ജെകെ പേപ്പറിൽ പോയവർഷം നിങ്ങൾ 10000 രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇപ്പോൾ അത് ഇരട്ടി വർദ്ധിച്ച് 21400 രൂപയായേനെ. കൃത്യം ഒരു വർഷം കൊണ്ട് 114 ശതമാനത്തിന്റ നേട്ടമാണ് ഓഹരി കെെവരിച്ചത്. പേപ്പർ മേഖലയിലെ കമ്പനിയുടെ പ്രാധാന്യവും ബിസിനസ് രീതിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
JK Paper
1960 കാലഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ച കമ്പനി രാജ്യത്തെ ഏറ്റവും വലിയ ബ്രാൻഡഡ് പേപ്പറുകൾ, കോട്ട്ഡ് പേപ്പറുകൾ, ഹൈ എൻഡ് പാക്കേജിംഗ് ബോർഡുകൾ എന്നിവ നിർമിക്കുന്നു. ഗുജറാത്ത്, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിലായി 3 പ്രധാന ഫാക്ടറികളുള്ള കമ്പനിക്ക് രാജ്യവ്യാപകമായി വിതരണ ശൃംഖലയുണ്ട്. ആഗോളതലത്തിൽ 62 രാജ്യങ്ങളിൽ കമ്പനിക്ക് സ്വാധീനമുള്ളതായി കാണാം.
1800 കാലഘട്ടത്തിൽ ലാല കമലപത് സിങ്കാനിയ സ്ഥാപിച്ച സിങ്കാനിയ ഫാമിലി നടത്തി വരുന്ന ഒരു കൂട്ടായ്മയാണ് ജെ കെ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നത്. JK Tyre, JK Cement, JK Lakshmi Cement, JK Jaykay Enterprises എന്നിവയാണ് ജെകെ ഗ്രൂപ്പിന് കീഴിൽ അറിയപ്പെടുന്ന ബിസിനസുകൾ.
ബിസിനസ് രീതി
പ്രിന്റിംഗ്, ഗ്ലോസി, ന്യൂസ് പ്രിന്റ്, പാക്കേജിംഗ്, ടിഷ്യു പേപ്പറുകൾ തുടങ്ങി എല്ലാത്തരം പേപ്പറുകളും നിർമിക്കുന്ന കമ്പനിയാണ് ജെകെ പേപ്പർ. ഇതിന് പുറമെ മറ്റ് കമ്പനികൾക്ക് വിതരണം ചെയ്യുന്നതിനായി പേപ്പർ പൾപ്പും കമ്പനി കയറ്റുമതി ചെയ്യുന്നു. പ്രധാനമായും മൂന്ന് ഉത്പ്പന്ന വിഭാഗങ്ങളാണ് കമ്പനിക്കുള്ളത്.
- Coated Paper(~12% of production volume)
- Uncoated Paper(~68% of production volume)
- Virgin Fibre Board(~20% of production volume)
2019-20 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് പ്രകാരം കമ്പനിക്ക് പ്രധാനമായും മൂന്ന് ഉത്പാദന വിഭാഗങ്ങളാണുള്ളത്.
- Office and Copier Paper(Uncoated Paper) – കോപ്പിയർ പേപ്പറുകൾ അവയുടെ ആപ്ലിക്കേഷൻ പ്രിന്ററുകൾ, ഫാക്സ് മെഷീനുകൾ, ഫോട്ടോകോപ്പിയറുകൾ എന്നിവ നിർമിക്കുന്നു. ഏറ്റവും കൂടുതൽ ഉത്പ്പാദനം നടക്കുന്ന സെഗ്‌മെന്റാണിത്.
- Packaging Boards– ഇത് പ്രധാനമായും എഫ്.എം.സി.ജി, ഫുഡ് ആൻഡ് ബീവറേജ്, ഇ-കൊമേഴ്സ് ഡെലിവറി ബോക്സ്, ഫാർമ എന്നീ വിഭാഗങ്ങളിലേക്കാണ് ഉപയോഗിക്കുക.
- Coated Papers– ഇന്ത്യയിൽ കോട്ടഡ് പേപ്പറുകൾ നിർമിക്കുന്ന രണ്ട് കമ്പനികളിൽ ഒന്നാണ് ജെകെ പേപ്പർ. മാസികകൾ, പുസ്തകങ്ങൾ, ബ്രോഷറുകൾ, പോസ്റ്ററുകൾ, വിവാഹ കാർഡുകൾ എന്നിവ നിർമിക്കാനാണ് കോട്ടഡ് പേപ്പറുകൾ ഉപയോഗിക്കുക.
