പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല ആകാശ എന്ന പേരിൽ പുതിയ എയർലെെൻ ബിസിനസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്ത നാല് വർഷത്തിനുള്ളിൽ 70 ഓളം എയർക്രാഫ്റ്റുകൾ ഇതിനായി സജ്ജമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കമ്പനിയിലേക്ക് 35 മില്യൺ ഡോളറാണ് ജുൻജുൻവാല നിക്ഷേപിക്കുക. 40 ശതമാനം ഓഹരി വിഹിതവും അദ്ദേഹം കെെവശംവയ്ക്കും. ജെറ്റ് എയർവെയ്‌സിന്റെയും ഗോ എയറിന്റെയും മുൻ സിഇഒ വിനയ് ദുബെയാണ് പുതിയ സംരംഭത്തിന് നേതൃത്വം നൽകുന്നത്. മുൻ ഇൻഡിഗോ മേധാവി ആദിത്യ ഘോഷും ഇവർക്കൊപ്പം ചേർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വ്യോമയാന മന്ത്രാലയത്തിൽ നിന്നും ആകാശിന് ഇതിനോട് അകം തന്നെ എൻഒസി ലഭിച്ചു കഴിഞ്ഞു.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഏവിയേഷൻ മേഖല താളംതെറ്റി തകർന്ന് നിൽക്കുമ്പോൾ പുതിയ എയർലെെൻ എന്ന ജുൻജുൻവാലയുടെയും കൂട്ടരുടെയും പദ്ധതി മണ്ടത്തരം ആകുമോ? മാർക്കറ്റ്ഫീഡ് പരിശോധിക്കുന്നു.
ഇന്ത്യൻ ഏവിയേഷൻ വ്യവസായം നിലവിൽ
കൺസൾട്ടൻസി കമ്പനിയായ സിഎപിഎയുടെ റിപ്പോർട്ട് പ്രകാരം കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഇന്ത്യയിലെ എയർലൈനുകൾ തുടർച്ചയായ രണ്ടാം വർഷവും 4 ബില്യൺ ഡോളറിന്റെ ഏകദേശം 29,750 കോടി രൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്നുണ്ട്. കൊവിഡ് ബാധയെ തുടർന്ന് രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്ത് വിട്ട കണക്കു പ്രകാരം വിമാന യാത്രക്കാരുടെ എണ്ണം മുൻ പാദത്തിൽ 233 ലക്ഷം ഉണ്ടായിരുന്നത് ജൂണിലെ ഒന്നാം പാദത്തിൽ 109 ലക്ഷമായി കുറഞ്ഞു. ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റ് തുടങ്ങിയ കമ്പനികൾ തങ്ങളുടെ സീറ്റ് ശേഷിയുടെ 65 ശതമാനം മാത്രമാണ് നിലവിൽ ഉപയോഗിക്കുന്നത്.
കൊവിഡിനെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെ എയർലെെൻ കമ്പനികളുടെ വരുമാനത്തിൽ വലിയ ഇടിവ് സംഭവിച്ചു. ഇൻഡിഗോ തങ്ങളുടെ ഏക്കലത്തെയും ഉയർന്ന ക്വാർട്ടർളി നഷ്ടമാണ് ഒന്നാം പാദത്തിൽ രേഖപ്പെടുത്തിയത്. 3174 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്. മുകളിൽ സൂചിപ്പിച്ച കമ്പനികൾ എല്ലാം തന്നെ ഉയർന്ന ചെലവുകളും കടബാധ്യതകളും വഹിക്കുന്നു. യാത്രക്കാർക്ക് ആരോഗ്യ, സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും എയർലൈനുകൾ അധിക ചിലവ് വഹിക്കുന്നു. അതേസമയം, വ്യോമയാന ടർബൈൻ ഇന്ധനത്തിന്റെ വില കുതിച്ചുയരുകയാണ്. കൊവിഡ് പ്രതിസന്ധി തുടർന്നാൽ അത് എയർലെെൻ മേഖലയെ തുടർന്നും പ്രതിസന്ധിയിലാക്കിയേക്കും.
രാജ്യം കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ തയ്യാറായി ഇരിക്കുന്നതിനിടെയാണ് രാകേഷ് ജുൻജുൻവാല എയർലെെന്റെ ഭാവി സാധ്യതകൾ മുന്നിൽ കണ്ട് കെെവിട്ട കളിക്ക് ഇറങ്ങുന്നത്.
പുതിയ എയർലെെൻ ആരംഭിക്കാനുള്ള ശരിയായ സമയമോ?
