1,100 കോടിയുടെ ഓഹരി തിരിച്ചുവാങ്ങൽ പദ്ധതിക്ക് അംഗീകാരം നൽകി യുപിഎൽ
1,100 കോടി രൂപയുടെ ഇക്വിറ്റി ഓഹരികൾ തിരികെ വാങ്ങാനുള്ള നിർദ്ദേശത്തിന് യുപിഎൽ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. കമ്പനി 1.26 കോടി ഇക്വിറ്റി ഓഹരികൾ (അല്ലെങ്കിൽ മൊത്തം അടച്ച മൂലധനത്തിന്റെ 1.65%) ഓഹരി ഒന്നിന് 875 രൂപ നിരക്കിൽ ഓപ്പൺ മാർക്കറ്റ് വഴി തിരികെ വാങ്ങും. പരമാവധി ബൈബാക്ക് വില ബുധനാഴ്ചത്തെ ക്ലോസിംഗ് വിലയുടെ 26.85% പ്രീമിയത്തെ പ്രതിനിധീകരിക്കുന്നു.
ഫെബ്രുവരിയിൽ 54.9 ആയി ഉയർന്ന് ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐ
ജനുവരിയിൽ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതിന് ശേഷം ഫെബ്രുവരിയിൽ വീണ്ടെടുക്കൽ പ്രകടമാക്കി ഇന്ത്യയുടെ നിർമ്മാണ പ്രവർത്തനങ്ങൾ. 2022 ഫെബ്രുവരിയിൽ 54.9 ആയിരുന്നു ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് (പിഎംഐ. ജനുവരിയിൽ ഇത് 54 ആയിരുന്നു. ഔട്ട്പുട്ട് ലെവലുകളും പുതിയ ഓർഡറുകളും ശക്തമായി മുന്നേറിയിട്ടുണ്ട്. ഒരു മാസത്തെ കണക്കുകൂട്ടലാണ് പിഎംഐ. മുൻ മാസത്തെ അപേക്ഷിച്ച് 50-ന് മുകളിലുള്ള മൂല്യം ഒരു വിപുലീകരണത്തെ പ്രതിനിധീകരിക്കുന്നു.
ഇന്ത്യൻ റിഫ്രാക്റ്ററി ബിസിനസുകൾ ഒരു സ്ഥാപനത്തിന് കീഴിൽ ഏകീകരിക്കാൻ ഡാൽമിയ ഭാരത്
എല്ലാ ആഭ്യന്തര ബിസിനസുകളെയും ഡാൽമിയ ഭാരത് റിഫ്രാക്ടറീസ് ലിമിറ്റഡ് (ഡിബിആർഎൽ) എന്ന ഏകീകൃത സ്ഥാപനമായി ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡാൽമിയ ഭാരത് ഗ്രൂപ്പിന്റെ റിഫ്രാക്റ്ററി ബിസിനസ്സായ ഡാൽമിയ ഒസിഎൽ. ഇതോടെ ഡാൽമിയ റിഫ്രാക്ടറീസ് ലിമിറ്റഡ്, ഡാൽമിയ സിമന്റ് ഭാരത് ലിമിറ്റഡ് – റിഫ്രാക്ടറി യൂണിറ്റ്, ജിഎസ്ബി ഇന്ത്യ എന്നിവ ഡിബിആർഎലിലേക്ക് മാറും. ഡിബിആർഎല്ലിന്റെ സാമ്പത്തിക നില ശക്തിപ്പെടുത്തുക, നിക്ഷേപ ശേഷി വർദ്ധിപ്പിക്കുക, കഴിവുകളുടെ അടിത്തറ വിപുലപ്പെടുത്തുക എന്നിവയാണ് ഈ ഏകീകരണം കൊണ്ട് ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോജക്റ്റിനായി സിമെക്സിൽ നിന്ന് കരാർ നേടി ടിസിഎസ്
ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള 40,000 ത്തിലധികം ആളുകൾക്ക് ജീവനക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി ടാറ്റ കൺസൾട്ടൻസി സർവീസസിനെ (ടിസിഎസ്) തിരഞ്ഞെടുത്ത് മെക്സിക്കോ ആസ്ഥാനമായുള്ള സിമെക്സ്. വികസിച്ചുകൊണ്ടിരിക്കുന്ന വിപണി ആവശ്യങ്ങളുമായി പൊരുത്തപ്പെടാനും ബിസിനസ് മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്ന സിമെക്സിന്റെ ആഗോള ‘വർക്കിംഗ് സ്മാർട്ടർ’ സംരംഭം നയിക്കാൻ ടിസിഎസ് സഹായിക്കും. സ്മാർട്ട് വർക്ക്പ്ലെയ്സ് പ്രവർത്തനക്ഷമമാക്കുന്നതിന് ഐടി സ്ഥാപനം അടുത്ത ഏഴ് വർഷത്തിനുള്ളിൽ സിമെക്സുമായി ചേർന്ന് പ്രവർത്തിക്കും.