- Maplitho and Speciality Papers-MICR ചെക്ക് പേപ്പർ, കടലാസ്, ലെഡ്ജർ, ബോണ്ട് എന്നിവയ്ക്ക് ആവശ്യമായ പേപ്പറുകളാണ് ഈ വിഭാഗത്തിൽ നിർമിക്കുക.
കമ്പനിക്ക് പ്രധാനമായും മൂന്ന് ഫാക്ടറികളാണുള്ളത്
- ഒഡീഷയിലെ റായഗഡയിൽ സ്ഥിതി ചെയ്യുന്ന ജെ കെ പേപ്പർ മിൽസ്. പ്രതിവർഷം 2,95,000 ടൺ സ്ഥാപിത ശേഷിയാണ് ഇതിനുള്ളത്. രാജ്യത്തെ ഏറ്റവും വലിയ പേപ്പർ നിർമാണ കേന്ദ്രങ്ങളിൽ ഒന്നാണിത്.
- ഗുജറാത്തിലെ സോംഗാദിയിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ പൾപ്പ് മിൽസ്. പ്രതിവർഷം 1,60,000 ടൺ സ്ഥാപിത ശേഷിയാണ് ഇതിനുള്ളത്. പേപ്പർ, പാക്കേജിംഗ് ബോർഡുകളുടെ നിർമാണത്തിൽ ഇവിടെ പ്രത്യേക ശ്രദ്ധനൽകുന്നു.
- തെലങ്കാനയിലെ കഗാസ്നഗറിൽ സ്ഥിതി ചെയ്യുന്ന സിർപൂർ പേപ്പർ മിൽസ്. പ്രതിവർഷം 1,36,000 ടൺ സ്ഥാപിത ശേഷിയാണ് ഇതിനുള്ളത്. കെ പേപ്പർ 2018ലാണ് സിർപൂർ പേപ്പർ മിൽസ് ഏറ്റെടുക്കുന്നത്.
300 ഓളം വ്യാപാര പങ്കാളികളും, 4000 ഡീലർമ്മാരുമുള്ള വലിയ ഒരു വ്യാപാരം ശൃംഖലയാണ് കമ്പനിക്കുള്ളത്. ഇന്ത്യൻ പേപ്പർ മേഖലയിലെ ഏറ്റവും വലിയ കമ്പനിയെന്ന നിലയിൽ മികച്ച വിതരണ ശൃംഖല കമ്പനിക്ക് നേട്ടമാണ്.
ജെകെ പേപ്പറിന്റെ സാമ്പത്തിക സ്ഥിതി എങ്ങനെ?
| March-21 | Dec-2020 | March-20 | |
| Revenue | 935.1 | 770.5 | 766.6 |
| Profit | 135.8 | 65.9 | 92.7 |
മാർജിൻ കുറവാണെങ്കിലും ശക്തമായ സാമ്പത്തിക അടിത്തറയുള്ള കമ്പനിയാണ് ജെകെ പേപ്പർ. പേപ്പർ നിർമാണം എന്നത് വളരെ ചെലവ് ഏറിയ ജോലിയാണ്. വരുമാനവും അറ്റ ലാഭവും തമ്മിലുള്ള ഉയർന്ന വ്യത്യാസം നിങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വർദ്ധിച്ച് വരുന്ന ചെലവ് ലാഭത്തെ ഇല്ലാതാക്കുന്നു. ആഭ്യന്തര കടലാസ് വിപണിയെ സംരക്ഷിക്കുന്നതിന് സർക്കാർ ശരിയായ ഇറക്കുമതി തീരുവ ചുമത്തിയിട്ടില്ലെന്നതും തിരിച്ചടിയാണ്. 2013 വരെ കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചതായി കാണാം. ഇടയ്ക്ക് ചില പ്രതിസന്ധികൾ നേരിട്ടെങ്കിലും കമ്പനി ഇപ്പോൾ ലാഭത്തിൽ തന്നെയാണുള്ളത്. കഴിഞ്ഞ മൂന്ന് പാദങ്ങളിലായി കമ്പനി ലാഭത്തിൽ തന്നെയാണുള്ളത്.