- നിലവിൽ ഇന്ത്യയിലെ എല്ലാ വിമാന കമ്പനികളും സാമ്പത്തികമായി പ്രതിസന്ധി നേരിട്ടു വരികയാണ്. ചെലതെല്ലാം പാപ്പരാകുന്ന അവസ്ഥയിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്. നിരവധി അനലിസ്റ്റുകൾ പറയുന്നതെന്തെന്നാൽ ഇന്ത്യയിൽ എയർലെെൻ ബിസിനസ് തുടങ്ങാൻ അനുയോജ്യമായ സമയം ഇതാണെന്നാണ്.
- ലോകമെമ്പാടുമുള്ള മിക്ക എയർലൈൻ കമ്പനികളും വിമാനങ്ങൾ നേരിട്ട് വാങ്ങുന്നതിനുപകരം പാട്ടത്തിന് എടുക്കുകയാണ് ചെയ്യുന്നത്. ഇവർ വലിയ ബോയിംഗ്സ്, എയർബസ് വിമാനങ്ങൾ പാട്ടത്തിനെടുത്ത കമ്പനികളിൽ നിന്ന് കടം വാങ്ങുകയും തവണകളായി പണമടയ്ക്കുകയും ചെയ്യുന്നു. കൊവിഡ് രൂക്ഷമായതോടെ ഇവയെല്ലാം താളം തെറ്റി. ഇതോട ലീസിന് എടുത്ത വിമാനങ്ങൾ ഉപയോഗ ശൂന്യമായി കിടന്നു. ഇതിന് പരിഹാരം കാണുന്നതിനായി ഇത്തരം കമ്പനികൾ വളരെ കുറഞ്ഞ വിലയ്ക്ക് വിമാനങ്ങൾ നൽകാൻ തുടങ്ങി. ഇത് ആകാശിന് ഏറെ ഗുണം ചെയ്യും.
- കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലെ അനേകം പെെലറ്റുകളുടെയും മറ്റു വിമാന ജീവനക്കാരുടെയും ജോലി നഷ്ടമായിരുന്നു. ഇതിനാൽ ഇവരെല്ലാം തന്നെ പുതിയ ജോലി ലഭിക്കാനായി കാത്തിരിക്കുകയാണ്. അതിനായി ശമ്പളം കുറഞ്ഞാലും അവർ അത് അംഗീകരിക്കുക തന്നെ ചെയ്യും. ഇത് തുടക്കത്തിൽ ആകാശുടെ ചെലവ് കുറയ്ക്കാൻ സഹായിക്കും.
നിഗമനം
ആകാശ വളരെ കുറഞ്ഞ നിരക്കിലാകും സേവനം നൽകുക. ഇതിലൂടെ ഇന്ത്യൻ എയർലെെൻ വിപണിയുടെ വലിയ ഒരു ശതമാനവും ഏറ്റെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. എയർലൈന്റെ ശരാശരി നിരക്കുകൾ കുറയുന്നതിലൂടെ വലിയ ഒരു കൂട്ടം ജനവിഭാഗത്തിന് കുറഞ്ഞ ചെലവിൽ വിമാന യാത്ര നടത്താൻ ആകുമെന്നും ഇവർ പിന്നീട് തങ്ങളുടെ സ്ഥിരം യാത്രക്കാരായി മാറുമെന്നും കമ്പനി കണക്കുകൂട്ടുന്നു. എന്നിരുന്നാലും, ഒരു പുതിയ എയർലൈനിന്റെ വിജയം ആത്യന്തികമായി അവർക്ക് ആക്‌സസ് ലഭിക്കുന്ന എയർപോർട്ട് സ്ലോട്ടുകളെ ആശ്രയിച്ചിരിക്കും. ഇൻഡിഗോയ്ക്ക് നിലവിൽ 50 ശതമാനം വിപണി വിഹിതമാണുള്ളത്. നിലവിലുള്ള എയർലെെൻ കമ്പനികളുമായി ആകാശ കടുത്ത മത്സരം നടത്തേണ്ടി വരുന്നതാണ്.
രാകേഷ് ജുൻജുൻവാലയുടെ ബിസിനസ്സ് വൈദഗ്ധ്യവും പണവും ആകാശയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുമെന്ന് ഏവരും കരുതുന്നു. വാഗ്ദാനങ്ങൾ നിറവേറ്റുകയും ചെലവുകൾ കുറയ്ക്കുകയും ചെയ്താൽ കമ്പനിക്ക് നന്നായി പ്രവർത്തിക്കാൻ സാധിച്ചേക്കും. കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകിയാൽ ഉപഭോക്താക്കൾ പുതിയ എയർലൈനിലേക്ക് മാറും. കമ്പനി ഈ പദ്ധതികൾ എല്ലാം തന്നെ എങ്ങനെ നടപ്പാക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. ഇന്ത്യൻ ഏവിയേഷൻ മേഖല കെെയ്യടക്കാൻ ആകാശയ്ക്ക് ആകുമോ? നിങ്ങളുടെ അഭിപ്രായം എന്താണ്?

