നിങ്ങൾ എക്സ് റേ സ്ക്യാൻ, രക്ത പരിശോധന എല്ലാം നടത്തിയിട്ടുണ്ടാകുമല്ലോ, ഇതിനെയാണ് മെഡിക്കൽ രംഗത്ത് ഡയഗ്നോസ്റ്റിക്സ് എന്ന് പറയുന്നത്. ഐപിഒ സീസൺ അടുത്തതോടെ ആരോഗ്യ മേഖലയിലെ നിരവധി കമ്പനികളാണ് ഓഹരി വിതരണത്തിനായി രംഗത്ത് വന്നിട്ടുള്ളത്. ക്യസ്ണ ഡയഗ്നോസ്റ്റിക്സ്
തങ്ങളുടെ ഐപിഒയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ആഗസ്റ്റ് 4ന് ആരംഭിക്കുന്ന ഐപിഒ ആഗസ്റ്റ് 6ന് അവസാനിക്കും. ക്യസ്ണ ഡയഗ്നോസ്റ്റിക്സിന്റെ ബിസിനസ് സാധ്യതകളും സാമ്പത്തിക സ്ഥിതിയും ഭാവി പദ്ധതികളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.
ബിസിനസ് മോഡൽ
2010ൽ പ്രവർത്തനം ആരംഭിച്ച ക്യസ്ണ ഡയഗ്നോസ്റ്റിക്സ് റേഡിയോളജി, പാത്തോളജി/ക്ലിനിക്കൽ ലബോറട്ടറി, ടെലി റേഡിയോളജി സേവനങ്ങൾ എന്നിവ പൊതു, സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ കോളേജ് എന്നിവർക്ക് നൽകി വരുന്നു. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ റേഡിയോളജി, പാത്തോളജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന 1,801 ഡയഗ്നോസ്റ്റിക് സെന്ററുകൾ കമ്പനി പ്രവർത്തിപ്പിച്ച് വരുന്നു. മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിൽ കമ്പനിക്ക് വളരെ വലിയ സ്വാധീനമാണുള്ളത്. മൂന്ന് സംസ്ഥാനങ്ങളിലുമായി 690 ഡയഗ്നോസ്റ്റിക്സ് കേന്ദ്രങ്ങളാണ് കമ്പനിക്കുള്ളത്.
സ്വന്തമായി ഡയഗ്നോസ്റ്റിക് സെന്ററുകൾ പ്രവർത്തിപ്പിക്കുന്നതിനു പുറമേ, വിവിധ ആരോഗ്യ ഏജൻസികളുമായി പൊതു-സ്വകാര്യ പങ്കാളിത്ത കരാറുകളിലും കമ്പനി ഏർപ്പെടുന്നു. പൊതുജനാരോഗ്യ ഏജൻസികൾ തിരഞ്ഞെടുക്കുന്ന ടെൻഡറുകളിൽ 77.59 ശതമാനവും കമ്പനി വിജയിക്കുന്നു. പൊതുജനാരോഗ്യ ഏജൻസികളുമായുള്ള ടെൻഡറുകളിലൂടെയോ പങ്കാളിത്തത്തിലൂടെയോ ആണ് കമ്പനിയുടെ വരുമാനത്തിന്റെ 70 ശതമാനവും വരുന്നത്. ജില്ലാ ആശുപത്രികളുടെയും ആരോഗ്യ പരിപാലന കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾക്കായി കമ്പനി നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും ടെൻഡറുകൾ സ്വീകരിക്കുന്നു.
ഉയർന്ന മൂലധനം ആവശ്യമായ ബിസിനസാണ് കമ്പനി നടത്തി വരുന്നത്. സിറിഞ്ചുകൾ, റീഫില്ലുകൾ, ടെസ്റ്റിംഗ് കിറ്റുകൾ, എക്സ്-റേ മെഷീനുകൾ, ടെസ്റ്റിംഗ് കിറ്റുകൾ, ആർടി-പിസിആർ കിറ്റുകൾ, ടെസ്റ്റിംഗ് ഉപകരണങ്ങൾ, മെഷീനുകൾ, നഴ്സ്, ഡോക്ടർമാർ തുടങ്ങിയ ജീവനക്കാരുടെ ശമ്പളം തുടങ്ങി അനേകം ചെലവുകളാണ് കമ്പനിക്കുള്ളത്. കമ്പനിയുടെ പ്രവർത്തന മൂലധനം കുറയുകയോ അല്ലെങ്കിൽ അപര്യാപ്തമായ പണമൊഴുക്ക് ഉണ്ടാവുകയോ ചെയ്താൽ അത് ബിസിനസിനെ പ്രതികൂലമായി ബാധിച്ചേക്കാം.
