ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകൾ (എപിഐ) നിർമ്മിക്കുന്ന കമ്പനിയാണ് സുപ്രിയ ലൈഫ് സയൻസ് ലിമിറ്റഡ്. മരുന്നുകൾ, വാക്സിനുകൾ, മറ്റ് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളെയാണ് എപിഐ എന്ന് പറയുന്നത്. സുപ്രിയ ലൈഫ് സയൻസ് ലിമിറ്റഡ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി എത്തിയിരിക്കുകയാണ്. ഡിസംബർ 16ന് ആരംഭിക്കുന്ന ഐപിഒ ഡിസംബർ 20ന് അവസാനിക്കും. ഐപിഒ വഴി 700 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ ബിസിനസ് രീതിയും സാമ്പത്തിക സ്ഥിതിയും മറ്റു ഐപിഒ വിശേഷങ്ങളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
ബിസിനസ് രീതി
- മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ആന്റി ഹിസ്റ്റമിൻ, അനാലിസിക്, അനസ്തെറ്റിക്, വിറ്റാമിൻ, ആൻറി ആസ്ത്മാറ്റിക്, ആൻറിഅലർജിക് തുടങ്ങിയ വൈവിധ്യമാർന്ന ചികിത്സാ വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 38 എപിഐകൾ നിർമിച്ചു വരുന്നു. ഇന്ത്യയിൽ നിന്നുള്ള ക്ലോർഫെനിറാമൈൻ മാലേറ്റിന്റെയും കെറ്റാമൈൻ ഹൈഡ്രോക്ലോറൈഡിന്റെയും ഏറ്റവും വലിയ കയറ്റുമതി നടത്തുന്നതും സുപ്രിയ ലൈഫ് സയൻസാണ്. ഹേ ഫീവർ, അലർജി, ജലദോഷം എന്നിവ ചികിത്സിക്കാൻ ക്ലോർഫെനിറാമൈൻ മാലേറ്റ് ഉപയോഗിക്കുന്നു, കെറ്റാമൈൻ ഹൈഡ്രോക്ലോറൈഡ് എന്നത് ബോധം നഷ്ടപ്പെടാനും വേദന ഒഴിവാക്കാനും ഉപയോഗിക്കുന്ന ഒരു അനസ്തെറ്റിക് ആണ്.
- കെറ്റാമൈൻ ഹൈഡ്രോക്ലോറൈഡാണ് വരുമാനത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത്. 2021 സാമ്പത്തിക വർഷം കെറ്റാമൈൻ ഹൈഡ്രോക്ലോറൈഡ് മൊത്തം വരുമാനത്തിന്റെ 27.42 ശതമാനം സംഭാവന ചെയ്തു. ക്ലോർഫെനിറാമൈൻ മലേറ്റ്, സാൽബുട്ടമോൾ സൾഫേറ്റ് എന്നിവ യഥാക്രമം 18.17, 9.86 ശതമാനം വരുമാനമാണ് കമ്പനിക്ക് നേടി കൊടുത്തത്.
- മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ലോട്ടെ ആസ്ഥാനമാക്കി കമ്പനിക്ക് ഒരു പ്രധാന നിർമ്മാണ പ്ലാന്റുണ്ട്. 23,806 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ് ലോട്ടെയിലെ പ്രധാന നിർമ്മാണ പ്ലാന്റ്. പ്രതിദിനം 547 KL റിയാക്ടർ ശേഷിയും ഏഴ് വൃത്തിയുള്ള മുറികളും ഇതിനുണ്ട്. ശേഷി വർധിപ്പിക്കുന്നതിനായി നിലവിലെ ഉൽപ്പാദന കേന്ദ്രത്തിന് സമീപമായി 12,551 ചതുരശ്ര മീറ്റർ സ്ഥലവും കമ്പനി ഏറ്റെടുത്തിട്ടുണ്ട്. USFDA, EDQM, TGA Australia, KFDA-Korea, PMDA-Japan, NMPA തുടങ്ങിയ അന്താരാഷ്ട്ര ഡ്രഗ് ഏജൻസികളുടെ അംഗീകാരവും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
- കമ്പനി കൂടുതലായും കയറ്റുമതിയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. മൊത്തം വരുമാനത്തിന്റെ 22.53 ശതമാനം മാത്രമാണ് 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നും ലഭിച്ചിട്ടുള്ളത്. 346 വിതരണക്കാർ ഉൾപ്പെടെ 1,296 ഉപഭോക്താക്കൾക്ക് കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങൾ 86 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. മൊത്തത്തിൽ, ഏഷ്യ (ഇന്ത്യ ഒഴികെ) മൊത്തം വരുമാനത്തിന്റെ 29.3 ശതമാനം സംഭാവന ചെയ്തു, തുടർന്ന് ലാറ്റിൻ അമേരിക്ക 19.2 ശതമാനവും യൂറോപ്പ് 17.4ശതമാനവും, വടക്കേ അമേരിക്ക 4.8 ശതമാനവും സംഭാവന ചെയ്തതായി കാണാം.
