കെ.എഫ്.സി പോലെയുള്ള ഫാസ്റ്റ് ഫുഡ് ബ്രാൻഡ് ഉത്പന്നങ്ങൾ പ്രവർത്തിപ്പിച്ചു വരുന്ന സഫയര്‍ഫുഡ്‌സ് ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പന ഇന്ന് മുതൽ ആരംഭിച്ചിരിക്കുകയാണ്. ഈ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
Sapphire Foods India Ltd
ഇന്ത്യയിലെ ജനപ്രിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളായ KFC, Pizza Hut എന്നിവയുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ഓപ്പറേറ്റർമാരിൽ ഒരാളാണ് സഫയർ ഫുഡ്സ് ഇന്ത്യ ലിമിറ്റഡ്. യുഎസ് ആസ്ഥാനമായുള്ള യമ്മുമായുള്ള ഫ്രാഞ്ചൈസി കരാർ KFC, Pizza Hut, Taco Bell എന്നീ ബ്രാൻഡുകൾ ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിൽ പ്രവർത്തിപ്പിക്കാൻ കമ്പനിയെ അനുവദിക്കുന്നു.
എസ്.എഫ്.എല്ലിന്റെ ഉടമസ്ഥതയിലും പ്രവർത്തനത്തിലുമുള്ള സ്റ്റോറുകൾ
- ഇന്ത്യയിലും മാലിദ്വീപുകളിലുമായി 209 കെഎഫ്സി റെസ്റ്റോറന്റുകൾ.
- ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപുകളിലായി പിസാ ഹട്ടിന്റെ 239 റെസ്റ്റോറന്റുകൾ.
- ശ്രീലങ്കയിൽ രണ്ട് ടാക്കോ ബെൽ റെസ്റ്റോറന്റുകൾ.
ഈ പ്രദേശങ്ങളിലുടനീളമുള്ള പ്രധാന മെട്രോപൊളിറ്റൻ ഏരിയകളിലും നഗരങ്ങളിലുമായി കമ്പനി ക്വിക്ക്-സർവീസ് റെസ്റ്റോറന്റുകൾ പ്രവർത്തിപ്പിക്കുന്നു. വിപുലീകരണത്തിന്റെ ഭാഗമായി കമ്പനി പുതിയ നഗരങ്ങളിൽ പുതിയ റെസ്റ്റോറന്റുകൾ വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. പുതിയ ലൊക്കേഷനുകൾ തിരിച്ചറിയുന്നതിനും റെസ്റ്റോറന്റുകൾ വേഗത്തിൽ നിർമ്മിക്കുന്നതിനും കമ്പനിക്ക് പുതിയ റെസ്റ്റോറന്റ് റോൾ-ഔട്ട് പ്രക്രിയയുണ്ട്. മികച്ച പരിശീലനം ലഭിച്ച മാൻ പവർ ഉപയോഗിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും കമ്പനിക്ക് സാധിക്കുന്നുണ്ട്. റെസ്റ്റോറന്റുകളുടെ വിൽപ്പന ലക്ഷ്യം കൈവരിക്കാൻ ഈ പ്രക്രിയ അവരെ സഹായിക്കുന്നു. കമ്പനിക്ക് ഒരു ഇൻ-ഹൗസ് സപ്ലൈ ചെയിൻ ഫംഗ്‌ഷനുമുണ്ട്, കൂടാതെ ഭക്ഷ്യ സംസ്‌കരണം, പാക്കേജിംഗ്, വെയർഹൗസിംഗ്, ലോജിസ്റ്റിക്‌സ് എന്നിവയ്‌ക്കായി വെണ്ടർ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നു.
ശ്രീലങ്കയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ക്വിക്ക്-സർവീസ് റെസ്റ്റോറന്റുകളുടെ ശൃംഖലയായിരുന്നു സഫയർ ഫുഡ്സ് ഇന്ത്യ. രാജ്യത്ത് ആകമാനമായി 68 റെസ്റ്റോറന്റുകളാണ് ഇത് പ്രവർത്തിപ്പിച്ചു വരുന്നത്. മൊത്തം ഔട്ട്ലെറ്റിന്റെ 39 ശതമാനം വരും ഇവ.
