limited (CKL) രാജ്യത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര ഓപ്പറേറ്റിംഗ് സ്ഥാപനങ്ങളിൽ ഒന്നായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി ആളുകൾ കര, വായു മാർഗമുള്ള യാത്രകൾക്കും, ക്രൂയിസ് ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ്, വിസ പ്രോസസ്സിംഗ്, പാസ്‌പോർട്ട് പരിഹാരങ്ങൾ എന്നിവയ്ക്കായി സി.കെ.എല്ലിന്റെ സേവനങ്ങൾ ഉപയോഗിച്ചിരുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കോക്സ് & കിംഗ്സിന് ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. യുഎസ്, യുകെ, യുഎഇ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു.
ഒരു കാലത്ത് ഏറെ പ്രശസ്തിയും പാരമ്പര്യവും ഉണ്ടായിരുന്ന കമ്പനി അതിന്റെ പ്രൊമോട്ടർമാർ നടത്തിയ ക്രമക്കേടുകളെ തുടർന്ന് തകർന്ന് അടിയുകയായിരുന്നു. 2018ൽ 200 രൂപ നിരക്കിൽ വ്യാപാരം നടത്തിയിരുന്ന സി.കെ.എൽ ഓഹരി ഇന്ന് വെറും 1.30 രൂപയ്ക്ക് വിപണിയിൽ ലഭ്യമാകും. കോക്സ് & കിംഗ്സ് കമ്പനിയുടെ പതനത്തിന് പിന്നിലെ കാരണങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.
സി.കെ.എല്ലിന്റെ പതനത്തിലേക്ക് നയിച്ച കാരണങ്ങൾ
2009 ഡിസംബറിലാണ് കോക്സ് & കിംഗ്സ് ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്നത്. ഈ കാലയളവിൽ കമ്പനിയുടെ വരുമാനത്തിലും അറ്റാദായത്തിലൂം തുടർച്ചയായ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ കമ്പനി വളരെ വലിയ വിപുലീകരണ പദ്ധതികൾ നടപ്പാക്കാൻ പദ്ധതിയിട്ടു. ഇതിന്റെ ഭാഗമായി യുഎസ് ആസ്ഥാനമായുള്ള ഈസ്റ്റ് ഇന്ത്യാ ട്രാവൽ കമ്പനി 22 മില്യൺ ഡോളറിനും ടെമ്പോ ഹോളിഡേയ്‌സ് 25 മില്യൺ ഡോളറിനും ലേറ്റ് റൂംസ് ലിമിറ്റഡ് 8.5 മില്യൺ ഡോളറിനും ഹോളിഡേബ്രേക്ക് പിഎൽസി 323 മില്യൺ ഡോളറിനും സി.കെ.എൽ ഏറ്റെടുത്തു. ഒപ്പം കമ്പനി അവർക്ക് മുൻ പരിചയം ഇല്ലാത്ത ചില ബിസിനസുകൾ കൂടി ഏറ്റെടുത്തു. leveraged buyout എന്ന രീതിയിലൂടെയാണ് കമ്പനി ഇതിനെല്ലാം ആവശ്യമായ പണം കണ്ടെത്തിയത്.
leveraged buyout എന്നാൽ മറ്റു കമ്പനികൾ ഏറ്റെടുക്കുന്നതിനായി കമ്പികൾ ബാങ്കിൽ നിന്നും പണം വായ്പ്പയെടുക്കുന്നതാണ്. ഏറ്റെടുക്കുന്ന കമ്പനികളുടെ ആസ്തി പലപ്പോഴും ഈടായി വയ്ക്കുന്നു.
