ക്യാഷ് മാനേജ്മെന്റ് ആൻഡ് പേയ്മെന്റ് സൊല്യൂഷൻസ് കമ്പനിയായ CMS Info Systems Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി എത്തിയിരിക്കുകയാണ്. ഡിസംബർ 21ന് ആരംഭിച്ച ഐപിഒയുടെ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
CMS Info Systems Ltd
എടിഎം പോയിന്റുകളുടെ എണ്ണവും റീട്ടെയിൽ പിക്ക്-അപ്പ് പോയിന്റുകളുടെ എണ്ണവും അടിസ്ഥാനമാക്കി ഇന്ത്യയിലെ ഏറ്റവും വലിയ ക്യാഷ് മാനേജ്മെന്റ് കമ്പനിയാണ് സിഎംഎസ് ഇൻഫോ സിസ്റ്റംസ് ലിമിറ്റഡ്. ഇത് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമായി എൻഡ്-ടു-എൻഡ് ഔട്ട്‌സോഴ്‌സ് അടിസ്ഥാനത്തിൽ ആസ്തികളും സാങ്കേതിക പരിഹാരങ്ങളും ഇൻസ്റ്റാൾ ചെയ്യുകയും പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ സംഘടിത റീട്ടെയിൽ, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കും കമ്പനി സേവനം നൽകുന്നു.
സിഎംഎസിന്റെ മൊത്തം കറൻസി ത്രൂപുട്ട് എന്നത് 9,15,886 കോടി രൂപയായിരുന്നു. കറൻസി ത്രൂപുട്ട് എന്നത് കമ്പനിയുടെ എല്ലാ എടിഎമ്മുകളിലൂടെയും റീട്ടെയിൽ ക്യാഷ് മാനേജ്‌മെന്റ് ബിസിനസുകളിലൂടെയും കടന്നുപോകുന്ന കറൻസിയുടെ ആകെ മൂല്യത്തെ സൂചിപ്പിക്കുന്നു. 2021 ഓഗസ്റ്റ് 31 വരെ കമ്പനിക്ക് 3,965 ക്യാഷ് വാനുകളുടെ പാൻ-ഇന്ത്യ ഫ്ലീറ്റും 238 ശാഖകളുടെയും ഓഫീസുകളുടെയും ശൃംഖലയുണ്ട്. 2021 ഓഗസ്റ്റ് 31 വരെ കമ്പനിക്ക് 3,965 ക്യാഷ് വാനുകളുടെ പാൻ-ഇന്ത്യ ഫ്ലീറ്റും 238 ശാഖകളുടെ ഓഫീസ് ശൃംഖലയുമുള്ളതായി കാണാം.
ബിസിനസ്സ് വിഭാഗങ്ങൾ:
- Cash Management Segment: എൻഡ്-ടു-എൻഡ് എ.ടി.എം റീപ്ലിനിഷ്‌മെന്റ് സേവനങ്ങൾ, ക്യാഷ് പിക്കപ്പ് & ഡെലിവറി, നെറ്റ്‌വർക്ക് ക്യാഷ് മാനേജ്‌മെന്റ് & വെരിഫിക്കേഷൻ സേവനങ്ങൾ, ബാങ്കുകൾക്കുള്ള ക്യാഷ്-ഇൻ-ട്രാൻസിറ്റ് സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. 2021 ഓഗസ്റ്റിലെ കണക്കുപ്രകാരം കമ്പനിയുടെ വരുമാനത്തിന്റെ 66.74 ശതമാനം ഈ സെഗ്‌മെന്റിൽ നിന്നുള്ള പ്രവർത്തനങ്ങളിൽ നിന്നാണ് വന്നിട്ടുള്ളത്.
- Managed Services: ഈ വിഭാഗത്തിൽ ബാങ്കിംഗ് ഓട്ടോമേഷൻ ഉൽപ്പന്ന വിൽപ്പന, വിന്യാസം, വാർഷിക അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെടുന്നു. മൾട്ടി-വെണ്ടർ, സെക്യൂരിറ്റി, ഓട്ടോമേഷൻ സോഫ്‌റ്റ്‌വെയർ സൊല്യൂഷനുകൾ എന്നിവയുൾപ്പെടെ പൊതുവായ നിയന്ത്രണ സംവിധാനങ്ങളും സോഫ്‌റ്റ്‌വെയർ പരിഹാരങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ വരുമാനത്തിന്റെ 30.64 ശതമാനം ഈ സെഗ്‌മെന്റിൽ നിന്നും ലഭിക്കുന്നു.
- Others: സിഎംഎസ് ഇൻഫോ സിസ്റ്റംസ് ബാങ്കുകൾക്കായി എൻഡ്-ടു-എൻഡ് ഫിനാൻഷ്യൽ കാർഡുകളുടെ വിതരണവും മാനേജ്മെന്റ് സേവനങ്ങളും നൽകുന്നു.