ഡിജിറ്റൽ ലേണിംഗ് സംരംഭത്തിൽ 12 ലക്ഷം ആളുകളെ ഉൾപ്പെടുത്തി ഇൻഫോസിസ്
ഡിജിറ്റൽ റീസ്കില്ലിംഗ് പ്രോഗ്രാമായ ഇൻഫോസിസ് സ്പ്രിംഗ്ബോർഡിലേക്ക് 12 ലക്ഷം ആളുകളെ ഉൾപ്പെടുത്തി ഐടി സേവന സ്ഥാപനമായ ഇൻഫോസിസ് ലിമിറ്റഡ്. കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ് സംസ്ഥാന സർക്കാരുകളുടെ 700-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വകുപ്പുകളുമായും ഇൻഫോസിസ് സ്പ്രിംഗ്ബോർഡ് സഹകരിച്ചിട്ടുണ്ട്. 2025 ഓടെ ഒരു കോടിയിലധികം ആളുകളെ ഡിജിറ്റലായി പുനഃക്രമീകരിക്കാനുള്ള പ്രതിജ്ഞാബദ്ധതയിൽ സുസ്ഥിരമായ പുരോഗതി കൈവരിക്കാൻ ഈ നീക്കം ഇൻഫോസിസിനെ സഹായിക്കും.
തൊഴിലാളികളെ വർദ്ധിപ്പിക്കാൻ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്
ഈ വർഷം തൊഴിലാളികളുടെ എണ്ണം 8 മുതൽ 10% വരെ വർദ്ധിപ്പിക്കാൻ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ലിഡ്. എഫ്എംസിജി കമ്പനിക്ക് നിലവിൽ ഏകദേശം 3,300 ജീവനക്കാരുണ്ട്. മാർക്കറ്റിംഗ്, ഡിജിറ്റൽ, ടെക്നോളജി, സോഴ്സിംഗ്, ബിസിനസ്സിന്റെ വാണിജ്യ മേഖലകൾ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങളിലുടനീളം ഇത് തൊഴിലാളികളെ വർദ്ധിപ്പിക്കും.
ഐബിഎമ്മിനൊപ്പം സെന്റർ ഓഫ് എക്സലൻസ് തുറന്ന് എച്ച്സിഎൽ ടെക്
യുഎസ് ആസ്ഥാനമായുള്ള മൾട്ടിനാഷണൽ ടെക്നോളജി കോർപ്പറേഷൻ ഐബിഎമ്മിനൊപ്പം സെന്റർ ഓഫ് എക്സലൻസ് (സിഒഇ) ആരംഭിച്ച് എച്ച്സിഎൽ ടെക്നോളജീസ് ലിമിറ്റഡ്. ആശയവിനിമയ സേവന ദാതാക്കളെ അവരുടെ നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്ചർ നവീകരിക്കാനും പ്രവർത്തനങ്ങൾ ലളിതമാക്കാനും ഇത് സഹായിക്കും. ടെലികോം വ്യവസായത്തിലെ ക്ലയന്റുകൾക്ക് അവരുടെ നെറ്റ്വർക്ക് പരിവർത്തനം ചെയ്യാൻ സഹായിക്കുന്നതിനു വേണ്ടിയുള്ള ഓഫറുകൾ വികസിപ്പിക്കുന്നതിനുള്ള ഒരു വെർച്വൽ ഹബ്ബാണ് സെന്റർ.
ഫെബ്രുവരിയിൽ ഉൽപ്പാദനത്തിൽ നേരിയ വർധന രേഖപ്പെടുത്തി മാരുതി സുസുക്കി
2022 ഫെബ്രുവരിയിൽ ഉൽപ്പാദനത്തിൽ നേരിയ വർധന രേഖപ്പെടുത്തി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ വർഷം ഇതേ മാസത്തിലെ 1,68,180 യൂണിറ്റുകളെ അപേക്ഷിച്ച് ഫെബ്രുവരിയിൽ മൊത്തം ഉൽപ്പാദനം 1,69,692 യൂണിറ്റായിരുന്നു. പാസഞ്ചർ വാഹന ഉൽപ്പാദനം 1,65,672 യൂണിറ്റാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇത് 1,65,783 യൂണിറ്റായിരുന്നു. വൈദ്യുത ഘടകങ്ങളുടെ കുറവ് ഉൽപാദനത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട്.
പെട്രോൾ, ഡീസൽ വില വർധന അടുത്ത ആഴ്ച മുതൽ പുനരാരംഭിച്ചേക്കും
അടുത്തയാഴ്ച സംസ്ഥാന തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പെട്രോൾ, ഡീസൽ വിലവർധന പുനരാരംഭിച്ചേക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതിനെത്തുടർന്ന് സൃഷ്ടിച്ച വിടവ് നികത്താൻ ഇന്ധന വില ലിറ്ററിന് 9 രൂപ വരെ വർദ്ധിപ്പിച്ചേക്കാം. 2014 ന്റെ പകുതിക്കു ശേഷം ആദ്യമായി ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിൽ എത്തിയിരിക്കുകയാണ്. ഉക്രൈനുമായുള്ള സംഘർഷവും റഷ്യക്കെതിരെയുള്ള ഉപരോധവും കാരണം റഷ്യയിൽ നിന്നുള്ള എണ്ണ, വാതക വിതരണം തടസ്സപ്പെടുമെന്ന ഭയത്തെ തുടർന്നാണിത്.

