ഐപിഒ നടന്ന കാലം മുതൽ തന്നെ പേടിഎം കമ്പനിക്ക് ശനിദശ തുടങ്ങിയതായി കാണാം. തുടർച്ചയായി പ്രതിസന്ധികൾ വരികയും ഓഹരി വില കുത്തനെ താഴേക്ക് വീഴുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിപണിയിൽ ലിസ്റ്റ് ചെയ്തതിന് ശേഷം ഓഹരി വില 70 ശതമാനത്തിന് മുകളിൽ ഇടിവാണ് ഇതുവരെ നേരിട്ടത്. നിക്ഷേപകരുടെ ടൺ കണക്കിന് പണമാണ് ഇതിലൂടെ നഷ്ടമായത്. ഓഹരി ഇപ്പോൾ 52 ആഴ്ചയിലെ താഴ്ന്ന നിലയായ 572 രേഖപ്പെടുത്തിയതായി കാണാം. പേടിഎം ഓഹരിയുടെ ഈ പതനത്തിനുള്ള കാരണമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.
കഥ ഇങ്ങനെ
കഴിഞ്ഞ വെള്ളിയാഴ്ച പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിന് റിസർവ് ബാങ്ക് വിലക്ക് ഏർപ്പെടുത്തി. ബാങ്കിന് എതിരെ ഗുരുതരമായ ആശങ്കകൾ പങ്കുവച്ച സെൻട്രൽ ബാങ്ക് അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഐടി സംവിധാനത്തിന്റെ സമഗ്രമായ ഓഡിറ്റ് നടത്തുന്നതിന് ഒരു ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാനും പിപിബിക്ക് ആർബിഐ നിർദേശം നൽകി. “ഐടി ഓഡിറ്റർമാരുടെ റിപ്പോർട്ട് അവലോകനം ചെയ്തതിന് ശേഷം ആർബിഐ നൽകുന്ന പ്രത്യേക അനുമതിക്ക് വിധേയമായി മാത്രമെ പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്താൻ പാടുള്ളു.” ആർബിഐ പ്രസ്താവനയിൽ വ്യക്തമാക്കി. ഇതേതുടർന്ന് മാർച്ച് 14ന് പേടിഎം ഓഹരി 13 ശതമാനം ഇടിഞ്ഞു.
ആശങ്കകൾ പരിഹരിക്കാൻ ആർബിഐയുമായി ചേർന്ന് പ്രവർത്തിക്കുന്നതായി പേടിഎം ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. ആർബിഐയുടെ അനുമതി ലഭിച്ചതിന് ശേഷം പുതിയ അക്കൗണ്ടുകൾ വീണ്ടും ആരംഭിക്കുമ്പോൾ അറിയിക്കാം എന്നും കമ്പനി വ്യക്തമാക്കി. നിരോധനം തങ്ങളുടെ മൊത്തത്തിലുള്ള ബിസിനസ്സിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്ന് ഡിജിറ്റൽ പേയ്‌മെന്റ് കമ്പനി വിശ്വസിക്കുന്നു.
പേടിഎം ബാങ്കിംഗ് റെഗുലേറ്ററിൽ നിന്ന് നടപടി നേരിടുന്നത് ഇത് ആദ്യമായല്ല. പുതിയ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി പേടിഎം പിന്തുടരുന്ന പ്രക്രിയയെക്കുറിച്ച് 2018ൽ തന്നെ ആർബിഐ ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു. പ്രത്യേകിച്ച് കെവൈസി മാനദണ്ഡങ്ങൾ സംബന്ധിച്ച്. കെവൈസി നിയമങ്ങൾ ലംഘിച്ചതിന് കമ്പനി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഭാരത് ബിൽ പേയ്‌മെന്റ് ബിസിനസ്സ് പേയ്‌മെന്റ് ബാങ്കിലേക്ക് മാറ്റുന്നത് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ സമർപ്പിച്ചതിന് കഴിഞ്ഞ വർഷം പേടിഎമ്മിന് ആർബിഐയിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സെൻട്രൽ ബാങ്ക് കമ്പനിയുടെ പേരിൽ ഒരു കോടി രൂപ പിഴ ചുമത്തി.