കമ്പനിയുടെ റിട്ടേൺ ഓൺ ഇക്യുറ്റി സ്ഥിരമായി വർദ്ധിച്ച് വരികയാണ്. കമ്പനിയുടെ മൂലധനം കാര്യക്ഷമായി ഉപയോഗിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. വർഷങ്ങളായി കമ്പനിയുടെ ആർഒഎയും വർദ്ധിക്കുന്നതായി കാണാം. കൊവിഡ് പ്രതിസന്ധി മാറിയിൽ കമ്പനിക്ക് ശക്തമായ മുന്നേറ്റം നടത്താനായേക്കും.
കമ്പനിയുടെ വരുമാനത്തിന്റെ 70 ശതമാനവും ചെലവുകളിലേക്ക് പോകുന്നതായി കാണാം. 50 ശതമാനം ചെവലും തടി, മുള, പൾപ്പ്, രാസവസ്തുക്കൾ, പാക്കേജിംഗ് വസ്തുക്കൾ തുടങ്ങിയ അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിൽ നിന്നാണ് ഉണ്ടാവുന്നത്. ജീവനക്കാരുടെ ആനുകൂല്യം, വൈദ്യുതി, ഇന്ധനം തുടങ്ങിയ മറ്റു ചെലവുകളും കമ്പനിക്കുണ്ട്. ഇവ രണ്ടുമാണ് കമ്പനിയുടെ പ്രധാന ചെലവുകൾ.
കടം കാര്യക്ഷമമായി വിനിയോഗിക്കാൻ കമ്പനിക്ക് സാധിച്ചതായി കാണാം. ചുവടെ കൊടുത്തിട്ടുള്ള ഗ്രാഫിൽ നിന്നും നിങ്ങൾക്ക് ഇത് വ്യക്തമാകും. ഡെറ്റ്-ഇക്വിറ്റി അനുപാതം കമ്പനി തങ്ങളുടെ ബിസിനസ്സ് പ്രവർത്തിപ്പിക്കാൻ വായ്പ്പ എത്രമാത്രം ഉപയോഗപ്പെടുത്തുന്നുവെന്ന് സൂചിപ്പിക്കുന്നു. കടം കുറവാണെങ്കിൽ നിക്ഷേപകർ അത്രയും സുരക്ഷിതരായിരിക്കും.
കഴിഞ്ഞ ഒരു വർഷമായി ജെകെ പേപ്പറിന്റെ ഓഹരി വില കുതിച്ചുകയറുകയാണ്. ഒരു വർഷം കൊണ്ട് 120 ശതമാനത്തിന്റെ നേട്ടമാണ് നൽകിയത്.
മുന്നിലേക്ക് എങ്ങനെ?
നിലവിൽ ജെകെ പേപ്പർ അതിന്റെ മുഴുവൻ ശേഷിയും പ്രവർത്തിപ്പിക്കുന്നില്ല. പേപ്പറുകൾ എല്ലാം തന്നെ ഡിജിറ്റൈസ് ചെയ്തതോടെ ചെലവും വർദ്ധിച്ചു. ഇത് പേപ്പർ മേഖലയക്ക് ഒരു തിരിച്ചടിയാകുമോ? കൊവിഡ് പ്രതിസന്ധി മാറിയാൽ സ്കൂൾ,കോളേജ് എന്നിവ തുറന്ന് പ്രവർത്തിക്കുകയും പേപ്പറിന്റെ ആവശ്യം വർദ്ധിക്കുകയും ചെയ്യും. എഫ്.എം.സി.ജി പാക്കേജിംഗ്, ബിവറേജസ്, പരസ്യങ്ങൾ എന്നിവയ്ക്കായും പേപ്പറുകൾ വ്യാപകമായി ഉപയോഗിക്കപ്പെടും.
വിപുലീകരണത്തിലൂടെ ജെ കെ പേപ്പർ തമിഴ്‌നാട് ന്യൂസ്‌പ്രിന്റ്, സെഞ്ച്വറി ടെക്‌സ്റ്റൈൽസ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങി അനേകം കമ്പനികളെ പിന്നിലാക്കി മേഖലയിൽ നിർണായക സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര പൾപ്പ് വിലയിലെ മാറ്റം, പേപ്പറിന്റെ മേലുള്ള ഇറക്കുമതി/കയറ്റുമതി തീരുവ, ചൈനയിലെ കടലാസ്, പൾപ്പ് വ്യവസായം എന്നിവയിൽ വന്നേക്കാവുന്ന നിയന്ത്രണം, കോർപ്പറേറ്റുകൾക്കും സ്കൂളുകൾക്കുമായുള്ള നിയന്ത്രണങ്ങൾ മാറ്റുക എന്നിവയാണ് പേപ്പർ ഓഹരികളിൽ നിക്ഷേപം നടത്തുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