ഉയർന്ന കടബാധ്യത
ഏറ്റെടുക്കലിന് ശേഷം കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നിലേക്ക് പോയില്ലെന്ന് തന്നെ പറയാം. വിപുലീകരണ പദ്ധതികൾ നടപ്പാക്കിയതോടെ കമ്പനി കടത്തിലേക്ക് തള്ളപെട്ടു. ഇന്ത്യയിലും വിദേശ ബാങ്കുകളിൽ നിന്നുമായി കമ്പനി കോടികളാണ് കടമെടുത്തിരുന്നത്. പുതിയതായി ഏറ്റെടുത്ത കമ്പനികൾ എല്ലാം തന്നെ മോശം പ്രകടനം കാഴ്ചവയ്ക്കുകയും വൻ നഷ്ടങ്ങൾ വരുത്തിവയ്ക്കുകയും ചെയ്തു. ഇതോടെ ട്രാവൽ ടൂറിസം മേഖലയിലുള്ള മറ്റു കമ്പനികളുമായി പിടിച്ച് നിൽക്കാനുള്ള സാങ്കേതിക സംവിധാനങ്ങളോ ബിസിനസ് നടത്തികൊണ്ട് പോകാനുള്ള പണമോ കമ്പനിയുടെ കെെവശം ഇല്ലാതെയായി.
ഇതേതുടർന്ന് സി.കെ.എൽ 2014ൽ വിദേശത്തുള്ള തങ്ങളുടെ ആസ്തികൾ വിൽക്കാൻ ആരംഭിച്ചു. വിറ്റഴിച്ച സ്ഥാപനങ്ങളുടെ പട്ടിക ചുവടെ നൽകുന്നു.
| Year | Name of Business Unit | Amount |
| June 2014 | Camping division Holiday Break | Rs 892 crore |
| Dec 2015 | Explore Worldwide Limited | £25.8 million |
| March 2016 | LateRooms | £20 million |
| March 2016 | Superbreak business | £9.25 million |
| 2018 | Education business | Rs 4370 crore |
സാമ്പത്തിക രേഖകളിലെ തിരിമറി
2019ൽ കമ്പനി വായ്പ്പകൾ മുഴുവൻ തിരിച്ചടയ്ക്കാൻ തുടങ്ങി. 2019-20 സാമ്പത്തിക വർഷത്തെ മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് 2019 ഏപ്രിലിൽ കമ്പനി പറഞ്ഞു. ഈ സമയം 150, 50 കോടിയുടെ രണ്ട് ലോണുകൾ കമ്പനി തിരിച്ചടച്ചിരുന്നില്ല.
ഇതേകാലയളവിൽ തന്നെ സ്ഥാപനത്തിന്റെ അക്കൗണ്ട് ബുക്കിൽ പലതരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തി. ആസ്തികൾ വിറ്റതിലൂടെ ലഭിച്ച പണത്തിന്റെ ഒരു വിഹിതം മാത്രമാണ് കമ്പനി കടബാധ്യതകൾ തീർക്കാൻ ഉപയോഗിച്ചതെന്ന് 2019 മാർച്ചിലെ ബാലൻസ് ഷീറ്റിൽ നിന്നും വ്യക്തമായി. ബാക്കി തുക എവിടെ പോയി എന്നത് സംബന്ധിച്ച ഒരു വിവരവും കമ്പനി രേഖകളിൽ നിന്നും കണ്ടെത്താനായില്ല.
ഇതേതുടർന്ന് നിരവധി ഓഹരി ഉടമകൾ കമ്പനിക്ക് എതിരെ നിയമ നടപടികളുമായി മുന്നോട്ട് പോയി. ഇത് കോക്സ് & കിംഗ്സിന്റെ ഓഹരി വില ഇടിയാൻ കാരണമായി.
ഫോറൻസിക് ഓഡിറ്റ്
യെസ് ബാങ്കിൽ നിന്നുമാണ് സി.കെ.എൽ ഏറെയും തുക കടം എടുത്തിരുന്നത്. ഏകദേശം 2267 കോടി രൂപയോളം ബാങ്ക് വായ്പ്പ നൽകിയിരുന്നു. തിരിമറി നടന്നതിനെ തുടർന്ന് ബാങ്ക് പി.ഡബ്ല്യു.സിയെ സമീപിക്കുകയും സി.കെ.എല്ലിൽ ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു.