സാമ്പത്തികം
| FY21 | FY20 | FY19 | |
| Total Assets | 604.5 | 629.9 | 528.9 |
| Total Revenue | 661.40 | 258.42 | 209.23 |
| Profit After Tax | 184.90 | −111.95 | −58.05 |
| Total Expense | 366.0 | 429.7 | 292.0 |
| Debt | 231.2 | 169.2 | 100.6 |
2021 മാർച്ചിൽ കൃസ്ണ ഡയഗ്നോസ്റ്റിക്സിന്റെ പ്രതിവർഷ വരുമാനം 53.41 ശതമാനം വർദ്ധിച്ച് 396.45 കോടി രൂപയായി. 147 കോടി രൂപയുടെ വരുമാനം കൊവിഡുമായി ബന്ധപ്പെട്ട ഡയഗ്നോസ്റ്റിക്സിന്റെ ഭാഗമായാണ് ലഭിച്ചത്. മൊത്തം വരുമാനത്തിന്റെ 67.49 ശതമാനവും പൊതു ആരോഗ്യ ഏജൻസികളിൽ നിന്നുള്ള ടെൻഡർ വഴിയാണ് ലഭിച്ചത്. 2021 സാമ്പത്തിക വർഷം കമ്പനി 184.93 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 2019ൽ 58.06 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്.
2021 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിയുടെ മൊത്തം കടം എന്നത് 146 കോടി രൂപയാണ്. 2022 സാമ്പത്തിക വർഷം അവസാനത്തോടെ 146 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
2021 സാമ്പത്തിക വർഷത്തെ വരുമാനമായ 661.4 കോടി രൂപയിൽ 396.4 കോടി രൂപ പ്രവർത്തനങ്ങളിൽ നിന്നുള്ളതാണ്. കംപൾസറി കൺവേർട്ടിബിൾ മുൻഗണന ഓഹരികളുടെ( സിസിപിഎസ്) ന്യായവില ചലനത്തിലൂടെ നേടിയ ലാഭമാണ് ബാക്കി വരുന്ന 252.7 കോടി രൂപ. മൂലധനം സമാഹരിക്കാൻ കമ്പനികൾ ഉപയോഗിക്കുന്ന നിശ്ചിത വരുമാന ഉപകരണമാണ് സിസിപിഎസ്. ഇവ ഇക്യുറ്റി ഓഹരികളാക്കി മാറ്റാവുന്നതാണ്.
എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ
| Peer Comparison | Total Income (Rs Crore) | PAT (Rs Crore) | PE (x) | RoNW (%) | Market Cap (Rs Crore) |
| Dr Lal PathLabs | 1,581.26 | 290.8 | 94.3 | 23.4 | 30,992.60 |
| Krsnaa Diagnostics | 661.40 | 184.90 | 95.3 | 79.8 | 2,994.00 |
| Metropolis Healthcare | 997.98 | 182.0 | 77.7 | 25.9 | 14,754.50 |
ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ
ഐപിഒ വഴി സമാഹരിക്കുന്ന പണം രണ്ട് കാര്യങ്ങൾക്കായി കമ്പനി ഉപയോഗിക്കും.
- പഞ്ചാബ്, കർണാടക, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി ഡയഗ്നോസ്റ്റിക് സെന്ററുകൾ സ്ഥാപിക്കുന്നതിനായി കമ്പനി ഈ തുക ചെലവാക്കും.
- വായ്പകൾ മുഴുവനായോ ഭാഗികമായോ അടച്ചു തീർക്കാൻ ഈ തുക ഉപയോഗിക്കും.
നിഗമനം
ഐപിഒ വിതരണത്തിലൂടെ 1213.33 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗ്രേ മാർക്കറ്റിൽ നിന്നും കമ്പനിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഗ്രേ മാർക്കറ്റിൽ കൃസ്ണ ഡയഗ്നോസ്റ്റിക്സിന്റെ ഓഹരി വില 400 രൂപയ്ക്ക് മുകളിലാണ്. കമ്പനിയുടെ ബിസിനസ് മോഡൽ, ഇന്ത്യയിലുടനീളമുള്ള വിപണി സാന്നിധ്യം, പൊതുജനാരോഗ്യ ഏജൻസികളുമായുള്ള ബന്ധം എന്നിവ ശ്രദ്ധേയമാണ്. എന്നാൽ പ്രോസ്പെക്ടസ് പ്രകാരം 2021 സാമ്പത്തിക വർഷമാണ് ആദ്യമായി കമ്പനി ലാഭത്തിലാകുന്നത്. ഇതിൽ ഭൂരിഭാഗവും സിസിപിഎസ് വില ചലനത്തിലെ നേട്ടത്തിൽ നിന്നാണ്.
ഓഹരി ലിസ്റ്റ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് നിഫ്റ്റി 16000 എന്ന നിർണായ നിലമറികടന്നത്. ലിസ്റ്റിംഗ് ദിവസത്തോട് അനുബന്ധിച്ച് വിപണിയിൽ തിരുത്തൽ സംഭവിച്ചാൽ അത് ഓഹരിയെ ബാധിച്ചേക്കാം. കൃസ്ണയ്ക്ക് പുറമേ മൂന്ന് കമ്പനികൾ കൂടി അവരുടെ ഐപിഒകൾ ഇന്ന് നടത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
കൃസ്ണ ഡയഗ്നോസ്റ്റിക്സ് ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? മാർക്കറ്റ്ഫീഡ് ആപ്പിൽ കമന്റ് ചെയ്ത് അറിയിക്കുക.