- നിലവിൽ കമ്പനി പൂർണമായും വാഗ് കുടുംബത്തിന്റെ ഉടമസ്ഥതയിലാണ്. ചെയർമാൻ സതീഷ് വാഗ്, അമ്മ ആശാ വാമൻ വാഗ്, ഭാര്യ സ്മിത സതീഷ് വാഗ്, പെൺമക്കളായ ശിവാനി, സലോനി വാഗ് എന്നിവരാണ് കമ്പനിയുടെ ഏക പ്രമോട്ടർമാർ.
സാമ്പത്തികം
- മൊത്തം വരുമാനം, നികുതിക്ക് ശേഷമുള്ള ലാഭം, മൊത്തം ആസ്തി ഹോൾഡിംഗ്സുകൾ എന്നിവയിൽ കമ്പനി സ്ഥിരമായ വളർച്ച കെെവരിച്ചിട്ടുള്ളതായി കാണാം.
- കമ്പനിയുടെ മൊത്തം വരുമാനം, EBIDTA, നികുതിക്ക് ശേഷമുള്ള ലാഭം എന്നിവ 2019 സാമ്പത്തിക വർഷം മുതൽ 2021 സാമ്പത്തിക വർഷം വരെ യഥാക്രമം 17.73 %, 56.47%, 77.23% എന്നിങ്ങനെ സി.എ.ജി.ആർ വളർച്ച കെെവരിച്ചിട്ടുള്ളതായി കാണാം.
- 2021 സെപ്‌റ്റംബർ 30-ലെ കണക്കനുസരിച്ച് കമ്പനി മൊത്തം 70.9 കോടി രൂപ വായ്പയെടുത്തിട്ടുള്ളതായി കാണാം. 2019 സാമ്പത്തിക വർഷത്തിൽ കടം 89.8 കോടി രൂപ ഉണ്ടായിരുന്നു.
ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ
| IPO Opening Date | Dec 16, 2021 |
| IPO Closing Date | Dec 20, 2021 |
| Issue Type | Book Built Issue IPO |
| Face Value | ₹ 2 per equity share |
| IPO Price | ₹265 to ₹274 per equity share |
| Market Lot | 54 Shares |
| Min Order Quantity | 54 Shares |
| Listing At | BSE, NSE |
| Issue Size | Aggregating up to ₹700 Cr |
| Fresh Issue | Aggregating up to ₹200 Cr |
| Offer for Sale | Aggregating up to ₹500 Cr |
ഐപിഒ വഴി മൊത്തം 700 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 200 കോടി രൂപ കമ്പനിക്കും ബാക്കി 500 കോടി രൂപ പ്രൊമോട്ടർ സതീഷ് വാമൻ വാഗിനും ലഭിക്കും. ഐപിഒ വഴി ലഭിക്കുന്ന പണം കമ്പനി ഈ കാര്യങ്ങൾക്കായി ഉപയോഗിക്കും.
- കമ്പനിയുടെ മൂലധന ചെലവ് ആവശ്യങ്ങൾക്കായി 92.3 കോടി രൂപ ഉപയോഗിക്കും.
- നിലവിലുള്ള വായ്പ അടച്ചു തീർക്കുന്നതിനായി 60 കോടി രൂപ ഉപയോഗിക്കും.
മുന്നിലേക്ക് എങ്ങനെ
ഈ വർഷം ലിസ്റ്റ് ചെയ്യപ്പെട്ട നിരവധി ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഒന്നാണ് സുപ്രിയ ലൈഫ് സയൻസ്. കമ്പനിയുടെ വൈവിധ്യമാർന്ന ഉൽപ്പന്ന പോർട്ട്‌ഫോളിയോയും ആഗോള വിപണിയിലെ വ്യാപ്തിയും ഇതിനെ മറ്റുള്ളവയേക്കാൾ താരതമ്യേന സുരക്ഷിതമാക്കി നിർത്തുന്നു. ഒരു പ്രത്യേക മേഖലയിലെ ജിയോപൊളിറ്റിക്കൽ അസ്ഥിരത കമ്പനിയുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് ഭൂമിശാസ്ത്രപരമായി വൈവിധ്യവത്കരിക്കാനും കമ്പനിക്ക് സാധിച്ചു. റവന്യൂ, അറ്റാദായം, അസറ്റ് ഹോൾഡിംഗ്സ് എന്നിവയുടെ അടിസ്ഥാനത്തിൽ കമ്പനി ശക്തമായ വളർച്ച കൈവരിച്ചതായി കാണാം. ഈ ഐപിഒ വഴി, കമ്പനി അതിന്റെ മൊത്തം വായ്പയുടെ 85 ശതമാനവും അടച്ചുതീർക്കാൻ പദ്ധതിയിടുന്നു. കമ്പനിക്ക് ഗ്രേ മാർക്കറ്റിൽ 91 ശതമാനത്തിന്റെ പ്രീമിയമാണുള്ളത്. ഇതിനർത്ഥം ഓഹരികൾ അവയുടെ ഉയർന്ന ഇഷ്യൂ പ്രൈസ് ബാൻഡായ 247 രൂപയേക്കാൾ 91 ശതമാനം മുകളിലാണ് ഉള്ളതെന്നാണ്. വിശദമായി പഠിച്ചതിന് ശേഷം മാത്രം ഐപിഒയ്ക്കായി അപേക്ഷിക്കുക. ഐപിഒയുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക.