ഓഡിറ്റ് ഫലങ്ങൾ തികച്ചു ഞെട്ടിക്കുന്നതായിരുന്നു. 2014-2019 കാലയളവിൽ സി.കെ.എൽ പണം തട്ടിയെടുക്കുകയും വ്യാജ രേഖകൾ നിർമ്മിച്ചതായും ഓഡിറ്റിൽ കണ്ടെത്തി. ഇതേ കാലയളവിൽ 160 വ്യാജ ഉപഭോക്താക്കൾക്ക് 9,000 കോടി രൂപയുടെ വിൽപ്പന നടത്തിയതായും ഓഡിറ്റ് വെളിപ്പെടുത്തി.
2018-19 സാമ്പത്തിക വർഷം സി.കെ.എല്ലിന്റെ മൊത്തം ഏകീകൃത കടം 2,000 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. എന്നാൽ അതിന്റെ ഒറ്റപ്പെട്ട കടം 3,600 കോടി രൂപയാണ്. 750 കോടി രൂപയുടെ ക്രെഡിറ്റ് കാർഡ് കടവും ഇതിൽ ഉൾപ്പെടും. ഇതോടെ കമ്പനി പാപ്പരായതായി പ്രഖ്യാപിച്ചു.
സമീപകാല സംഭവങ്ങൾ
കോക്സ് & കിംഗ്സ് രാജ്യത്തെ തങ്ങളുടെ മുഴുവൻ ശാഖകളും ഒന്നൊന്നായി അടച്ചുപൂട്ടാൻ തുടങ്ങി. ടിക്കറ്റ് സേവനങ്ങൾ ഉൾപ്പെടെ എല്ലാ സേവനങ്ങളും യാതൊരു മുന്നറിയിപ്പും നൽകാതെ കമ്പനി അവസാനിപ്പിച്ചു. നിരവധി ഉപഭോക്താക്കൾക്ക് തങ്ങളുടെ ടിക്കറ്റുകൾ ലഭിച്ചില്ല. അവസാന നിമിഷം നിരവധി പേരുടെ ടിക്കറ്റുകളാണ് കമ്പനി റദ്ദാക്കിയത്. ഏറെ പേർക്കും പണം തിരികെ ലഭിച്ചില്ല. മാസങ്ങളോളം ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കമ്പനിക്ക് സാധിച്ചില്ല. സേവനങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്ന് നിരവധി ഉപഭോക്താക്കൾ കമ്പനിക്കെതിരെ പോലീസിൽ പരാതി നൽകി. Kotak Mahindra Bank, HDFC Bank, Axis Bank, IndusInd Bank എന്നീ സ്വകാര്യ ബാങ്കുകളും സി.കെ.എല്ലിനെതിരെ പരാതി നൽകി.
2019 അവസാനത്തോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും സി.കെ.എല്ലിനെതിരെ അന്വേഷണം ആരംഭിച്ചു.
മൊത്തം 5,800 കോടി രൂപ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമായി കമ്പനി കുടിശ്ശിക വരുത്തിയതായി കണ്ടെത്തി. തുടർന്ന് സി.കെ.എല്ലിന്റെ പ്രൊമോട്ടർ പീറ്റർ കെർക്കർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരെ അന്വേഷണം സംഘം അറസ്റ്റ് ചെയ്തു. തട്ടിപ്പിന്റെ സൂത്രധാരൻ പീറ്റർ കെർക്കറാണെന്ന് ഇഡി അടുത്തിടെ പ്രഖ്യാപിച്ചു.
നിലവിൽ കമ്പനിക്ക് മേലുള്ള പാപ്പരത്ത നടപടികൾ നടന്നുവരികയാണ്. ഇതിലൂടെ ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും തങ്ങളുടെ കിട്ടാകടം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. വരും കാലങ്ങളിൽ എന്ത് തന്നെ സംഭവിക്കുമെന്ന് കണ്ട് അറിയാം.