ഐപിഒ എങ്ങനെ
ഡിസംബർ 21ന് ആരംഭിച്ച ഐപിഒ ഡിസംബർ 23ന് അവസാനിക്കും. ഓഹരി ഒന്നിന് 200- 216 രൂപ നിരക്കിലാണ് പ്രെെസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
നിലവിലുള്ള നിക്ഷേപകരിൽ നിന്നും 1100 കോടി രൂപയുടെ 5.09 കോടി ഇക്യൂറ്റി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യും. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 69 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,904 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 897 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.
ഓഹരി ഉടമകൾക്ക് ഒരു എക്സിറ്റ് സ്ട്രാറ്റർജി എന്നത് പോലെയാണ് ഐപിഒ നടത്തുന്നത്. എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നതിലൂടെയുള്ള നേട്ടം സ്വന്തമാക്കാൻ കമ്പനി ആഗ്രഹിക്കുന്നു. ഐപിഒക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടോർ ഹോൾഡിംഗ് എന്നത് 100 ശതമാനത്തിൽ നിന്നും 65.59 ശതമാനമായി കുറയും.
സാമ്പത്തിക സ്ഥിതി
| . | March 31, 2019 (FY19) | March 31, 2020 (FY20) | March 31, 2021 (FY21) |
| Total Assets | 1,092.7 | 1,332.73 | 1,611.81 |
| Total Income | 1,159.31 | 1,388.29 | 1,321.92 |
| Profit After Tax | 96.14 | 134.7 | 168.52 |
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളായി തുടർച്ചയായി കമ്പനി അറ്റാദായം വർദ്ധിപ്പിച്ചു വരുന്നതായി കാണാം. കൊവിഡിനെ തുടർന്ന് 2021 സാമ്പത്തിക വർഷം കമ്പനിയുടെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. ഇബിഐടിഡിഎ 2021ൽ 293.6 കോടി രൂപയായിരുന്നു. 2020ൽ ഇത് 253.89 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ 5 മാസത്തിൽ അറ്റാദായം എന്നത് 84.4 കോടി രൂപയും വരുമാനം 629.72 കോടി രൂപയുമായിരുന്നു. 2021 ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിയുടെ ടോപ്പ് അഞ്ച് കസ്റ്റമേഴ്സിൽ നിന്നുള്ള വരുമാനം എന്നത് 57.01 ശതമാനം ആയി രേഖപ്പെടുത്തി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നല്ല പ്രവർത്തന പണമൊഴുക്ക് കമ്പനി റിപ്പോർട്ട് ചെയ്തു. നിലവിൽ കമ്പനിക്ക് കടബാധ്യതയൊന്നുമില്ല.
അപകട സാധ്യതകൾ
- ഇന്ത്യയിലെ പ്രധാന പേയ്‌മെന്റ് രീതിയായ പണത്തിന്റെ ലഭ്യതയിലോ ഉപയോഗത്തിലോ ഉണ്ടാകുന്ന കുറവ് കമ്പനിയുടെ ബിസിനസ്സിനെയും സാമ്പത്തിക നിലയെയും പ്രതികൂലമായി ബാധിച്ചേക്കാം.
- ജീവനക്കാരുടെ ആനുകൂല്യങ്ങൾ, ക്യാഷ് വാനുകൾ, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട് കമ്പനിയുടെ ബിസിനസ്സിന് കാര്യമായ ചിലവുകൾ ഉള്ളതായി കാണാം. ഈ ചെലവുകളുടെ വർദ്ധനവ് മത്സര വിലകൾ വാഗ്ദാനം ചെയ്യുന്നതിനോ ലാഭം നിലനിർത്തുന്നതിനോ ഉള്ള കമ്പനിയുടെ കഴിവിനെ പ്രതികൂലമായി ബാധിച്ചേക്കാം.
- പരിമിതമായ എണ്ണം ക്ലയന്റുകളിൽ നിന്നാണ് മൊത്തം വരുമാനത്തിന്റെ ഗണ്യമായ ഭാഗവും കമ്പനി നേടുന്നത്. ഏതെങ്കിലും പ്രധാന ഉപഭോക്താക്കളുടെ നഷ്ടമോ അല്ലെങ്കിൽ അവരിൽ നിന്നുള്ള ബിസിനസ്സ് കുറയുന്നതോ കമ്പനിയുടെ പ്രശസ്തിയെയും പണമൊഴുക്കിനെയും പ്രതികൂലമായി ബാധിച്ചേക്കാം.
- സിഎംഎസ് ഇൻഫോ സിസ്റ്റങ്ങളുടെ ബിസിനസ്സ് മൂന്നാം കക്ഷി വഞ്ചന, ജീവനക്കാരുടെ തട്ടിപ്പ്, സായുധ കവർച്ച മുതലായവ പ്രവർത്തനപരമായ അപകടസാധ്യതകൾക്ക് വിധേയമാണ്.
- കമ്പനിയുടെ വിവര സാങ്കേതിക സംവിധാനങ്ങളിൽ ഉണ്ടായേക്കാവുന്ന പരാജയം അതിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും.