ഐപിഒ എങ്ങനെ?
ഓക്ടോബർ 26നാണ് കമ്പനിക്ക് ഐപിഒ നടത്തുന്നതിനായി സെബിയുടെ അനുമതി ലഭിച്ചത്. നവംബർ 9ന് ആരംഭിക്കുന്ന ഐപിഒ നവംബർ 17ന് അവസാനിക്കും. ഓഹരി ഒന്നിന് 1120- 1180 രൂപ നിരക്കിലാണ് പ്രെെസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും 2073.25 കോടി രൂപ വിലമതിക്കുന്ന 1.75 കോടി ഇക്യുറ്റി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യും. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 12 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,160 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 168 ഓഹരികൾ അഥവ 14 ലോട്ടുകളാണ്.
മുൻ നിക്ഷേപകർക്കും ഓഹരിയുടമകൾക്കുമുള്ള ഒരു എക്സിറ്റ് സ്ട്രാറ്റജി ആയിട്ടാണ് ഐപിഒ നടത്തുക. എൻ.എസ്.ഇ, ബി.എസ്.ഇ എന്നിവിടെ ലിസ്റ്റ് ചെയ്യുന്നിന്റെ നേട്ടം കെെവരിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് എന്നത് 60.08 ശതമാനത്തിൽ നിന്നും 49.97 ശതമാനമായി കുറയും. നിലവിലുള്ളതും സാധ്യതയുള്ളതുമായ ഉപഭോക്താക്കൾക്കിടയിൽ അതിന്റെ ബ്രാൻഡ് നാമം വർദ്ധിപ്പിക്കാനും ഇന്ത്യയിൽ ഇക്വിറ്റി ഷെയറുകൾക്ക് ഒരു പൊതു വിപണി സൃഷ്ടിക്കാനും എസ്.എഫ്.ഐഎൽ ലക്ഷ്യമിടുന്നു.
സാമ്പത്തിക സ്ഥിതി
മുകളിലുള്ള പട്ടികയിൽ നിന്ന്, കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ സഫയർ ഫുഡ്സ് ഇന്ത്യ നഷ്ടം രേഖപ്പെടുത്തിയതായി കാണാം. സ്റ്റോർ നെറ്റ്‌വർക്കിന്റെ വിപുലീകരണത്തിനായി ഉയർന്ന പ്രവർത്തന ചെലവ് ഉണ്ടായതാകാം ഇതിന് കാരണം. ഇതിനാെപ്പം തന്നെ കൊവിഡ് പ്രതിസന്ധി മൂലം ഉണ്ടായ കർശനമായ ലോക്ക്ഡൗൺ എല്ലാ ക്യുഎസ്ആർ കമ്പനികൾക്കും കടുത്ത തടസ്സങ്ങൾ സൃഷ്ടിച്ചു.
2021 സാമ്പത്തിക വർഷത്തിൽ ടേക്ക്‌എവേ, ഡെലിവറി സേവനങ്ങളിൽ നിന്നുള്ള വരുമാനം 551.88 കോടി രൂപയായിരുന്നു. ഇത് മൊത്തം റെസ്റ്റോറന്റ് വിൽപ്പനയുടെ 68.8 ശതമാനമാണ്. ദീർഘകാല സുസ്ഥിര വളർച്ചയ്ക്കായും കാര്യക്ഷമത കൈവരിക്കുന്നതിനായും എസ്.എഫ്.ഐ.എൽ നിലവിൽ ഈ വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഒരു കമ്പനിയുടെ മൊത്തത്തിലുള്ള സാമ്പത്തിക ആരോഗ്യത്തിന്റെ പ്രധാന സൂചകമാണ് പണമൊഴുക്ക് അഥവ ക്യാഷ് ഫ്ലോ. 2019-21 കാലഘട്ടത്തിൽ കമ്പനി നെഗറ്റീവ് ക്യാഷ് ഫ്ലോയാണ് രേഖപ്പെടുത്തിയിരുന്നത്. കമ്പനിയുടെ പ്രവർത്തനങ്ങളെയും വളർച്ചാ പദ്ധതികളുടെ നടത്തിപ്പിനെയും പ്രതികൂലമായി ബാധിച്ചേക്കാവുന്ന നെഗറ്റീവ് പണമൊഴുക്ക് ഭാവിയിൽ കണ്ടേക്കാമെന്ന് കമ്പനി ആർഎച്ച്പിയിൽ പ്രസ്താവിക്കുന്നു.
