രണ്ടാം പാദത്തിൽ കല്യാൺ ജ്വല്ലേഴ്സിന്റെ വരുമാനം 60 ശതമാനം ഉയർന്നു
സെപ്റ്റംബറിൽ പാദത്തിൽ ഇന്ത്യയിലെ വാർഷിക വരുമാനത്തിൽ 60 ശതമാനം വർധനവ് റിപ്പോർട്ട് ചെയ്ത് കല്യാൺ ജ്വല്ലേഴ്സ്. കമ്പനിയുടെ പുതിയ ഉപഭോക്താക്കളുടെ വിഹിതത്തിലും വളർച്ചയുണ്ടായിട്ടുണ്ട്. അസംഘടിത മേഖലയിൽ നിന്നും സംഘടിത മേഖലയിലേക്ക് മാറിയതാണ് ഇതിന് കാരണമായി കണക്കാക്കുന്നത്. അതേസമയം നോൺ-സൗത്ത് മാർക്കറ്റുകൾ രണ്ടാം പാദത്തിൽ വിൽപ്പനയിൽ 70% വളർച്ച രേഖപ്പെടുത്തിയുട്ടുണ്ട്. അതേ സമയം സൗത്ത് മാർക്കറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 40% ആണ്.
സെപ്റ്റംബറിൽ മൊത്തം ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപ്പന 5.27% ഇടിഞ്ഞു
സെപ്റ്റംബറിൽ എല്ലാ ഓട്ടോമൊബൈൽ വിഭാഗങ്ങളിലുമായുള്ള മൊത്തം വിൽപ്പന 5.27% ഇടിഞ്ഞ് 12.96 ലക്ഷം യൂണിറ്റ് ആയി. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസിന്റേതാണ് റിപ്പോർട്ട്. സെപ്റ്റംബറിൽ പാസഞ്ചർ വാഹനങ്ങളുടെ ചില്ലറ വിൽപ്പന 16.32% വർദ്ധിച്ച് 2,33,308 യൂണിറ്റായി. അതേസമയം ഇരുചക്രവാഹന വിൽപ്പന 11.54% ഇടിഞ്ഞ് 9,14,621 യൂണിറ്റായി. വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 46.64% വർദ്ധിച്ച് 58,820 യൂണിറ്റായിട്ടുണ്ട്.
വൈദ്യുത വികസന പദ്ധതികൾക്കുള്ള സാധ്യതകൾ കണ്ടെത്താൻ ഒരുങ്ങി എൻടിപിസിയും ഇഡി എഫും
മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ വൈദ്യുത വികസന പദ്ധതികൾക്കുള്ള സാധ്യതകൾ കണ്ടെത്താൻ ധാരണാപത്രത്തിൽ ഒപ്പിട്ട് എൻ ടി പി സി ലിമിറ്റഡും ഇലക്ട്രിസിറ്റി ഡി ഫ്രാൻസും. പാരീസ് ആസ്ഥാനമായുള്ള വൈദ്യുത മേഖല സ്ഥാപനമാണ് ഇഡിഎഫ് . ഇതുവഴി ഗവേഷണം, വികസനം, സാങ്കേതിക സേവനങ്ങൾ, കൺസൾട്ടൻസി നിയമനങ്ങൾ എന്നിവയിൽ ഇരു കമ്പനികളും സഹകരിക്കും.
ഇവി പവർട്രെയിൻ ഘടകങ്ങൾക്കായി യുഎസ് സ്ഥാപനവുമായി ധാരണാപത്രം ഒപ്പിട്ട് രാംകൃഷ്ണ ഫോർഗിംഗ്സ്
ഇന്ത്യൻ ഇവി മാർക്കറ്റിലേക്കുള്ള ഇലക്ട്രിക് വെഹിക്കിൾ (ഇവി) പവർട്രെയിൻ ഘടകങ്ങൾ വികസിപ്പിക്കാൻ യുഎസ് ആസ്ഥാനമായുള്ള സ്ഥാപനവുമായി ധാരണാപത്രം ഒപ്പിട്ട് രാംകൃഷ്ണ ഫോർഗിംഗ്സ് ലിമിറ്റഡ് (ആർഎഫ്എൽ). മാഗ്നറ്റിക് എഞ്ചിനീയറിംഗിൽ വിദഗ്ദരായ സ്ഥാപനവുമായാണ് കരാർ.
ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഭാരമേറിയ സെമി-ക്രയോജനിക് പ്രൊപ്പല്ലന്റ് ടാങ്ക് ഐഎസ്ആർഒയ്ക്ക് കൈമാറി എച്ച്എഎൽ
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ സെമി ക്രയോജനിക് പ്രൊപ്പല്ലന്റ് ടാങ്ക് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന് കൈമാറി. എംകെ III വിക്ഷേപണ വാഹനത്തിൽ ടാങ്ക് ഉപയോഗിക്കും. അതേസമയം പിഎസ്‌എൽവി, ജിഎസ്‌എൽവി എംകെ -2, ജിഎസ്‌എൽവി എംകെ -3 എന്നിവയുടെ ബഹിരാകാശ ദൗത്യങ്ങൾക്കായി 244 പ്രൊപ്പല്ലന്റ് ടാങ്കുകളും 95 വാട്ടർ ടാങ്കുകളും എച്ച്‌എഎല്ലിന്റെ എയ്‌റോസ്‌പേസ് ഡിവിഷൻ ഐഎസ്‌ആർഒയ്ക്ക് കൈമാറിയിട്ടുണ്ട്.
ഇഎംവി ഓപ്പൺ ലൂപ്പ് അക്കൗണ്ട് ടിക്കറ്റിംഗ് സംവിധാനത്തിന്റെ പരിഹാര ദാതാവായി എസി സോഫ്റ്റ് പിടി ലിമിറ്റഡ്
ഇഎംവി ഓപ്പൺ ലൂപ്പ് അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിംഗ് സംവിധാനത്തിന്റെ പരിഹാര ദാതാവായി എസി സോഫ്റ്റ് പിടി ലിമിറ്റഡിനെ തിരഞ്ഞെടുത്തു. മാലിദ്വീപിലെ ഗതാഗത പരിഹാരങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണിത്. ഓറിയോൺപ്രോ സൊല്യൂഷൻസ് ലിമിറ്റഡിന്റെ സിംഗപ്പൂർ ആസ്ഥാനമായുള്ള അനുബന്ധ സ്ഥാപനമാണ് എസി സോഫ്റ്റ് പിടി ലിമിറ്റഡ്. ഇതിനായി ബാങ്ക് ഓഫ് മാലിദ്വീപ്, മാസ്റ്റർകാർഡ് എന്നിവയുമായി കമ്പനി സഹകരിക്കും.
സെപ്റ്റംബറിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 6.86% ആയി കുറഞ്ഞു
ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിലെ 8.32% ൽ നിന്നും സെപ്റ്റംബറിൽ 6.86% ആയി കുറഞ്ഞു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ (CMEI) കണക്കുകൾ അനുസരിച്ചാണിത്. ഇതനുസരിച്ച് കഴിഞ്ഞ മാസം 85 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ഗ്രാമീണ മേഖലയിലാണ് തൊഴിലവസരങ്ങളിൽ ഭൂരിഭാഗവും ഉണ്ടായിട്ടുള്ളത്. നിർമാണ മേഖലയിലെ പ്രവർത്തനങ്ങൾ വർധിച്ചതോടെയാണിത്.
മഹീന്ദ്ര XUV700 എസ്‌യുവിക്ക് ഒരു മണിക്കൂറിനുള്ളിൽ 25,000 ബുക്കിംഗ്
ഒരു മണിക്കൂറിനുള്ളിൽ 25,000 ബുക്കിംഗുകൾ പൂർത്തിയാക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം & എം) ലിമിറ്റഡിന്റെ ഏറ്റവും പുതിയ മഹീന്ദ്ര XUV700 എസ്‌യുവി . ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിൽ തന്നെ അത്യപൂർവ്വമാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം പുതിയ XUV700 എൻട്രി വാരിയെന്റിന്റെ വില 12.49 ലക്ഷം രൂപയായിട്ടുണ്ട്. അതേസമയം M&M അടിസ്ഥാന വേരിയന്റിന്റെ വില 50,000 രൂപ വർധിച്ചു. 2021 ഒക്ടോബർ 8 ന് രാവിലെ 10 മണിക്ക് ബുക്കിംഗ് വീണ്ടും ആരംഭിക്കും.
പി 2 പി ലെൻഡിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുന്നതിനായി ലെൻഡ്ഡെൻക്ലബുമായി സഹകരിക്കാൻ വക്രാംഗീ
രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ ഉപഭോക്താക്കൾക്ക് നിക്ഷേപവും വായ്പയെടുക്കാനുള്ള ഓപ്ഷനുകളും നൽകുന്നതിനായി ലെൻഡ്ഡെൻക്ലബുമായി സഹകരിച്ച് വക്രാംഗീ ലിമിറ്റഡ്. ഇന്ത്യയിലെ പ്രമുഖ പിയർ-ടു-പിയർ (പി 2 പി) വായ്പാ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ലെൻഡൻക്ലബ് . ഇതിലൂടെ വക്രാംഗീയുടെ ഉപഭോക്താക്കൾക്ക് ലെൻഡ്ഡെൻ ക്ലബു വഴിയും നിക്ഷേപം നടത്താനും വായ്പ എടുക്കാനും സാധിക്കും.