- ഇന്ത്യൻ ബാങ്കുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രതികൂല സംഭവവികാസങ്ങൾ ക്യാഷ് മാനേജ്‌മെന്റ് സേവനങ്ങൾ അഥവ എടിഎമ്മുകളുടെ ഉപയോഗത്തെ ബാധിക്കുന്നത് കമ്പനിയുടെ സാമ്പത്തിക പ്രകടനത്തെ ദോഷകരമായി ബാധിച്ചേക്കാം.
ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ
| IPO Date | December 21, 2021 – December 23, 2021 |
| Issue Type | Book Built Issue IPO |
| Face Value | Rs 10 per equity share |
| IPO Price | Rs 205 to Rs 216 per equity share |
| Lot Size | 69 shares (1 lot) |
| Issue Size | Aggregating up to Rs 1,100 crore |
| Offer for Sale (goes to promoters) | Aggregating up to Rs 1,100 crore |
| Listing At | BSE, NSE |
ആക്സിസ് ക്യാപിറ്റൽ, ഡാം ക്യാപിറ്റൽ അഡ്വൈസേഴ്സ്, ജെഎം ഫിനാൻഷ്യൽ കൺസൾട്ടന്റുകൾ, ജെഫറീസ് ഇന്ത്യ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഡിസംബർ 14നാണ് കമ്പനി ആർഎച്ച്പി സമർപ്പിക്കുന്നത്. ഇത് വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക. മൊത്തം ഓഫറിന്റെ 50 ശതമാനവും ക്യുഐബിക്കായി മാറ്റിവച്ചിരിക്കുകയാണ്. 15 ശതമാനം നോൺ ഇൻസ്റ്റിറ്റ്യുഷൻസിനായും 35 ശതമാനം റിട്ടെയിൽ നിക്ഷേപകർക്കായും മാറ്റിവച്ചിട്ടുണ്ട്.
ഐപിഒയ്ക്ക് മുമ്പായി തന്നെ വിവിധ നിക്ഷേപകരിൽ നിന്നും 330 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. ഗോൾഡ്മാൻ സാച്ച്സ്, ബിഎൻപി പാരിബാസ് ആർബിട്രേജ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് (എംഎഫ്), എസ്ബിഐ എംഎഫ് എന്നിവർ ഇതിൽ ഉൾപ്പെടും.
നിഗമനം
സിഎംഎസ് ഇൻഫോ സിസ്റ്റംസിന് ശക്തമായ ഒരു ഉൽപ്പന്ന പോർട്ട്‌ഫോളിയോയും ദീർഘകാല ഉപഭോക്തൃ ബന്ധവുമുണ്ട്. കമ്പനിക്ക് ഒരു സംയോജിത ബിസിനസ്സ് പ്ലാറ്റ്‌ഫോമാണുള്ളത്. ഇത് വൈവിധ്യമാർന്ന നിർമ്മിത ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഫ്രോസ്റ്റ് ആൻഡ് സള്ളിവൻ റിപ്പോർട്ട് അനുസരിച്ച്, 2021 സാമ്പത്തിക വർഷത്തിൽ ക്യാഷ് മാനേജ്‌മെന്റ് സേവനങ്ങളുടെ വിപണി 8,500 കോടി രൂപയായിരുന്നു. 16.6 ശതമാനം സിഎജിആർ വളർച്ച കെെവരിച്ച് 2027 സാമ്പത്തിക വർഷത്തോടെ ഇത് 21,400 കോടി രൂപയിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. മേഖലയിലെ ഏറ്റവും വലിയ കമ്പനിയായതിനാൽ സിഎംഎസ് ഇൻഫോ സിസ്റ്റംസ് കൂടുതൽ സ്കെയിൽ ചെയ്യാൻ സാധ്യതയുണ്ട്.
കമ്പനിയുടെ ബിസിനസ്സ് മോഡൽ പ്രാഥമികമായി പണത്തെ ആശ്രയിക്കുന്നത് ഇന്ത്യയിലെ പണമടയ്ക്കൽ രീതിയാണ്. എന്നാൽ യുപിഐയും മറ്റ് സംവിധാനങ്ങളും സ്വീകരിച്ചതോടെ പണരഹിത പേയ്‌മെന്റ് രീതികളിലേക്ക് നമ്മുടെ രാജ്യം മാറിക്കൊണ്ടിരിക്കുകയാണ്.
ഗ്രേ വിപണിയിൽ കമ്പനിക്ക് കാര്യമായ നിക്ഷേപ താൽപ്പര്യമുള്ളതായി കാണുന്നില്ല. സിഎംഎസിന്റെ ഐപിഒ ഓഹരികൾ അനൗദ്യോഗിക വിപണിയിൽ വെറും 30 രൂപ പ്രീമിയത്തിലാണ് വ്യാപാരം നടക്കുന്നത്. ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർ സബ്സ്ക്രെെബ് ആയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. അപകട സാധ്യതകൾ മനസിലാക്കി സ്വയം നിഗമനത്തിൽ എത്തുക.
ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്തു അറിയിക്കുക.