ഓരോ വർഷവും പുതുതായി നിശ്ചിത എണ്ണം സ്റ്റോറുകൾ തുറന്ന് കൊണ്ട് ബിസിനസ്സ് വളർത്താൻ കമ്പനി പദ്ധതിയിടുന്നു. ഇതിനാൽ തന്നെ മുന്നിലേക്ക് കമ്പനി കൂടുതൽ നഷ്ടം വരുത്തിവയ്ക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, വാടക ചെലവുകൾ കുറയ്ക്കുന്നതിന് പുതിയ റെസ്റ്റോറന്റുകൾക്കായി എസ്.എഫ്.ഐ.എൽ ചെറിയ ഫോർമാറ്റുകൾ പരിഗണിക്കും.
അപകട സാധ്യതകൾ
- കഴിഞ്ഞ മൂന്ന് വർഷമായി കമ്പനി നഷ്ടത്തിലാണ്. തുടർന്നും നഷ്ടം പ്രതീക്ഷിക്കുന്നു.
- കമ്പനിക്ക് ഇൻഷ്വർ ചെയ്യാത്ത നഷ്ടം അഥവ ഇൻഷ്വർ ചെയ്ത പരിധിക്ക് അപ്പുറം നഷ്ടം ഉണ്ടായേക്കാം. മാത്രമല്ല, ഇൻഷ്വർ ചെയ്യാത്ത എല്ലാ നഷ്ടങ്ങളും നികത്താൻ കമ്പനിക്ക് അധിക പേയ്‌മെന്റുകൾ നൽകേണ്ടി വന്നേക്കാം.
- കമ്പനി യുമ്മ്മായുള്ള ഫ്രാഞ്ചൈസി കരാറിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അല്ലെങ്കിൽ യുമ്മ്മായുള്ള കരാറുകൾ അവസാനിപ്പിക്കുന്നത് കമ്പനിയുടെ ബിസിനസിനെയും സാമ്പത്തിക നിലയെയും പ്രതികൂലമായി ബാധിച്ചേക്കാം.
- എസ്.എഫ്.ഐ.എൽ ഗണ്യമായ സ്റ്റോറുകൾ ഉണ്ടാക്കിയിട്ടുണ്ട്, ഭാവിയിൽ കൂടുതൽ സ്റ്റോറുകൾ ഉണ്ടായേക്കാം. ഫണ്ടുകൾ നേടുന്നതിനോ അതിന്റെ വളർച്ചാ തന്ത്രം പിന്തുടരുന്നതിനോ ഉള്ള കമ്പനിയുടെ കഴിവിനെ ഇത് ബാധിച്ചേക്കാം.
- കമ്പനിക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും ഡയറക്ടർമാക്കുമെതിരെ നിയമ നടപടികൾ നിലനിൽക്കുന്നുണ്ട്.
- ഉപഭോക്താക്കളുടെ താത്പര്യം, ഭക്ഷണ ശീലങ്ങളിലുള്ള മാറ്റങ്ങൾ തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള കഴിവില്ലായ്മ കമ്പനിയുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും.
ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ
ബോഫാ സെക്യൂരിറ്റീസ് ഇന്ത്യ, ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, ജെഎം ഫിനാൻഷ്യൽ കൺസൾട്ടന്റ്സ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഓക്ടോബർ 27നാണ് കമ്പനി ആർഎച്ച്പി സമർപ്പിക്കുന്നത്. ഇത് വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക.