ബ്ലൂംബെർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾ
ഇന്ത്യൻ ഗവൺമെന്റിന്റെ ഡാറ്റാ സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചു കൊണ്ട് ചൈനീസ് സെർവറുകളിലേക്ക് ഡാറ്റ കൈമാറ്റം ചെയ്തതിനാണ് പേടിഎം പേയ്‌മെന്റ് ബാങ്കിനെതിരെ ആർബിഐ നടപടി സ്വീകരിച്ചതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
പേടിഎമ്മും അതിന്റെ സ്ഥാപകൻ വിജയ് ശേഖർ ശർമ്മയും ചേർന്നുള്ള സംയുക്ത സംരംഭമാണ് പിപിബി. ചൈനയുടെ ആലിബാബ ഗ്രൂപ്പ് ഹോൾഡിംഗും ജാക്ക് മായുടെ ആന്റ് ഗ്രൂപ്പും പേടിഎമ്മിന്റെ ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്. പിപിബിയിൽ പരോക്ഷമായി ഓഹരി പങ്കാളിത്തമുള്ള ചൈന ആസ്ഥാനമായുള്ള സ്ഥാപനങ്ങളുമായി പേടിഎമ്മിന്റെ സെർവറുകൾ സുപ്രധാന വിവരങ്ങൾ പങ്കിടുന്നതായി ഇന്ത്യയുടെ സെൻട്രൽ ബാങ്ക് നടത്തിയ വാർഷിക പരിശോധനയിൽ കണ്ടെത്തിയതായി ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം പേടിഎം ഈ റിപ്പോർട്ട് തള്ളി. ബ്ലൂംബെർഗ് റിപ്പോർട്ട് വ്യാജവമാണെന്ന് പറഞ്ഞ കമ്പനി ഡാറ്റാ പ്രാദേശികവൽക്കരണത്തെക്കുറിച്ചുള്ള ആർബിഐയുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുന്നതായും പറഞ്ഞു. സ്വദേശീയ ബാങ്കായതിൽ പേടിഎം പേയ്‌മെന്റ് ബാങ്ക് അഭിമാനിക്കുന്നതായും കമ്പനി വ്യക്തമാക്കി. ബാങ്കിന്റെ എല്ലാ ഡാറ്റയും ഇന്ത്യയിൽ തന്നെയാണുള്ളതെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
മുന്നിലേക്ക് എങ്ങനെ?
2021 നവംബറിലാണ് 18,300 കോടി രൂപയുടെ പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ) പേടിഎം നടത്തുന്നത്. വിപണിയിൽ ലിസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ ഓഹരി താഴേക്ക് കൂപ്പുകുത്തിയിരുന്നു. ലിസ്റ്റഡ് വിലയായ 2150 രൂപയിൽ നിന്നും 70 ശതമാനത്തിന്റെ പതനത്തിനാണ് ഓഹരി ഇത് വരെ സാക്ഷ്യംവഹിച്ചത്. ഐപിഒ സമയത്ത് 1.4 ലക്ഷം കോടി രൂപയായിരുന്ന പേടിഎമ്മിന്റെ മൂല്യം ഗണ്യമായി കുറഞ്ഞ് 40,000 കോടി രൂപയായി. കമ്പനി അമിത മൂല്യത്തിലായിരുന്നു.
മാർക്കറ്റിംഗിനായി ചെലവഴിക്കുന്ന ഓരോ ഡോളറിനും വളരെ കുറഞ്ഞ വരുമാനം മാത്രം ലഭിക്കുന്നതിനാൽ തന്നെ പേടിഎമ്മിന്റെ ബിസിനസ്സ് മോഡൽ അപകടകരമാണെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. പേടിഎം ഐപിഒയെ പറ്റി മാർക്കറ്റ്ഫീഡ് മുമ്പൊരിക്കൽ ഒരു ലേഖനം പ്രസ്ദ്ധീകരിച്ചിരുന്നു. കൂടുതൽ അറിയാനായി ലിങ്ക് സന്ദർശിക്കുക.
അനേകം ഓഡിറ്റ് കാൻഡിഡേറ്റുകളുടെ പേരുകൾ പിപിബി അർബിഐക്ക് സമർപ്പിക്കുമെന്ന് ഇടി റിപ്പോർട്ട് ചെയ്യുന്നു. കെവൈസി മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ചകളുടെ ഒരു പരമ്പര ഉൾപ്പെടുന്ന കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ആർബി റഫറൻസ് നിബന്ധനകൾക്ക് അന്തിമരൂപം നൽകും. ഒരു ചെറുകിട ധനകാര്യ ബാങ്കായി മാറാനുള്ള പേടിഎമ്മിന്റെ പദ്ധതികൾക്ക് കനത്ത തിരിച്ചടിയാണ് ആർബിഐയുടെ നടപടി നൽകുന്നത്. ആർബിഐയിൽ നിന്നും ചെറുകിട ധനകാര്യ ബാങ്ക് ആകുന്നതിനുള്ള ലൈസൻസ് ലഭിക്കാൻ ബാങ്കിന് ഇനിയും കാലതാമസം നേരിട്ടേക്കാം.
പേടിഎം ഓഹരി ഇപ്പോഴും സമ്മർദ്ദത്തിലാണുള്ളത്. കമ്പനിയിൽ നല്ല കാര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വരെ ഓഹരി നഷ്ടത്തിൽ തുടരാനാണ് സാധ്യത. പേടിഎം നിരവധി ബിസിനസ്സ് ലൈനുകളിൽ ഇടപെടുന്നതിന് കുപ്രസിദ്ധമാണ്, മാത്രമല്ല അവർക്ക് ഉറച്ച ബിസിനസ്സ് മോഡൽ രൂപപ്പെടുത്തുന്നതും കഠിനകരമായി കാണപ്പെടുന്നു. ഫിൻടെക് രംഗത്തെ ഉയർന്ന തലത്തിലുള്ള മത്സരവും പേടിഎമ്മിന് വെല്ലുവിളിയാകുന്നു. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് റീട്ടെയിൽ നിക്ഷേപകർ ആവശ്യമായ പഠനവും ജാഗ്രതയും പാലിക്കേണ്ടതുണ്ട്.