ഐപിഒയ്ക്ക് മുമ്പായി തന്നെ മറ്റു നിക്ഷേപകരിൽ നിന്നും 932.96 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. സിംഗപ്പൂർ ഗവൺമെന്റ്, ഫിഡിലിറ്റി ഫണ്ട്സ്, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ), എച്ച്എസ്ബിസി, ഐസിഐസിഐ പ്രുഡൻഷ്യൽ എന്നിവരിൽ നിന്നുമാണ് കമ്പനി ധനസമാഹരണം നടത്തിയത്.
നിഗമനം
എല്ലാ വർഷവും പുതിയ സ്റ്റോറുകൾ തുറന്നു കൊണ്ട് വലിയ വളർച്ചയ്ക്കുള്ള പദ്ധതിയാണ് കമ്പനി മുന്നിലേക്ക് വയ്ക്കുന്നത്. ഇത് വരും പദാങ്ങളിൽ കമ്പനിയുടെ ചെലവ് വർദ്ധിപ്പിച്ചേക്കും. ഈ പുതിയ സ്റ്റോറുകൾ ശക്തമാകുന്നത് വരെ കമ്പനി നഷ്ടം റിപ്പോർട്ട് ചെയ്തേക്കാം. കൊവിഡ് വെെറസ് വ്യാപനം തുടർന്നും രൂക്ഷമായാൽ കമ്പനിയുടെ വിപുലീകരണ പദ്ധതികളെ ഒരുപക്ഷേ ഇത് താളം തെറ്റിച്ചേക്കാം. കമ്പനിക്ക് പുതിയ സ്റ്റോറുകൾ തുറക്കാനോ ലാഭം നിലനിർത്താനോ സാധിച്ചില്ലെങ്കിൽ ബ്രാൻഡുകൾ കമ്പനിയുമായുള്ള നിലവിലെ ക്രമീകരണങ്ങൾ അവസാനിപ്പിച്ചേക്കാം. കമ്പനിയുടെ വരുമാനത്തിന്റെ പ്രധാന ഭാഗം കെഎഫ്‌സി, പിസ്സ ഹട്ട് സ്റ്റോറുകളിൽ നിന്നാണ് വരുന്നതെന്നതിനാൽ, കൊവിഡ്-19 ആഘാതം നിയന്ത്രിക്കാനുള്ള തന്ത്രങ്ങളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം, ജൂബിലന്റ് ഫുഡ് വർക്ക്സ്, ബാർബിക്യൂ നേഷൻ, ബർഗർ കിംഗ് ഇന്ത്യ, ദേവയാനി ഇന്റർനാഷണൽ, വെസ്റ്റ് ലൈഫ് ഡെവലപ്‌മെന്റ് തുടങ്ങിയ പ്രമുഖ കമ്പനികളുമായി കമ്പനി മത്സരിക്കേണ്ടി വരും. കൊവിഡ് വ്യാപാനം ക്യുഎസ്ആർ കമ്പനികളുടെ മത്സരം വർദ്ധിപ്പിച്ചു. ഇത് കമ്പനിയുടെ ക്യാഷ് ഫ്ലോ സാമ്പത്തിക സ്ഥിതി എന്നിവയെ ബാധിച്ചേക്കാം.
കമ്പനിക്ക് ഗ്രേ മാർക്കറ്റിൽ ആവശ്യകതയുള്ളതായി കാണാം. ഓഹരി ഒന്നിന് 120 രൂപയ്ക്ക് മുകളിലാണ് ഗ്രേ മാർക്കറ്റിൽ ഇത് ലഭിക്കുക. ഐപിഒ വിതരണ വിലയേക്കാൾ 120 രൂപയ്ക്ക് മുകളിലാണ് ഓഹരി ഗ്രേ മാർക്കറ്റിൽ വിൽക്കപ്പെടുന്നത്. ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി കമ്പനിയുടെ ഗുണങ്ങളും ദോഷങ്ങളും മനസിലാക്കിയതിന് ശേഷം മാത്രം സ്വയം തീരുമാനമെടുക്കുക.

